| Monday, 23rd February 2026, 7:11 pm

അഭിഷേകിനെയും സഞ്ജുവിനെയും ക്രൂശിക്കുമ്പോള്‍ നൈസായി സ്‌കൂട്ടാകുന്ന ഫിനിഷര്‍; വെടിക്കെട്ടില്ല, വെറും പുക മാത്രം

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മോശം ബാറ്റിങ് പ്രകടനം പിറവിയെടുത്ത മത്സരമായിരുന്നു സൂപ്പര്‍ 8ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെറും 111 റണ്‍സിന് പുറത്തായി 76 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്.

ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെടുകയായിരുന്നു. പതിവിന് വിപരീതമായി ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തിയപ്പോള്‍ അഭിഷേക് ശര്‍മയും തിലക് വര്‍മയും നിരാശപ്പെടുത്തുന്ന പതിവ് നിര്‍ബാധം തുടര്‍ന്നു. ക്യാപ്റ്റന്‍ സൂര്യയ്ക്കും ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. മിഡില്‍ ഓര്‍ഡറില്‍ ശിവം ദുബെയുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ അഭിഷേക് ശര്‍മയും തിലക് വര്‍മയും ബെഞ്ചിലിരിക്കുന്ന സഞ്ജു പോലും വിമര്‍ശനങ്ങളേറ്റുവാങ്ങുമ്പോള്‍, മോശം പ്രകടനം തുടരുമ്പോഴും ആരാധകര്‍ക്കിടയില്‍ അധികം ചര്‍ച്ചയാകാതെ പോകുന്ന പേരുണ്ട്, റിങ്കു സിങ്.

റിങ്കു സിങ്.

കഴിഞ്ഞ മത്സരങ്ങളിലേതെന്ന പോലെ താരം ഇത്തവണയും നിരാശപ്പെടുത്തി. സില്‍വര്‍ ഡക്കായാണ് റിങ്കുവിന്റെ മടക്കം. കേശവ് മഹാരാജിന്റെ പന്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഫിനിഷറുടെ റോളാണെങ്കിലും ഒരിക്കല്‍പ്പോലും ഇംപാക്ട് ഉണ്ടാകുന്ന ഇന്നിങ്‌സ് താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതുവരെ ഇന്ത്യ കളിച്ച അഞ്ച് മത്സരത്തിലും കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും ഇരട്ടയക്കം കണ്ടത് ഒരിക്കല്‍ മാത്രം, അതും 11 റണ്‍സ്!

അസോസിയേറ്റ് ടീമുകള്‍ക്കെതിരെ പോലും ചെറുത്തുനില്‍ക്കാന്‍ സാധിക്കാത്ത റിങ്കു സിങ്, ഇന്ത്യന്‍ നിരയിലെ വീക്ക് ലിങ്കുകളില്‍ പ്രധാനിയാണ്.

അഞ്ച് മത്സരത്തില്‍ നിന്നുമായി നേരിട്ടത് 29 പന്തുകള്‍, നേരിട്ടതാകട്ടെ വെറും 24 റണ്‍സും!. ശരാശരി 8.00, സ്‌ട്രൈക് റേറ്റാകട്ടെ 82.75 മാത്രവും. മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തന് ലോകകപ്പില്‍ ഇനിയും താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നത് നിരാശ സമ്മാനിക്കുന്ന വസ്തുതയാണ്.

2026 ടി-20 ലോകകപ്പില്‍ റിങ്കു സിങ്

vs യു.എസ്.എ – 6 (14)

vs നമീബിയ – 1 (6)

vs പാകിസ്ഥാന്‍ – 141* (4)

vs നെതര്‍ഡലന്‍ഡ്‌സ് – 6* (3)

vs സൗത്ത് ആഫ്രിക്ക – 0 (2)

റിങ്കു സിങ്ങും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും

മത്സരത്തില്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെയും വെടിക്കെട്ട് വീരന്‍മാരായ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരുടെയും പ്രകടനത്തിന്റെ ബലത്തിലാണ് പ്രോട്ടിയാസ് മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മില്ലര്‍ 35 പന്തില്‍ 63 റണ്‍സ് നേടിയപ്പോള്‍ ബ്രെവിസ് 29 പന്തില്‍ 49 റണ്‍സും സ്റ്റബ്‌സ് 24 പന്തില്‍ പുറത്താകാതെ 44 റണ്‍സും നേടി.

ഇന്ത്യന്‍ നിരയില്‍ ശിവം ദുബെ 37 പന്തില്‍ 42 റണ്‍സുമായി ടീമിന്റെ ടോപ്പ് സ്‌കോററായി. 17 പന്തില്‍ 18 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഫെബ്രുവരി 26നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ രണ്ടാം മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വേയാണ് എതിരാളികള്‍.

Content Highlight: Rinku Singh’s poor performance continues

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more