വിരലിടുന്ന മോതിരം അപകടകാരിയാവുന്നതെങ്ങനെ? കാര്യം അത്ര നിസ്സാരമല്ല. അതുകൊണ്ടാവണം വിദേശരാജ്യങ്ങളിലെ ആശുപത്രികളില്‍ രോഗികളെ പരിചരിക്കുമ്പോള്‍ എല്ലാ നഴ്സുമാരുടെയും കൈകളിലുണ്ടാവുന്ന വാച്ച്, മോതിരം,ബ്രേസ്ലറ്റ് എന്നിവ നിര്‍ബദ്ധമായും മാറ്റിവക്കണമെന്ന് നിര്‍ദ്ദേശമുള്ളത്. ആഭരണങ്ങളുടെ കാര്യത്തില്‍ ആശുപത്രികളില്‍ ഇത്ര സൂക്ഷ്മമായ നിബദ്ധനകള്‍ കൈകൊള്ളുന്നതിന് കുറേയധികം കാരണങ്ങളുണ്ട്.
കേവലം ഒരു ആഭരണമായ മോതിരം ഒന്നിലധികം ആളുകളുടെ വായിലിടുന്ന ചില ചടങ്ങുകള്‍ കാണേണ്ടിവരുന്ന സാഹചര്യത്തിലാണ് ഇതു പറയേണ്ടിവരുന്നത്. ഈ മോതിരവും വാച്ചുമെല്ലാം അത്ര നിസാരക്കാരല്ല. അവ ധരിച്ച് നിങ്ങള്‍ ആളുകളുമായി ഇടപെഴകിയാല്‍ ചിലപ്പോള്‍ അതുവഴി അവരിലേക്ക് കടക്കുന്നത് അപകടകാരികളായ ബാക്ടീരിയകളായിരിക്കും.
ഒരു സ്വര്‍ണ്ണ മോതിരം കൊണ്ട് മാത്രം എബോളയടക്കമുള്ള മാരകമായ രോഗങ്ങള്‍ വരെ പടര്‍ന്നേക്കാം. കൈകളിലെ ആഭരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. ശൗചക്രിയകള്‍ ചെയ്യുമ്പോള്‍ ഇടതുകയ്യിലെ മോതിരത്തിലേക്ക് പല തരത്തിലുള്ള ബാക്ടീരിയകളാണ് വന്നെത്തുന്നത്.
ഇത്തരം മോതിരങ്ങള്‍ ധരിച്ചു കൊണ്ട് കുട്ടികളുമായി ഇടപെഴകുന്ന സാഹചര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. ഒരു കുട്ടിയുടെ വായിലിട്ട മോതിരം മറ്റൊരു കുട്ടിയുടെ വായിലിടാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കിലും രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിങ്ങള്‍ക്കു വേണമെങ്കില്‍ ചോദിക്കാം സ്വര്‍ണ്ണം ആന്റി-ബാക്റ്റീരിയല്‍ അല്ലേ എന്ന്.അതെ. ഗോള്‍ഡ് നാനോപാര്‍ട്ടിക്കുകള്‍ ആന്റി-ബാക്റ്റീരിയല്‍ ആണ്, എന്നാല്‍ സ്വര്‍ണ്ണ ലോഹം കൊണ്ട് ഉണ്ടാക്കിയ മോതിരം, ചെറിയ തോതില്‍ ആന്റി-ബാക്റ്റീരിയല്‍ സ്വഭാവം കാണിക്കുമെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതിനു ബാക്റ്റീരിയകളെയോ, വൈറസുകളെയോ പ്രതിരോധിക്കാന്‍ കഴിയില്ല.
ടെക്സസിലെ ദ ഹാര്‍ട്ട് ഹോസ്പിറ്റല്‍ ബെയ്ലര്‍ പ്ലാനോയിലെ ഒരു കൂട്ടം നഴ്സുമാര്‍ 2016ല്‍ നടത്തിയ ഗവേഷണത്തില്‍ സ്വര്‍ണ്ണമോതിരത്തില്‍ ഹാനികരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 20% സ്വര്‍ണ്ണമോതിരങ്ങളിലും നോണ്‍ഫെര്‍മന്റേറ്റീവ് ഗ്രാം നെഗറ്റീവ് , എന്ററോ ബാക്ടീരിയസീ തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളാണ് അടങ്ങിയിരിക്കുന്നത്.