| Tuesday, 18th August 2026, 4:16 pm

ഗില്‍ക്രിസ്റ്റും മക്കല്ലവുമെല്ലാം ചാരം; വെടിക്കെട്ടില്‍ ഒന്നാമന്‍ പന്ത് തന്നെ!

ശ്രീരാഗ് പാറക്കല്‍

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത പന്ത് ടെസ്റ്റ് കരിയറില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യയ്ക്കായി ഈ വമ്പന്‍ മൈല്‍സ്റ്റോണിലെത്തുന്ന ആദ്യ താരമാണ് റിഷബ് പന്ത്. മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇതുവരെ 100 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു.

ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളെ മറികടന്നാണ് പന്ത് ഈ നേട്ടത്തിലെത്തിയത്. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമായിരിക്കുകയാണ് പന്ത്. ഇതിനെല്ലാം പുറമെ ടെസ്റ്റില്‍ ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സര്‍ നേടുന്ന താരമാകാനും പന്തിന് സാധിച്ചിരിക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)

റിഷബ് പന്ത് (ഇന്ത്യ) – 89

ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ) – 130

ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്) – 151

ബ്രെന്‍ഡന്‍ മക്കല്ലം (ന്യൂസിലാന്‍ഡ്) – 170

അതേസമയം ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ക്കെതിരെ 371 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. ഗല്ലെയില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ 193 റണ്‍സിന് പുറത്തായതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തില്‍ ഇന്ത്യ മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

മത്സരത്തില്‍ മറ്റ് താരങ്ങള്‍ക്ക് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാഞ്ഞപ്പോള്‍ പന്താണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 69 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 66 റണ്‍സ് നേടിയാണ് പന്ത് കൂടാരം കയറിയത്.

ദേവ്ദത്ത് പടിക്കല്‍ ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും 44 റണ്‍സിന് പുറത്താകുകയായിരുന്നു. 75 പന്തില്‍ നിന്ന് ആറ് ഫോര്‍ ഉള്‍പ്പെടെയാണ് പടിക്കല്‍ സ്‌കോര്‍ ചെയ്തത്. താരത്തിന് പുറമെ കെ.എല്‍. രാഹുല്‍ 35 റണ്‍സിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എട്ട് റണ്‍സിനും കൂടാരം കേറി.

Content Highlight: Rishabh Pant In Great Record Achievement In Test Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more