ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിച്ചു. ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന ശക്തമായ നിലയിലാണ്. നിലവിൽ ടീമിന് 118 റൺസ് ലീഡുമുണ്ട്.
കളത്തിൽ ഇറങ്ങിയവരെല്ലാം 50 കടന്നപ്പോൾ ഇന്ത്യ ന്യൂസിലാൻഡിനെതിരെ 400 കടക്കുകയായിരുന്നു. കെ.എൽ രാഹുൽ 136 റൺസ് നേടി നേടി തിളങ്ങിയപ്പോൾ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 98 റൺസിനാണ് മടങ്ങിയത്. രണ്ട് റൺസകലെയാണ് ഗില്ലിന് സെഞ്ച്വറി നഷ്ടമായത്. ഓപ്പണർ യശ്വസി ജെയ്സ്വാൾ 85 റൺസ് നേടിയപ്പോൾ ദേവദത്ത് പടിക്കൽ 80 റൺസും സ്വന്തമാക്കി.
വിക്കറ്റ് കീപ്പർ റിഷബ് പന്ത് പുറത്താവാതെ 55 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്. അഞ്ച് ഫോറുകളും രണ്ട് സിക്സുമാണ് പന്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മത്സരത്തിൽ പന്തിന്റെ ബാറ്റിൽ നിന്നും രണ്ട് സിക്സുകൾ ഗ്യാലറിയിൽ എത്തിയതോടെ ഒരു ചരിത്ര നേട്ടമാണ് പിറന്നത്.
Photo: BCCI/x.com
സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ) ടെസ്റ്റുകളിൽ 50 നേടുന്ന ആദ്യ ഏഷ്യൻ ബാറ്ററായാണ് പന്ത് മാറിയത്. 23 സിക്സുകൾ നേടിയ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
റിഷബ് പന്ത് – 50
സച്ചിൻ ടെൻഡുൽക്കർ – 23
കപിൽ ദേവ് – 21
രോഹിത് ശർമ – 18
രവീന്ദ്ര ജഡേജ – 18
എം.എസ് ധോണി – 17
മുഹമ്മദ് യൂസഫ് – 17
യൂനിസ് ഖാൻ – 17
അതേസമയം ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് 368 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ന്യൂസിലാൻഡ് 368 റൺസിന് ഓൾ ഔട്ട് ആവുമ്പോഴും ക്രീസിൽ അജയ്യനായി നിക്കോൾസ് നിൽക്കുന്നുണ്ടായിരുന്നു.
ആദ്യ ഓവറിൽ ബാറ്റ് ചെയ്യാനെത്തി അവസാന ഓവറിലും ബോളർമാർക്ക് പിടികൊടുക്കാതെ 335 പന്തിൽ നിക്കോൾസ് നേടിയത് 175 റൺസാണ്. നിക്കോളാസിനൊപ്പം ഗ്ലെൻ ഫിലിപ്സും കിവികൾക്ക് വേണ്ടി സെഞ്ച്വറി നേടി. 118 റൺസ് നേടിയാണ് താരം മടങ്ങിയത്.
ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും ആകാശ് ദീപ് മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി.
ഇന്ത്യ പ്ലെയിങ് ഇലവൻ
കെ.എൽ രാഹുൽ, യശസ്വി ജയ്സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറെൽ, ആകാശ് ദീപ്, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ
ടോം ലാതം (ക്യാപ്റ്റൻ), ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി.
Content Highlight: Rishabh Pant create a new history vs SENA countries in test