| Monday, 11th August 2025, 11:29 am

മൈല്‍സ്റ്റോണ്‍ അലേര്‍ട്ട് 🚨🚨 ചരിത്രത്തില്‍ മൂന്നാമനാകാന്‍ വേണ്ടത് വെറും ആറ്! സഞ്ജു കാതങ്ങളകലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് പുറത്തെടുത്തത്. വിക്കറ്റിന് പിന്നിലും ബാറ്റുകൊണ്ടും തിളങ്ങിയ താരം ഇന്ത്യയുടെ ചരിത്ര നേട്ടങ്ങളില്‍ നിര്‍ണായക സാന്നിധ്യവുമായിരുന്നു.

ഇപ്പോള്‍ തന്റെ കരിയറിലെ സുപ്രധാന നേട്ടത്തിലേക്ക് അടുക്കുകയാണ് റിഷബ് പന്ത്. അന്താരാഷ്ട്ര തരത്തില്‍ 250 ഡിസ്മിസ്സലുകള്‍ പൂര്‍ത്തിയാക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലേക്കാണ് പന്ത് ഓടിയടുക്കുന്നത്. ഇതിനായി താരത്തിന് വേണ്ടതാകട്ടെ വെറും ആറ് ഡിസ്മിസ്സലുകളും.

കരിയറിലെ 154 മത്സരത്തിലെ 177 ഇന്നിങ്‌സില്‍ (ടെസ്റ്റ്+ഏകദിനം+ടി-20ഐ) നിന്നും 244 ഡിസ്മിസ്സലുകളാണ് റിഷബ് പന്തിന്റെ പേരിലുള്ളത്. 217 തവണ ക്യാച്ചിലൂടെയും 27 തവണ സ്റ്റംപിങ്ങിലൂടെയും പന്ത് എതിര്‍ ടീം ബാറ്ററെ പവലിയനിലേക്ക് തിരിച്ചയച്ചു.

ഒരു ഇന്നിങ്‌സില്‍ ആര് താരങ്ങളെ മടക്കിയതാണ് താരത്തിന്റെ മികച്ച പ്രകടനം. ആറും ക്യാച്ചിലൂടെയാണ് വിക്കറ്റ് നേടിയത്. 1.37 ആണ് ഡിസ്മിസ്സല്‍ പെര്‍ ഇന്നിങ്‌സ് റേറ്റ്.

വരും മത്സരങ്ങളില്‍ നിന്നായി ആറ് ഡിസ്മിസ്സലുകള്‍ കൂടി ഇനീഷ്യേറ്റ് ചെയ്യാന്‍ സാധിച്ചാല്‍ 250 ഇന്റര്‍നാഷണല്‍ ഡിസ്മിസ്സല്‍ എന്ന എലീറ്റ് ലിസ്റ്റിലും പന്ത് ഇടം നേടും. ഈ നേട്ടത്തിലെത്തുന്ന 34ാം താരമായും മൂന്നാം ഇന്ത്യന്‍ താരമായുമാണ് പന്ത് ഈ പട്ടികയില്‍ ഇടം പിടിക്കുക.

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ഡിസ്മിസ്സുകള്‍ നടത്തിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – ഡിസ്മിസ്സല്‍ – ക്യാച്ച് | സ്റ്റംപിങ് എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 608 – 829 – 634 | 195

നയന്‍ മോംഗിയ – 616 – 261 – 248 | 13

റിഷബ് പന്ത് – 177 – 244 – 217 | 27

സയ്യിദ് കിര്‍മാണി – 199 – 234 – 187 | 47

കിരണ്‍ മോറെ – 183 – 200 – 173 | 47

ദിനേഷ് കാര്‍ത്തിക് – 80 – 126 – 105 | 21

വൃദ്ധിമാന്‍ സാഹ – 48 – 122 – 109 | 12

പാര്‍ത്ഥിവ് പട്ടേല്‍ – 73 – 112 – 99 | 13

അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കേറ്റ പന്ത് വിശ്രമത്തില്‍ തുടരുകയാണ്. ഏഷ്യാ കപ്പില്‍ താരം മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ ഏഷ്യയുടെ രാജാക്കന്‍മാരാകാന്‍ കച്ചമുറുക്കും. യു.എ.ഇയിലാണ് മത്സരം.

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. പതിവുകള്‍ തെറ്റിക്കാതെ പാകിസ്ഥാനും ഗ്രൂപ്പ് എ-യില്‍ തന്നെയുണ്ട്.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് ആണ് എതിരാളികള്‍. സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ദുബായ് തന്നെയാണ് വേദി.

Content highlight: Rishabh Pant need 6 dismissals to complete 250 dismissals as a wicket keeper in international cricket

We use cookies to give you the best possible experience. Learn more