| Tuesday, 18th August 2026, 10:43 pm

വീഴ്ചയില്‍ താങ്ങിനിര്‍ത്തിയവര്‍; സച്ചിനും ദ്രാവിഡിനും വിരാടിനുമൊപ്പം രണ്ടാമത്, ഒന്നാമത് ഇതിഹാസം

ആദർശ് എം.കെ.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് അവസാനത്തിലേക്കടുക്കുകയാണ്. ഗല്ലെയില്‍ നടക്കുന്ന മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലാണ് ശ്രീലങ്ക.

സ്‌കോര്‍ (നാലാം ദിനം അവസാനിക്കുമ്പോള്‍)

ഇന്ത്യ 462 & 193

ശ്രീലങ്ക 284 & 84/4 (T: 372)

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയോട് അടിവാങ്ങിയ ശ്രീലങ്കന്‍ ബൗളര്‍മാര്‍ രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകരെ ശരിക്കും പരീക്ഷിച്ചു. ഏഴ് താരങ്ങളെയാണ് ലങ്കന്‍ താരങ്ങള്‍ ഇരട്ടയക്കം കാണിക്കാതെ മടക്കിയത്.

സൂപ്പര്‍ താരം റിഷബ് പന്തിന്റെ ചെറുത്തുനില്‍പ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 69 പന്ത് നേരിട്ട താരം 66 റണ്‍സ് നേടി മടങ്ങി. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

റിഷബ് പന്ത്. Photo: BCCI/x.com

75 പന്തില്‍ 44 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലും 47 പന്തില്‍ 35 റണ്‍സടിച്ച കെ.എല്‍. രാഹുലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്നത്.

ഇതോടെ ഒരു ലിസ്റ്റിലും പന്ത് ഇടം നേടി. ടെസ്റ്റില്‍ ഇന്ത്യ 200 റണ്‍സില്‍ താഴെ പുറത്തായ ഇന്നിങ്‌സില്‍ ഏറ്റവുമധികം തവണ ടോപ്പ് സ്‌കോററായ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ പന്തിന് സാധിച്ചു.

ഇത് ഒമ്പതാം തവണയാണ് പന്ത് ഇത്തരത്തില്‍ ഇന്ത്യയുടെ ടോപ്പ് സ്‌കോററാകുന്നത്.

ഇന്ത്യ 200ല്‍ താഴെ ഔട്ടായ ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം തവണ ടോപ്പ് സ്‌കോറര്‍

(താരം – ഇന്നിങ്‌സ് – എത്ര തവണ എന്നീ ക്രമത്തില്‍)

സുനില്‍ ഗവാസ്‌കര്‍ – 35 – 10

റിഷബ് പന്ത് – 26 – 9*

രാഹുല്‍ ദ്രാവിഡ് – 40 – 9

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 41 – 9

വിരാട് കോഹ്‌ലി – 47 – 9

വിജയ് മഞ്ജരേക്കര്‍ – 29 – 6

വി.വി.എസ്. ലക്ഷ്മണ്‍ – 32 – 6

റിഷബ് പന്ത്. Photo: BCCI/x.com

അതേസമയം, അഞ്ചാം ദിവസം ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളും ലങ്കയ്ക്ക് 288 റണ്‍സുമാണ് വിജയത്തിനായി ആവശ്യമുള്ളത്. മത്സരത്തിലുടനീളം വെല്ലുവിളിയായ മോശം കാലാവസ്ഥ അവസാന ദിവസം വീണ്ടും വെല്ലുവിളി ഉയര്‍ത്തുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Content Highlight: Rishabh Pant climbs to 2nd in the list of most top scores where India was all-out below 200 in Tests

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more