| Monday, 27th October 2025, 7:20 am

മേക്കപ്പിന് ഒരു പരിധിയുമില്ലെന്ന് തെളിയിച്ച് റിഷബ് ഷെട്ടി, ആറ് മണിക്കൂര്‍ കഷ്ടപ്പെട്ട് മായക്കാരനായി മാറുന്ന വീഡിയോ പുറത്തുവിട്ട് കാന്താര ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറായി മാറിയിരിക്കുകയാണ് കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ വണ്‍. ബോക്‌സ് ഓഫീസില്‍ 820 കോടിയിലേറെ നേടി ഇപ്പോഴും ഗംഭീര മുന്നേറ്റമാണ് കാന്താര നടത്തുന്നത്. ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച കഥാപാത്രമായിരുന്നു ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന മായാക്കാരന്‍. കഥയില്‍ പ്രധാന ഇംപാക്ടുണ്ടാക്കിയ കഥാപാത്രമാണ് മായക്കാരന്‍.

നായകനായ റിഷബ് ഷെട്ടി തന്നെയാണ് ഈ കഥാപാത്രത്തെയും അവതരിപ്പിച്ചതെന്ന് അടുത്തിടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ ഈ കഥാപാത്രമായിട്ടുള്ള റിഷബിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആറ് ദിവസങ്ങള്‍ എടുത്താണ് ഈ കഥാപാത്രത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്.

ഓരോ ദിവസവും ആറ് മണിക്കൂറോളം മേക്കപ്പിന് വേണ്ടി മാത്രം മാറ്റിവെച്ചിട്ടാണ് റിഷബ് മായക്കാരനായി മാറിയത്. പ്രോസ്‌തെറ്റിക് മേക്കപ്പ് ധരിച്ച് സീനിനുള്ള എല്ലാം സെറ്റ് ചെയ്ത ശേഷം സംവിധാനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോയ റിഷബിനെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമെല്ലാമാണ് മേക്കപ്പ് ആരംഭിക്കുന്നത്.

പ്രായമുള്ള കഥാപാത്രമാകാന്‍ മുഖത്ത് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്ത റിഷബിന്റെ ശരീരം സി.ജി.ഐ ഉപയോഗിച്ചാണ് മെലിഞ്ഞ രൂപത്തിലേക്ക് മാറ്റിയത്. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാത്ത രീതിയില്‍ കഥാപാത്രത്തെ സ്‌ക്രീനിലെത്തിച്ച ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും പലരും അഭിനന്ദിക്കുന്നുണ്ട്. അടുത്ത ദേശീയ അവാര്‍ഡിലും റിഷബിന്റെ പേര് ഉയര്‍ന്നു കേള്‍ക്കാമെന്നാണ് പലരുടെയും അഭിപ്രായം.

രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് റിഷബ് കാന്താര ചാപ്റ്റര്‍ വണ്‍ പൂര്‍ത്തിയാക്കിയത്. ബെര്‍മെ എന്ന കഥാപാത്രത്തിനായി ബോഡിബില്‍ഡിങ് നടത്തിയതിന്റെയും കളരി പരിശീലിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഒരു സിനിമക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന റിഷബിന്റെ ഡെഡിക്കേഷനാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച.

കര്‍ണാടകയില്‍ നിന്ന് മാത്രം 200 കോടി നേടിയ ആദ്യ ചിത്രമെന്ന നേട്ടം കാന്താര ചാപ്റ്റര്‍ വണ്‍ സ്വന്തമാക്കി. ബാഹുബലി 2, കെ.ജി.എഫ് 2 എന്നീ സിനിമകള്‍ക്ക് ശേഷം അഞ്ച് റീജിയണില്‍ നിന്നും 50 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയ റെക്കോഡും കാന്താരയുടെ പേരിലാണ്. ചിത്രത്തിന്റെ വരും ഭാഗങ്ങള്‍ ഇതിലും ഗംഭീരമാകുമെന്നാണ് കരുതുന്നത്.

Content Highlight: Rishab Shetty’s transformation to Mayakara character video out now

We use cookies to give you the best possible experience. Learn more