ഈ വര്‍ഷത്തെ മികച്ച സിനിമാനുഭവങ്ങളിലൊന്നായിരുന്നു കാന്താര ചാപ്റ്റര്‍ വണ്‍. 2022ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലാണ് ഈ ചിത്രം. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് നായകവേഷം കൈകാര്യം ചെയ്ത കാന്താര ചാപ്റ്റര്‍ വണ്ണാണ് നിലവിലത്തെ ഇയര്‍ ടോപ്പര്‍. ചിത്രത്തെക്കുറിച്ച് അടുത്തിടെ റിഷബ് ഷെട്ടി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബിഹൈന്‍ഡ്‌വുഡ്‌സ് അവാര്‍ഡ് ദാന ചടങ്ങിലാണ് റിഷബ് തന്റെ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. കുട്ടിക്കാലം മുതല്‍ താന്‍ കണ്ടുവളര്‍ന്ന കാര്യമാണ് കാന്താരയില്‍ കാണിച്ചതെന്ന് റിഷബ് പറഞ്ഞു. താന്‍ വലിയൊരു വിശ്വാസിയാണെന്നും കാന്താരയില്‍ ഭൂതക്കോലത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ വളരെ ശ്രദ്ധയോടെയാണ് പല കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹൈന്‍ഡ്‌വുഡ്‌സ് അവാര്‍ഡ് ദാന ചടങ്ങില്‍ റിഷബ് ഷെട്ടി Photo: Screen grab/ Behindwoods
‘ഈ സിനിമയില്‍ കാണിച്ചതെല്ലാം പണ്ടുമുതലേ ഉള്ള കാര്യങ്ങളാണ്. അതില്‍ ഞാനായിട്ട് ഒന്നും സ്‌പെഷ്യലായി കൂട്ടിച്ചേര്‍ത്തിട്ടില്ല. എന്റെ വീട്ടിലെ ദേവസ്ഥാനത്ത് പോയി എന്തൊക്കെയാണോ ചെയ്യാറുള്ളത് അതൊക്കെ തന്നെയാണ് ഈ പടത്തില്‍ കാണിച്ചിട്ടുള്ളത്. കൂടുതലായൊന്നും ചെയ്യേണ്ടി വന്നിട്ടില്ല. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പലരും കുറച്ച് സിനിമാറ്റിക് എലമെന്റ് ചേര്‍ക്കാറുണ്ട്.
എന്നാല്‍ എന്നെ സംബന്ധിച്ച് ഈ ദൈവത്തിന്റെ കാര്യമൊന്നും സിനിമയായിട്ടല്ല അനുഭവപ്പെടുന്നത്. എനിക്ക് പരിചയമുള്ള മുതിര്‍ന്നവരുടെ നിര്‍ദേശങ്ങളെല്ലാം കേട്ടിട്ടാണ് ഓരോ സീനും ഷൂട്ട് ചെയ്തത്. അവരുടെ മാര്‍ഗദര്‍ശനമാണ് ഈ സിനിമക്ക് കൂടുതല്‍ സഹായകമായിട്ടുള്ളത്. ഇങ്ങനെ പല കാര്യങ്ങളും ശ്രദ്ധയോടെയാണ് ചെയ്തത്.
എന്നാല്‍ സിനിമ റിലീസായതിന് ശേഷം ചില കാര്യങ്ങള്‍ ഉണ്ടായി. സിനിമ എന്നത് ഒരു പോപ് കള്‍ച്ചറായതിനാല്‍ അതിനെ പലരും അനുകരിക്കുന്നത് കണ്ടിട്ടുണ്ട്. സ്റ്റേജില്‍ അവതരിപ്പിക്കുന്നത്, റീല്‍സില്‍ കാണിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ എനിക്ക് വല്ലാതെ അസ്വസ്ഥത സമ്മാനിക്കാറുണ്ട്. ഇങ്ങനെയൊന്നും ചെയ്യരുതെന്ന് പലരോടും ഞാന്‍ റിക്വസ്റ്റ് ചെയ്യാറുണ്ട്,’ റിഷബ് ഷെട്ടി പറയുന്നു.
മറ്റെല്ലാ കാര്യങ്ങളും തനിക്ക് കുഴപ്പമില്ലാത്തതാണെന്നും എന്നാല്‍ ഭൂതക്കോലത്തിന്റെ ഭാഗം കുറച്ച് സെന്‍സിറ്റീവാണെന്നും റിഷബ് പറഞ്ഞു. തങ്ങള്‍ക്ക് ഇമോഷണലി കണക്ടാകുന്ന കാര്യമാണ് അതെന്നും താരം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ബോളിവുഡ് താരം രണ്‍വീര്‍ സിങ് പൊതുവേദിയില്‍ കാന്താരയിലെ ഭൂതക്കോലത്തെ അനുകരിച്ചത് വലിയ വിവാദമായിരുന്നു.
ഹിന്ദുത്വ പേജുകളില്‍ നിന്ന് വലിയ സൈബര്‍ അറ്റാക്കായിരുന്നു രണ്‍വീര്‍ നേരിട്ടത്. കാന്താരയിലെ ചാമുണ്ഡിയെ ‘പ്രേതം’ എന്ന് രണ്‍വീര്‍ വിശേഷിപ്പിച്ചതാണ് ഹിന്ദുത്വ പേജുകളെ ചൊടിപ്പിച്ചത്. ഗോവയില്‍ നടന്ന ഐ.എഫ്.എഫ്.ഐയുടെ സമാപന ചടങ്ങിലായിരുന്നു രണ്‍വീര്‍ കാന്താരയെ അനുകരിച്ചത്.
Content Highlight: Rishab Shetty requesting to do not imitate Bhoota kola scenes in Kantara Chapter One