| Wednesday, 24th September 2025, 6:07 pm

കാന്താരക്ക് വേണ്ടി കുടുംബത്തെയും കുട്ടികളെയും കണ്ടിട്ടില്ലെന്ന് റിഷബ് ഷെട്ടി, ലോകേഷും ഇത് തന്നെയാണ് പറഞ്ഞതെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താരാ ചാപ്റ്റര്‍ വണ്‍. കെ.ജി.എഫിനെ തകര്‍ത്ത് കര്‍ണാടകയില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടി. 16 കോടിയിലൊരുങ്ങിയ ചിത്രം 400 കോടിക്ക് മുകളിലായിരുന്നു കളക്ഷന്‍ നേടിയത്. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രം ദേശീയ അവാര്‍ഡ് വേദിയിലും തിളങ്ങി.

ചിത്രത്തിന്റെ പ്രീക്വലെന്ന തരത്തില്‍ തുടര്‍ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കാന്താര ചാപ്റ്റര്‍ വണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ആദ്യ ഭാഗത്തെക്കാള്‍ വലിയ സ്‌കെയിലിലും ബജറ്റിലുമാണ് ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നായകനുമായ റിഷബ് ഷെട്ടി.

ഷൂട്ടിനിടെ പലതവണ താന്‍ മരണത്തെ മുഖാമുഖം കണ്ടിരുന്നെന്ന് റിഷബ് ഷെട്ടി പറഞ്ഞു. എന്നാല്‍ ഏതോ ഒരു ദിവ്യശക്തിയാണ് തന്നെ സംരക്ഷിച്ച് നിര്‍ത്തിയതെന്നും അതിനോട് താന്‍ കടപ്പെട്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് റിഷബ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതേ വേദിയില്‍ താരം പറഞ്ഞ മറ്റൊരു വാക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

‘അഞ്ച് വര്‍ഷമാണ് കാന്താരക്ക് വേണ്ടി ഞാന്‍ മാറ്റിവെച്ചത്. ആദ്യഭാഗത്തിന് വേണ്ടി രണ്ട് വര്‍ഷവും ചാപ്റ്റര്‍ വണ്ണിന് വേണ്ടി മൂന്ന് വര്‍ഷവും ചെലവാക്കി. ഈ സമയത്തൊന്നും കുടുംബത്തെയും കുട്ടികളെയും ഞാന്‍ കണ്ടിട്ടില്ല. അവരെയെല്ലാം ഷൂട്ടിന്റെ സമയത്ത് വല്ലാതെ മിസ് ചെയ്യുമായിരുന്നു,’ റിഷബ് ഷെട്ടി പറഞ്ഞു.

എന്നാല്‍ ഇതേ ഡയലോഗ് തന്നെയാണ് കൂലിയുടെ പ്രൊമോഷന്‍ സമയത്ത് ലോകേഷ് കനകരാജ് പറഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം. കൂലി എന്ന ചിത്രത്തിന് വേണ്ടി ജീവിതത്തിലെ രണ്ട് വര്‍ഷം താന്‍ മാറ്റിവെച്ചെന്നും കുടുംബത്തെ കാണാനുള്ള സമയം ലഭിച്ചില്ലെന്നുമായിരുന്നു ലോകേഷ് പറഞ്ഞത്. റിഷബും ഇതേ കാര്യമായിരുന്നു പ്രൊമോഷന് ആവര്‍ത്തിച്ചത്.

വന്‍ ഹൈപ്പിലെത്തിയിട്ടും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ചതുപോലെ തിളങ്ങാന്‍ കൂലിക്ക് സാധിച്ചില്ല. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ലോകേഷ് വലിയ രീതിയില്‍ വിമര്‍ശനത്തിന് വിധേയനായി. ഇതേ അവസ്ഥ കാന്താരക്കും റിഷബിനും വരാതിരിക്കട്ടെയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒക്ടോബര്‍ രണ്ടിനാണ് കാന്താര 2 തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Rishab Sheety’s statement about Kantara Chapter One viral in social media

We use cookies to give you the best possible experience. Learn more