| Monday, 9th September 2013, 4:32 pm

റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍. തൃശ്ശൂര്‍ പുതുക്കാട് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ പത്തിനാണ് ജയാനന്ദന്‍ ജയില്‍ ചാടിയത്.

സെല്ലില്‍ തലയിണയും തുണിയും ഉപയോഗിച്ച് ഡമ്മികള്‍ ഉണ്ടാക്കിയായിരുന്നു ജയാനന്ദനും പ്രകാശനും തടവ് ചാടിയത്.[]

ജൂണ്‍ പത്തിന് റിപ്പര്‍ ജയാനന്ദനും സഹതടവുകാരന്‍ പ്രകാശനും കൂടിയാണ് ജയില്‍ ചാടിയത്. തൃശൂര്‍ നെല്ലായിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇരട്ടകൊലപാത കേസ് ഉള്‍പ്പെടെ ഏഴ് കൊലക്കേസുകളിലും 14 കവര്‍ച്ചാ കേസുകളിലും പ്രതിയാണ് ജയാനന്ദന്‍.
തൃശ്ശൂര്‍ മാള പള്ളിപ്പുറം ചെന്തുരത്തിയില്‍ കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍ എന്നാണ് മുഴുവന്‍ പേര്. ഏറെ നാളായി പോലീസ് ഇരുവര്‍ക്കുമായി തിരച്ചിലിലായിരുന്നു.

നേരത്തേ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ജയില്‍ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അന്നും ഡമ്മികള്‍ ഉണ്ടാക്കിവെച്ചാണ് ജയാനന്ദന്‍ മറ്റൊരാള്‍ക്കൊപ്പം ജയില്‍ ചാടിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴും ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു.

സുരക്ഷ കണക്കിലെടുത്താണ് പൂജപ്പുരയിലെ പ്രത്യേക സെല്ലിലേക്ക് ഇയാളെ മാറ്റിയത്.

2004 ഒക്ടോബര്‍ മൂന്നിന് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് കളപ്പുരക്കല്‍ സഹദേവന്‍, ഭാര്യ നിര്‍മല എന്നിവരെ കൊന്നു കവര്‍ച്ച നടത്തിയ കേസ്സില്‍ ജയാനന്ദനെ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു.

2004 മാര്‍ച്ച് 28ന് മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ, മരുമകള്‍ ഫൗസിയ എന്നിവരെ കൊന്ന കേസ്സിലും സി.ബി.ഐ. കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു.

പുത്തന്‍വേലിക്കര നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ബേബിയെ (ദേവകി 51) 2006 ഒക്‌ടോബര്‍ ഒന്നിനു പുലര്‍ച്ചെ ഒരു മണിക്കു കൊലപ്പെടുത്തിയ കേസിലാണു മാള പള്ളിപ്പുറം ചെന്തുരുത്തി കുറുപ്പുംപറമ്പില്‍ ജയാനന്ദന്‍ (റിപ്പര്‍ ജയന്‍) വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടത്.

തെക്കന്‍ കേരളത്തില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുണ്ട്. ഒരിക്കല്‍ ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരന്നു ഗുഹയാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.

അബ്കാരിക്കേസുകളിലും മോഷണക്കേസുകളിലും ശിക്ഷ അനുഭവിക്കുന്നയാളാണ് ജയില്‍ചാടിയ പ്രകാശന്‍.

Latest Stories

We use cookies to give you the best possible experience. Learn more