| Thursday, 23rd October 2025, 5:43 pm

ലാലേട്ടന്‍ അങ്ങനെ ചെയ്താല്‍ അടുത്ത ഷോട്ട് അടിപൊട്ടുമെന്ന് നമുക്ക് ഉറപ്പാണ്, അമിതാഭ് ബച്ചനോട് റിഷബ് ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ ഗെയിം ഷോയായ കോന്‍ ബനേഗ ക്രോര്‍പതിയില്‍ കഴിഞ്ഞദിവസം കന്നഡ താരം റിഷബ് ഷെട്ടി മത്സരാര്‍ത്ഥിയായി എത്തിയത് വലിയ വാര്‍ത്തയായിരുന്നു. മുണ്ടുടുത്ത് വന്ന റിഷബ് അത് മടക്കിക്കുത്തി മോഹന്‍ലാലിന്റെ ഡയലോഗ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഷോയുടെ ഇടയില്‍ മോഹന്‍ലാലും അമിതാഭ് ബച്ചനും തമ്മില്‍ നടന്ന സംഭാഷണവും പ്രേക്ഷക ശ്രദ്ധ നേടി.

ഗെയിമിനിടെ മോഹന്‍ലാലിനെക്കുറിച്ച് റിഷബ് പറയുന്ന ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. ചെറുപ്പത്തില്‍ താന്‍ ഒരുപാട് മലയാള സിനിമകള്‍ കണ്ടിട്ടുണ്ടായിരുന്നെന്നും മോഹന്‍ലാലിന്റെ ചില സിനിമകള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് പ്രചോദനമായ നടന്മാരില്‍ ഒരാള്‍ മോഹന്‍ലാലായിരുന്നെന്നും അദ്ദേഹം പറയുന്നു.

‘ആക്ഷന്‍ സീനുകളില്‍ പോലും ലാല്‍ സാര്‍ എന്തെങ്കിലും വ്യത്യാസം കൊണ്ടുവരാറുണ്ട്. എല്ലാവരും അവരുടേതായ എന്തെങ്കിലും ഒരു പ്രത്യേകത ആക്ഷന്‍ സീനിന് മുമ്പ് ചെയ്യും. ബച്ചന്‍ സാറൊക്കെ ആക്ഷന്‍ സീനിലെ പുലിയാണല്ലോ. പക്ഷേ, ലാല്‍ സാറിന്റെ ഫൈറ്റ് സീന്‍ കാണാന്‍ പ്രത്യേക രസമാണ്. ആക്ഷന് മുമ്പുള്ള ഡയലോഗില്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് ശ്രദ്ധിക്കേണ്ടതാണ്.

ഡയലോഗ് പറയുന്നതിനിടക്ക് തന്നെ സിമ്പിളായി അദ്ദേഹം മുണ്ട് മടക്കി കുത്താറുണ്ട്. അത് കാണുമ്പോള്‍ തന്നെ അടുത്ത് തന്നെ അടി പൊട്ടുമെന്ന് നമുക്ക് മനസിലാകും. അത് കാണാന്‍ നല്ല രസമാണ്. എനിക്ക് അത് എപ്പോള്‍ കണ്ടാലും രോമാഞ്ചമാണ്. അത്രക്ക് അമ്പരപ്പിച്ചിട്ടുണ്ട് ലാല്‍ സാറിന്റെ ഫൈറ്റ് സീനുകള്‍,’ റിഷബ് ഷെട്ടി പറയുന്നു.

മുണ്ട് മടക്കിക്കുത്തി മോഹന്‍ലാലിന്റെ സ്‌റ്റൈലില്‍ ‘എന്താ മോനേ ദിനേശാ’ എന്ന് പറഞ്ഞുകൊണ്ടാണ് റിഷബ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. കോന്‍ ബനേഗ ക്രോര്‍പതിയുടെ ദീപാവലി സ്‌പെഷ്യല്‍ എപ്പിസോഡിലായിരുന്നു താരം മത്സരിച്ചത്. റിഷബിന്റെ ഏറ്റവും പുതിയ ചിത്രമായ കാന്താര ചാപ്റ്റര്‍ വണ്ണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് താരം മത്സരത്തില്‍ പങ്കെടുത്തത്.

2022ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്. കര്‍ണാടകയില്‍ നിന്ന് മാത്രം 200 കോടി നേടുന്ന ആദ്യ ചിത്രമായി കാന്താര ചാപ്റ്റര്‍ വണ്‍ മാറി. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 750 കോടിയും കടന്ന് മുന്നോട്ടു കുതിക്കുകയാണ് ചിത്രം. ഛാവായെ മറികടന്ന് ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമായി കാന്താര ചാപ്റ്റര്‍ വണ്‍ മാറുമോയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Rishab Shetty about Fight scenes of Mohanlal

We use cookies to give you the best possible experience. Learn more