| Friday, 26th September 2025, 8:12 am

ഞാനൊരു തീവ്രഭക്തന്‍, മറ്റുള്ളവര്‍ക്ക് എന്റെ വിശ്വാസം ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്ന് വിശ്വസിക്കുന്നു: റിഷബ് ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റര്‍ വണ്‍. 2022ല്‍ കന്നഡയില്‍ നിന്ന് വന്ന് പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ കാന്താരയുടെ പ്രീക്വലാണ് ചാപ്റ്റര്‍ വണ്‍. ആദ്യ ഭാഗം സംവിധാനം ചെയ്ത് നായകവേഷവും അവതരിപ്പിച്ച റിഷബ് ഷെട്ടി തന്നെയാണ് ചാപ്റ്റര്‍ വണ്ണിന്റെയും അമരക്കാരന്‍. പാന്‍ ഇന്ത്യന്‍ റിലീസ് തന്നെയാണ് ചാപ്റ്റര്‍ വണ്ണിനും.

ഭക്തിയും മിത്തും ചേര്‍ത്ത കഥയായതിനാല്‍ ഷൂട്ടിന്റെ സമയത്ത് റിഷബ് ഷെട്ടി മാംസാഹാരം ഒഴിവാക്കുകയും ചെരുപ്പിടാതെ നടക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഭക്തി ആസ്പദമാക്കിയുള്ള ചിത്രമായതിനാലാണ് റിഷബ് ഇങ്ങനെ ചെയ്തതെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ മുഴുവന്‍ ഷൂട്ടിലും അങ്ങനെയല്ലെന്ന് പറയുകയാണ് റിഷബ് ഷെട്ടി.

‘സിനിമയുടെ ഷൂട്ടിനിടയില്‍ മുഴുവന്‍ അങ്ങനെയല്ല, ചില പ്രത്യേക പോര്‍ഷനുകള്‍ ചിത്രീകരിക്കുമ്പോള്‍ മാത്രമായിരുന്നു ഞാന്‍ നോണ്‍ വെജ് ഒഴിവാക്കിയതും ചെരുപ്പിടാതെ നടന്നതും. പ്രത്യേകിച്ച് ആ ഭൂതക്കോലത്തിന്റെ പോര്‍ഷനിലായിരുന്നു അങ്ങനെ. ആ സീനുകള്‍ സാധാരണ ഷൂട്ട് ചെയ്യുന്നതുപോലെ ചെയ്യാന്‍ എനിക്ക് സാധിക്കില്ല.

മറ്റൊരു കാര്യത്തിലേക്കും എന്റെ ശ്രദ്ധ പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഭക്തിയുമായി ബന്ധപ്പെട്ട പോര്‍ഷന്‍ ശ്രദ്ധയോടെ ഷൂട്ട് ചെയ്യണമെന്ന് തീരുമാനിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട ചിലരെ കൂടെത്തന്നെ നിര്‍ത്തി. അതില്‍ ചെറിയൊരു കുറവ് പോലും ഉണ്ടാകരുതെന്ന് നിര്‍ബന്ധമായിരുന്നു.

1000ത്തിലധികം ആളുകളുള്ള സെറ്റില്‍ നമ്മള്‍ മാത്രം വ്യത്യസ്തമായി പോവുക എന്നത് വലിയൊരു ടാസ്‌കായതുകൊണ്ടാണ് എനിക്ക് വേണ്ടി ഒരു ടീമിനെ കൂടെ നിര്‍ത്തിയത്. ഞാനൊരു തീവ്രഭക്തനാണ്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. പക്ഷേ, അപ്പോഴും മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ പോകാറില്ല. മറ്റുള്ളവര്‍ എന്റെ വിശ്വാസവും ചോദ്യം ചെയ്യില്ലെന്ന് വിശ്വസിക്കുന്നു,’ റിഷബ് ഷെട്ടി പറയുന്നു.

കാന്താരാ ചാപ്റ്റര്‍ വണ്‍ കാണാന്‍ വരുന്നവര്‍ മാംസാഹാരം കഴിക്കരുതെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ അത് വ്യാജമാണെന്നും തങ്ങള്‍ക്ക് അങ്ങനെയൊരു ഉദ്ദേശമില്ലെന്നും സംവിധായകന്‍ റിഷബ് ഷെട്ടി പ്രസ് മീറ്റില്‍ വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടിനാണ് കാന്താര ചാപ്റ്റര്‍ വണ്‍ തിയേറ്ററുകളിലെത്തുക.

Content Highlight: Rishab Shetty explains why he give up non veg during Kantara shoot

We use cookies to give you the best possible experience. Learn more