| Wednesday, 22nd October 2025, 12:29 pm

10 വയസുകാരിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അഭയാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു; ഡബ്ലിനില്‍ കലാപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡബ്ലിന്‍: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അഭയാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡബ്ലിനില്‍ കലാപം. അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന സഗാര്‍ട്ടിലെ ഹോട്ടലിന് പുറത്താണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ആറ് പേരെ ഐറിഷ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ (ചൊവ്വ) രാത്രിയോടെയാണ് സംഭവം. ഡബ്ലിനിലെ സിറ്റിവെസ്റ്റ് ഹോട്ടലിന് സമീപത്തായി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയുമായിരുന്നു. പ്രതിഷേധക്കാര്‍ പൊലീസ് വാന്‍ കത്തിച്ചതായും പടക്കങ്ങള്‍ പൊട്ടിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡബ്ലിനില്‍ നടന്നത് സമാധാനപരമായ ഒരു പ്രതിഷേധമായിരുന്നില്ലെന്ന് പൊലീസ് കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു. സംഭവത്തില്‍ തിങ്കളാഴ്ചയും ഡബ്ലിനില്‍ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രതിഷേധം സമാധാനപരമായിരുന്നു. പക്ഷേ ഇന്നലെയുണ്ടായ പ്രതിഷേധത്തെ ‘ഗുണ്ടാ ആക്രമണം’ എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും ജസ്റ്റിന്‍ കെല്ലി പ്രതികരിച്ചു.

പൊലീസിനെതിരായ അക്രമം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു. ഡബ്ലിനിലെ കലാപത്തെ ഭയാനകമെന്നാണ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വിശേഷിപ്പിച്ചത്. പൊതുജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഹാരിസ് പറഞ്ഞു.

‘സമാധാനപരമായ പ്രതിഷേധം നമ്മുടെ ജനാധിപത്യത്തിന്റെ ഒരു മൂലക്കല്ലാണ്. അക്രമം എന്നാല്‍ അങ്ങനെയല്ല,’ നീതിന്യായ/കുടിയേറ്റ മന്ത്രി ജിം ഒ’കല്ലഗന്‍ പറഞ്ഞു. ചിലര്‍ മനഃപൂര്‍വം ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റകൃത്യത്തെ ആയുധമാക്കുന്നുവെന്നും ഐറിഷ് മന്ത്രി പറഞ്ഞു.

സഗാര്‍ട്ടിലെ ഹോട്ടലിന് സമീപം 10 വയസുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു 26 വയസുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതുവരെ ഇയാളുടെ ഐഡന്റിറ്റി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

പ്രതിയെ ചോദ്യം ചെയ്ത വരികയാണെന്ന് അധികൃതർ അറിയിച്ചു. ലൈംഗികാതിക്രമത്തില്‍ അഭയാര്‍ത്ഥിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഡബ്ലിന്‍ കേന്ദ്രീകരിച്ച് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

Content Highlight: Riot erupts in Dublin after asylum seeker accused of abusing ten-year-old girl

We use cookies to give you the best possible experience. Learn more