| Wednesday, 13th May 2026, 11:29 pm

സാക്ഷാല്‍ ധോണി വാഴുന്ന ലിസ്റ്റില്‍ കാര്‍ത്തിക്കിനൊപ്പം റിങ്കു; ത്രില്ലര്‍ ഹിറ്റിങ്ങില്‍ ഇവനും!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് (റായ്പൂര്‍) മത്സരം.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബൗളിങ്ങായിരുന്നു തെരഞ്ഞെടുത്തത്. നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

ടീമിന് വേണ്ടി കിടിലന്‍ ബാറ്റിങ് പ്രകടനം നടത്തിയത് അങ്കൃഷ് രഘുവംശിയാണ്. 46 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐ.പി.എല്‍ സ്‌കോറാണിത്. സീസണില്‍ നാലാമത്തെ അര്‍ധസെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്.

ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്‍ഔട്ട് ആകുകയായിരുന്നു താരം. രഘുവംശിക്ക് പുറമെ മിന്നും പ്രകടനം നടത്തിയത് റിങ്കു സിങ്ങാണ്. 29 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 49 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലും താരം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ എട്ടാമനാകാനാണ് റിങ്കുവിന് സാധിച്ചത്. സാക്ഷാല്‍ എം.എസ്. ധോണി വാഴുന്ന ലിസ്റ്റില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പമാണ് റിങ്കു ഈ റെക്കോഡ് പങ്കിടുന്നത്.

ഐ.പി.എല്ലില്‍ 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്നവര്‍ (പന്തുകള്‍)

എം.എസ്. ധോണി – 72 (347)

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 33 (189)

രവീന്ദ്ര ജഡേജ – 33 (202)

ഹര്‍ദിക് പാണ്ഡ്യ – 32 (135)

ഡേവിഡ് മില്ലര്‍ – 25 (122)

രോഹിത് ശര്‍മ – 23 (91)

മാര്‍ക്കസ് സ്റ്റോയിനിസ് – 22 (84)

റിങ്കു സിങ് – 20 (78)*

ദിനേശ് കാര്‍ത്തിക് – 20 (136)

കാമറൂണ്‍ ഗ്രീന് രഘുവംശിക്കൊപ്പം 32 റണ്‍സ് നേടി ടീം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, റാസിക് സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

പവര്‍പ്ലേയില്‍ ഫിന്‍ അലനെ 18 റണ്‍സിന് ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെയെ 19 റണ്‍സിന് ഹേസല്‍വുഡ്ഡും കൂടാരം കയറ്റി.

അതേസമയം നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് നേടിയത്. 15 റണ്‍സിന് ജേക്കബ് ബെഥേലിനെ നഷ്ടമായെങ്കിലും നിലവില്‍ 37 റണ്‍സ് നേടി വിരാട് കോഹ്‌ലിയും 23 റണ്‍സ് നേടി ദേവ്ദത്ത് പടിക്കലുമാണ് ക്രീസിലുള്ളത്.

Content Highlight: Rinku Singh In Great IPL Record List

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more