ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനം ലോര്‍ഡ്‌സില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 387 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരുന്നു. നിലവില്‍ തുടര്‍ ബാറ്റിങ്ങില്‍ 109 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് ആകാശ് ദീപും (0), 60 പന്തില്‍ 20 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറുമാണ്. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയേയാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടമായത്. 131 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 72 റണ്‍സാണ് ജഡ്ഡു നേടിയത്. തന്റെ 25ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ താരത്തെ ക്രിസ് വോക്‌സാണ് പുറത്താക്കിയത്.
മാത്രമല്ല 177 പന്തില്‍ 13 ഫോര്‍ ഉള്‍പ്പെടെ 100 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് കെ.എല്‍. രാഹുലും മടങ്ങിയത്. തന്റെ 10ാം ടെസ്റ്റ് സെഞ്ച്വറിയാണ് രാഹുല്‍ കുറിച്ചത്. മാത്രമല്ല ലോര്‍ഡ്‌സില്‍ തന്റെ രണ്ടാം സെഞ്ച്വറി നേടാനും താരത്തിന് സാധിച്ചു.
രാഹുലിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 112 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് താരം നേടിയത്. ബെന്‍ സ്റ്റോക്‌സിന്റെ ത്രോയില്‍ ഒരു റണ്‍ ഔട്ടിലാണ് താരം പുറത്തായത്. പുറത്തായെങ്കിലും ഒരു വെടിക്കെട്ട് റെക്കോഡും തൂക്കിയാണ് പന്ത് കളം വിട്ടത്.
ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക വിക്കറ്റ് കീപ്പറാകാനാണ് പന്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ന്യൂസിലാന്‍ഡിന്റെ ടോം ബ്ലണ്ടലിനെ പിന്തള്ളിയാണ് പന്ത് ഒന്നാമനായത്.
റിഷബ് പന്ത് (ഇന്ത്യ) – 416 – 2025 (ഇന്ത്യ – ഇംഗ്ലണ്ട് പര്യടനം)
ടോം ബ്ലണ്ടല്‍ (ന്യൂസിലാന്റ്) – 383 – 2022 (ന്യൂസിലാന്‍ഡ് – ഇംഗ്ലണ്ട് പര്യടനം)
വെയിന്‍ ഫിലിപ്‌സ് (ഓസ്‌ട്രേലിയ) – 350 – 1985 (ആഷസ്)
എം.സ്. ധോണി (ഇന്ത്യ) – 349 – 2014 (ഇന്ത്യ – ഇംഗ്ലണ്ട് പര്യടനം)
91 പന്തില്‍ നിന്ന് 30 റണ്‍സ് നേടി നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യയ്ക്ക് വേണ്ടി ഏറെ നേരം ക്രീസില്‍ നിന്നിരുന്നു. ജഡേജക്കൊപ്പം മികച്ച കൂട്ടുകെട്ടിലാണ് താരം സ്‌കോര്‍ ചലിപ്പിച്ചത്.
മത്സരത്തിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും (13) കരുണ്‍ നായരേയും (40) ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും (16) ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വേക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ഷൊയ്ബ് ബഷീര്‍ എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.
Content Highlight: Rishabh Pant becomes highest run-scorer by a wicketkeeper in a Test series in England