| Friday, 14th August 2026, 4:58 pm

ടെസ്റ്റില്‍ ചരിത്രം കുറിക്കാന്‍ പന്ത്; മൂന്ന് പേര്‍ വാഴുന്ന സിംഹാസനത്തില്‍ മൂന്ന് പേരെ വെട്ടാന്‍ വേണ്ടത് വെറും മൂന്ന്...

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്.

പരമ്പരയില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ റിഷബ് പന്താണ്. പരമ്പരയില്‍ ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഒരു ചരിത്ര നേട്ടവും താരത്തിന് സ്വന്തമാക്കാനുള്ള അവസരവും താരത്തിനുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി 100 സിക്‌സുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പന്തിന്റെ മുന്നിലുള്ളത്. ഇതുവരെ 50 ടെസ്റ്റില്‍ 87 ഇന്നിങ്‌സുകളില്‍ നിന്നും 97 സിക്‌സുകളാണ് പന്തിന്റെ അക്കൗണ്ടിലുള്ളത്,

ഇനി മൂന്ന് സിക്‌സുകള്‍ നേടാനായാല്‍ 100 സിക്‌സ് പൂര്‍ത്തിയാക്കാന്‍ പന്തിന് സാധിക്കും. ടെസ്റ്റില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് 100 സിക്‌സുകള്‍ നേടിയിട്ടുള്ളൂ. ബെന്‍ സ്റ്റോക്‌സ്, ബ്രെണ്ടന്‍ മക്കല്ലം, ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടിട്ടുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങള്‍

ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്) – 138

ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലാന്‍ഡ്) – 107

ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ) – 100

ടിം സൗത്തി (ന്യൂസിലാന്‍ഡ്) – 98

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 98

റിഷബ് പന്ത് (ഇന്ത്യ) – 97

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 97

അഫ്ഗാനിസ്ഥാനെതിരെയുള്ള വണ്‍ ഓഫ് ടെസ്റ്റില്‍ പന്ത് മികച്ച പ്രകടനമായിരുന്നു നടത്തിയത്. അഫ്ഗാനെതിരെ 121 പന്തുകള്‍ നേരിട്ട് 81 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സറുകളും ആറ് ഫോറുകളുമാണ് വിക്കറ്റ് കീപ്പര്‍ അടിച്ചെടുത്തത്. ഈ പ്രകടനം ലങ്കക്കെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും ബാറ്റര്‍ സായി സുദര്‍ശനുമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പരിക്ക് കാരണമാണ് താരങ്ങള്‍ പരമ്പരയില്‍ നിന്ന് പുറത്തായത്. അതേസമയം ശ്രീലങ്കയും സൂപ്പര്‍ താരങ്ങളായ പാത്തും നിസങ്കയും കുശാല്‍ മെന്‍ഡിസും ഇല്ലാതെയാണ് കളത്തിലിറങ്ങുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

ശ്രീലങ്ക സ്‌ക്വാഡ്

ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), ലഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, കാമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ദിനേഷ് ചണ്ഡിമല്‍, പസിന്ദു സൂരിയബന്ധാര, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്‌വെല്ല (വിക്കറ്റ് കീപ്പര്‍), രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, കേശര നുവന്ത, മിലന്‍ രത്‌നായകെ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷങ്ക

Content Highlight: Rishabh Pant Need Three Sixes To Create Great Record In Test Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more