ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റര്‍ വണ്‍. 2022ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗം അണിയിച്ചൊരുക്കിയ റിഷബ് ഷെട്ടി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും അമരക്കാരന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ കാന്താര കാണുന്നതിന് മുമ്പുള്ള നിര്‍ദേശങ്ങള്‍ എന്ന തരത്തില്‍ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
‘സിനിമ കാണാന്‍ വരുന്നവര്‍ മദ്യപിക്കരുത്, പുകവലിക്കരുത്, മാംസാഹാരം കഴിക്കരുത്’ എന്നായിരുന്നു ഫോട്ടോയിലുണ്ടായിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തങ്ങള്‍ ഇങ്ങനെ ഒരു ചിത്രം പ്രചരിപ്പിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് സംവിധായകന്‍ റിഷബ് ഷെട്ടി രംഗത്തെത്തിയിരുന്നു. വൈറലായ ഫോട്ടോയെക്കുറിച്ച് സംസാരിക്കുകയാണ് റിഷബ് ഷെട്ടി.
‘പടത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടക്കുന്നതിന്റെ ഇടയിലാണ് ആ ഫോട്ടോ എന്റെ ശ്രദ്ധയില്‍ പെട്ടത്. ഞങ്ങളുടെ അതേ ഡിസൈന്‍, അതേ ടെംപ്ലേറ്റ് എല്ലാം കണ്ടപ്പോള്‍ ഞാന്‍ പ്രൊഡക്ഷന്‍ ടീമിനെ വിളിച്ച് ആ ഫോട്ടോയെക്കുറിച്ച് ചോദിച്ചു. നമ്മള്‍ ഇങ്ങനെയൊരു കാര്യം പുറത്തുവിട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അവരുടെ മറുപടി.
പിന്നീട് ടീമിലെ എല്ലാവരോടും അന്വേഷിച്ചപ്പോള്‍ ആര്‍ക്കും ഇതുമായി ഒരു ബന്ധവുമില്ലെന്ന് അറിഞ്ഞു. പടത്തിനോടുള്ള ആരാധന മൂത്ത് ഏതോ ഒരുത്തന്‍ തുടങ്ങിയ പേജാണ് കാന്താര പര്‍വ. ഞങ്ങളും ആ പേജുമായി യാതൊരു ബന്ധവുമില്ല. ആദ്യമൊക്കെ മൈന്‍ഡ് ചെയ്യാതെ വിട്ടു. പക്ഷേ, ഈ ഫോട്ടോ വൈറലായപ്പോള്‍ എല്ലാവരും ഞങ്ങള്‍ക്കെതിരെ തിരിയാന്‍ തുടങ്ങി.
ഇത് ഫേക്കാണ്, ഞങ്ങള്‍ പുറത്തുവിട്ടതല്ല, എന്നൊക്കെ ആവുന്ന തരത്തില്‍ പറഞ്ഞുനോക്കി. പക്ഷേ, സത്യത്തെക്കാള്‍ വേഗത്തില്‍ നുണകള്‍ സഞ്ചരിക്കുമെന്ന് ഇപ്പോള്‍ മനസിലായി. പ്രൊമോഷന് ചെല്ലുന്നിടത്തെല്ലാം ആ വ്യാജവാര്‍ത്തയെക്കുറിച്ച് വിശദീകരിക്കുകയാണ് ഇപ്പോഴത്തെ പ്രധാന ജോലി. സിനിമ കാണാന്‍ വരുന്നവര്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’ റിഷബ് ഷെട്ടി പറയുന്നു.
ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലും സ്‌കെയിലിലുമാണ് കാന്താര ചാപ്റ്റര്‍ വണ്‍ ഒരുങ്ങുന്നത്. മൂന്ന് വര്‍ഷത്തോളം സമയമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. 200 കോടി ബജറ്റിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം രുക്മിണി വസന്താണ് നായിക. മലയാളികളുടെ സ്വന്തം ജയറാമും കാന്താരയില്‍ വേഷമിടുന്നത് ഐമാക്‌സ് ഫോര്‍മാറ്റിലടക്കം ചിത്രം ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും.
Content Highlight: Rishab Shetty about the viral photo spread in social media