| Thursday, 20th November 2025, 7:47 pm

ഒറ്റ ക്യാപ്റ്റന് പോലും സാധിക്കാത്ത നേട്ടം കയ്യകലത്ത്; ആദ്യ തോല്‍വി സമ്മാനിക്കാന്‍ പന്തിന് സാധിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ നിര്‍ണായകമായ രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ആതിഥേയര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ രണ്ടാം മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പകരം വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തായിരിക്കും ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ക്യാപ്റ്റനായുള്ള പന്തിന്റെ അരങ്ങേറ്റത്തിന് കൂടിയാകും ബര്‍സാപര സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ അവരുടെ സൂപ്പര്‍ ഹീറോ തെംബ ബാവുമയുടെ സ്ട്രീക് തകര്‍ക്കാനുള്ള അവസരവും പന്തിന് മുമ്പിലുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാവുമയെ പരാജയപ്പെടുത്തുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണിത്.

ക്യാപ്റ്റനെന്ന നിലയില്‍ ഒറ്റ ടെസ്റ്റ് പോലും പരാജയപ്പെടാത്ത താരമാണ് തെംബ ബാവുമ. പാറ്റ് കമ്മിന്‍സിന്റെ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ നടന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടക്കം ഇതുവരെ 11 മത്സരത്തില്‍ പ്രോട്ടിയാസിനെ നയിച്ചു. പത്തിലും വിജയം, ഒരു സമനില. വിജയശതമാനം 90.91!

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതോടെ ഏറ്റവും വേഗത്തില്‍ പത്ത് ടെസ്റ്റുകള്‍ വിജയിക്കുന്ന ക്യാപ്റ്റനെന്ന ചരിത്ര നേട്ടവും ബാവുമ സ്വന്തമാക്കി. ഇതിനൊപ്പം 15 വര്‍ഷത്തിന് ശേഷം സൗത്ത് ആഫ്രിക്കയെ ഇന്ത്യയില്‍ ടെസ്റ്റ് വിജയത്തിലേക്ക് നയിക്കാനും ബാവുമയ്ക്ക് സാധിച്ചു.

2010ല്‍ നാഗ്പൂരിലായിരുന്നു ഇതിന് മുമ്പ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ ഇന്ത്യയിലെത്തി തോല്‍പ്പിച്ചുവിട്ടത്. സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡ് ഗ്രെയം സ്മിത്തിന്റെ കീഴിലായിരുന്നു പ്രോട്ടിയാസിന്റെ വിജയം. 2010 ഫെബ്രുവരി ആറ് മുതല്‍ ഒമ്പത് വരെ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും ആറ് റണ്‍സിനുമായിരുന്നു സൗത്ത് ആഫ്രിക്ക ജയിച്ചുകയറിയത്.

ബാവുമയ്ക്ക് കീഴില്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സൗത്ത് ആഫ്രിക്ക ലക്ഷ്യമിടുന്നുണ്ടാകില്ല. ഗുവാഹത്തിയില്‍ തോല്‍ക്കാതെ പിടിച്ചുനിന്നാല്‍ പോലും, അതായത് മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും സന്ദര്‍ശകര്‍ക്ക് പരമ്പര നേടാന്‍ സാധിക്കും. ഇതിനൊപ്പം തന്നെ ബാവുമയുടെ ചരിത്ര നേട്ടവും അതുപോലെ തുടരും.

ബാവുമയുടെ വിന്നിങ് സ്ട്രീക്കിന് വിരാമമിടുകയെന്ന നേട്ടത്തിനൊപ്പം ഇന്ത്യയെ പരമ്പര പരാജയത്തില്‍ നിന്നും കരകയറ്റുകയെന്ന ദൗത്യവും പന്തിനുണ്ടാകും. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്നും ടീമും മാനേജ്‌മെന്റും പാഠം പഠിച്ചിട്ടുണ്ടെങ്കില്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെടാനും ഇന്ത്യയ്ക്ക് സാധിക്കും.

ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്പിന്നിനെ അകമഴിഞ്ഞ് സഹായിക്കുന്ന പിച്ചൊരുക്കിയ ഇന്ത്യ, തങ്ങള്‍ കുഴിച്ച കുഴിയില്‍ സ്വയം കറങ്ങി വീഴുകയായിരുന്നു. ബര്‍സാപര സ്റ്റേഡിയത്തില്‍ ഹോം അഡ്വാന്റേജ് മുതലാക്കാന്‍ സാധിച്ചാല്‍ പരമ്പര സമനിലയിലെത്തിക്കാനും ബാവുമയ്ക്ക് തന്റെ ക്യാപ്റ്റന്‍സി കരിയറിലെ തോല്‍വി സമ്മാനിക്കാനും ആതിഥേയര്‍ക്ക് സാധിക്കും.

Content Highlight: Rishabh Pant has a chance to become the first captain to defeat Themba Bavuma in the Test format.

We use cookies to give you the best possible experience. Learn more