ഇന്ത്യന്‍ ബാറ്റര്‍ ഋഷഭ് പന്ത് 2022 ഡിസംബര്‍ 30ന് നടന്ന വാഹനാപകടത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും കുറച്ചുകാലത്തേക്ക് വിട്ടുനിന്നിരുന്നു.
ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഋഷഭ് പന്ത് 2024 ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുമെന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്.
‘അടുത്ത സീസണ്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി പന്ത് കളിക്കും. അവനിപ്പോള്‍ പ്രാക്ടീസിന് ഇറങ്ങില്ല എന്നാല്‍ നവംബര്‍ 11 വരെ പന്ത് ഇവിടെയുണ്ടാകും. ടീമിന്റെ ക്യാപ്റ്റന്‍ അവനായതിനാല്‍ വരാനിരിക്കുന്ന ലേലത്തെകുറിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തി,’ ഗാംഗുലി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
പന്ത് കൊല്‍ക്കത്തയിലെ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലനക്യാമ്പില്‍ ചേര്‍ന്നു. എന്നാല്‍ അദ്ദേഹം പരിശീലന ക്യാമ്പില്‍ സജീവമായിരുന്നു. സമ്പൂര്‍ണ്ണ ശാരീരിക ക്ഷമത കൈവരിക്കുന്നതിനായി പന്ത് കാല്‍മുട്ടിന്റെ സ്ട്രാപ്പുകളൊന്നും ധരിച്ചിരുന്നില്ല എന്നുമാണ് ഇന്ത്യ ടുഡേ പറയുന്നത്.
2024 ജനുവരിയില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്ത് ഇടം നേടിയേക്കും.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ വിദേശപര്യടനങ്ങളില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന താരമാണ് പന്ത്. പല സമ്മര്‍ദ ഘട്ടങ്ങളിലും മധ്യനിരയില്‍ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ ഋഷഭിന് സാധിച്ചിട്ടുണ്ട്.
ഇന്ത്യക്കായി 56 ടെസ്റ്റ് ഇന്നിങ്സുകളില്‍ നിന്നും 2271 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. ഏകദിന ഫോര്‍മാറ്റിനെക്കാളും ടി-20 യേക്കാളും കൂടുതല്‍ ആവറേജ് താരത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. 43.7% ആണ് താരത്തിന്റെ ടെസ്റ്റ് ശരാശരി.
ഇന്ത്യക്കായി 2022 ഡിസംബര്‍ 22ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു പന്തിന്റെ അവസാന ടെസ്റ്റ് മത്സരം. താരത്തിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ഉറപ്പാണ്.
ഐ.പി.എല്ലില്‍ 98 മത്സരങ്ങളില്‍ നിന്നും 2838 റണ്‍സാണ് പന്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.
കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സ് 14 മത്സരങ്ങളില്‍ നിന്നും വെറും 5 മത്സരങ്ങളില്‍ മാത്രമാണ് വിജയിച്ചത്. അവര്‍ക്ക് പോയിന്റ് ടേബിളിന്റെ ഒന്‍പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാൻ സാധിച്ചത്. പഴയ ക്യാപ്റ്റന്റെ മടങ്ങി വരവ് ടീമിനും ആരാധകര്‍ക്കും പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
Content Highlight: Rishab pant back to cricket after the accident injury.