ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ക്കെതിരെ 372 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ഗല്ലെയില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 193 റണ്‍സിന് പുറത്തായതോടെയാണ് ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ ഇന്ത്യ മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ പ്രകടനമാണ് ഇന്ത്യയെ താങ്ങി നിര്‍ത്തിയത്. 69 പന്ത് നേരിട്ട താരം 66 റണ്‍സ് സ്വന്തമാക്കി. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
രണ്ടാം സിക്‌സറിന് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ 100 സിക്‌സര്‍ എന്ന നാഴികക്കല്ലിലെത്താനും റിഷബ് പന്തിന് സാധിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് താരവും ആദ്യ ഇന്ത്യന്‍ താരവുമാണ് പന്ത്.
പന്തിന് മുമ്പേ മറ്റ് മൂന്ന് ഇതിഹാസങ്ങള്‍ നൂറ് ടെസ്റ്റ് സിക്‌സറെന്ന നേട്ടത്തിലെത്തിയിട്ടുണ്ടെങ്കിലും, നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമാണ് പന്ത്.
2018 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ഇടംകയ്യന്‍ ബാറ്റര്‍, താന്‍ നേരിട്ട 4,918ാം പന്തിലാണ് നൂറ് ടെസ്റ്റ് സിക്‌സറുകളെന്ന ചരിത്ര നേട്ടത്തിലെത്തിയത്.
റിഷബ് പന്ത്. Photo: BCCI/x.com
ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള ആദം ഗില്‍ക്രിസ്റ്റിനേക്കാള്‍ 1,660 പന്ത് കുറവ് നേരിട്ടാണ് പന്ത് ഈ നേട്ടത്തിലെത്തിയത് എന്നതും ശ്രദ്ധേയമാണ്.
(താരം – ടീം – നേരിട്ട പന്തുകള്‍ എന്നീ ക്രമത്തില്‍)
റിഷബ് പന്ത് – ഇന്ത്യ – 4,918
ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 6,578
ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 9,042
ബ്രെണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 9,756
മത്സരത്തില്‍ പന്തിന് പുറമെ ദേവ്ദത്ത് പടിക്കിലാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ താരം രണ്ടാം ഇന്നിങ്‌സില്‍ 75 പന്ത് നേരിട്ട് 44 റണ്‍സ് നേടി. കെ.എല്‍. രാഹുല്‍ 35 റണ്‍സുമായി പുറത്തായപ്പോള്‍ മറ്റുള്ളവര്‍ക്കൊന്നും തന്നെ ഇരട്ടയക്കം കാണാനായില്ല.
ശ്രീലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റ് വീഴ്ത്തി. പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍, ലാഹിരു കുമാര രണ്ട് വിക്കറ്റും കേശര നുവാന്ത ശേഷിച്ച വിക്കറ്റും വീഴ്ത്തി.
Content Highlight: Rishabh Pant has become the player to complete 100 Test sixes based on balls faced.