ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചതിന് പിന്നാലെ സ്‌ക്വാഡില്‍ തന്റെ സ്ഥാനം അടിവരയിടുന്ന പ്രകടനവുമായി സൂപ്പര്‍ താരം റിങ്കു സിങ്. ഉത്തര്‍പ്രദേശ് ടി-20 ലീഗില്‍ ഗൊരഖ്പൂര്‍ ലയണ്‍സിനെതിരെ മീററ്റ് മാവറിക്‌സിന് വേണ്ടി സെഞ്ച്വറി നേടിയാണ് റിങ്കു സിങ് തിളങ്ങിയത്.
48 പന്തില്‍ പുറത്താകാതെ 108 റണ്‍സാണ് മാവറ്ക്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ റിങ്കു സിങ് അടിച്ചെടുത്തത്. ഏഴ് ഫോറും ആകാശം തൊട്ട എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 225.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു റിങ്കുവിന്റെ പ്രകടനം.
റിങ്കുവിന്റെ കരുത്തില്‍ മാവറിക്‌സ് അനായാസം വിജയിച്ചുകയറുകയും ചെയ്തു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗൊരഖ്പൂര്‍ ലയണ്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. ആദ്യ ഓവറില്‍ തന്നെ ആര്യന്‍ ജുയാലിനെ നഷ്ടപ്പെട്ട ശേഷമായിരുന്നു ലയണ്‍സിന്റെ മികച്ച തിരിച്ചുവരവ്.
രണ്ടാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റന്‍ ധ്രുവ് ജുറെലും ആകാശ്ദീപ് നാഥും ലയണ്‍സ് ഇന്നിങ്‌സിന് അടിത്തറയൊരുക്കി. 16 പന്തില്‍ 23 റണ്‍സ് നേടിയ ആകാശ്ദീപ് നാഥിനെ മടക്കി യാഷ് ഗാര്‍ഗാണ് കൂട്ടുകെട്ട് പൊളിച്ചത്.
ടീം സ്‌കോര്‍ 82ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ജുറെലിനെയും ലയണ്‍സിന് നഷ്ടമായി. 38 റണ്‍സുമായി ക്രീസില്‍ തുടരവെ സീഷന്‍ അന്‍സാരിയുടെ പന്തില്‍ എതിര്‍ ടീം ക്യാപ്റ്റന്‍ റിങ്കു സിങ്ങിന് ക്യാച്ച് നല്‍കിയായിരുന്നു ജുറെല്‍ പുറത്തായത്.
ആറാം നമ്പറിലിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത നിഷാന്ത് കുഷ്വന്തും (24 പന്തില്‍ 37) 14 പന്തില്‍ പുറത്താകാതെ 25 റണ്‍സുമായി ശിവം ശര്‍മയും ചെറുത്തുനിന്നതോടെ ലയണ്‍സ് 167ലെത്തി.
മാവറിക്‌സിനായി വിശാല്‍ ചൗധരിയും വിജയ് കുമാറും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. സീഷന്‍ അന്‍സാരി രണ്ട് വിക്കറ്റെടുത്തപ്പോള്‍ യാഷ് ഗാര്‍ഗാണ് ശേഷിച്ച താരത്തെ മടക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മാവറിക്‌സിന് തുടക്കം പാളിയിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ദുബെ 11 റണ്‍സിനും സ്വാസ്തിക് ചികാര പത്ത് റണ്‍സിനും മടങ്ങി. മൂന്ന്, നാല് നമ്പറുകളിലിറങ്ങിയ ഇംപാക്ട് പ്ലെയര്‍ ഋതുരാജ് ശര്‍മയും മാധവ് കൗശിക്കും ഒറ്റയക്കത്തിനാണ് പുറത്തായത്. ഇതോടെ എട്ട് ഓവറില്‍ 38 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് മാവറിക്‌സ് കൂപ്പുകുത്തി.
എന്നാല്‍ അഞ്ചാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ റിങ്കുവിന്റെ വെടിക്കെട്ടിന് ലയണ്‍സിന് ഉത്തരമുണ്ടായിരുന്നില്ല. മറുവശത്ത് എസ്. യുവരാജ് സിങ്ങിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി റിങ്കു ബാറ്റില്‍ നിന്നും കൊടുങ്കാറ്റഴിച്ചുവിട്ടു. അഞ്ചാം വിക്കറ്റില്‍ 130 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ഇരുവരും മാവറിക്‌സിനെ വിജയത്തിലെത്തിച്ചു. 22 പന്തില്‍ പുറത്താകാതെ 22 റണ്‍സാണ് യുവരാജ് സിങ് നേടിയത്.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനും മീററ്റ് മാവറ്കിസിന് സാധിച്ചു. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റാണ് ടീമിനുള്ളത്.
നാളെയാണ് മാവറിക്‌സിന്റെ അടുത്ത മത്സരം. കരണ്‍ ശര്‍മയുടെ കാശി രുദ്രാസാണ് എതിരാളികള്‍.
Content highlight: Rinku Singh’s explosive batting performance in UP T20 League