| Friday, 23rd January 2026, 11:53 pm

ഇതൊക്കെ ലാലേട്ടന്‍ 40 വര്‍ഷം മുമ്പ് വിട്ടതാ; ചത്താ പച്ചക്ക് പിന്നാലെ ചര്‍ച്ചയായി മോഹന്‍ലാലിന്റെ ആ ഗുസ്തി പടം

അശ്വിന്‍ രാജേന്ദ്രന്‍

വലിയ ഹൈപ്പിന് ശേഷം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി മികച്ച മുന്നേറ്റം നടത്തുന്ന ചിത്രമാണ് അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ച. റിങ്ങ് ഗുസ്തിയെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം ലോകപ്രശസ്ത റെസ്‌ലിങ്ങ് ഷോയായ ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയിരുന്നത്. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Photo: Malayalam Romantic Hits

ചത്താ പച്ച പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായതോടെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാവുന്നത് മോഹന്‍ലാല്‍ നായകനായി 1985 ല്‍ പുറത്തിറങ്ങിയ ജീവന്റെ ജീവന്‍ എന്ന ചിത്രമാണ്. ജെ.വില്ല്യംസ് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ അവസാന ഭാഗത്ത് റിങ് ഫൈറ്റില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ജയന്‍ എതിരാളിയെ അടിച്ചിടുന്ന രംഗമാണ് സിനിമാ പേജുകളില്‍ വൈറലാവുന്നത്.

സിനിമയിലെത്തുന്നതിന് മുമ്പ് ഗുസ്തിയില്‍ സ്റ്റേറ്റ് ചാമ്പ്യനായ താരം തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ അഭിനയിക്കുന്ന ചിത്രമാണ് ജീവന്റെ ജീവന്‍. കിലുക്കം സിനിമയില്‍ സമര്‍ ഖാനെന്ന ദാദയായെത്തുന്ന നടന്‍ ശരത് സക്‌സേനയുടെ വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ റിങ്ങിനുള്ളില്‍ നേരിടുന്നത്. ചടുലമായ നീക്കങ്ങളിലൂടെയും മെയ് വഴക്കത്തിലൂടെയും എതിരാളിയെ തറപറ്റിക്കുന്ന താരത്തിന്റെ കഥാപാത്രത്തെ ആവേശത്തോടെയാണ് പുതിയ തലമുറയിലെ സിനിമാ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

ചത്താ പച്ചയില്‍ പഴയ ഗുസ്തിതാരമായ ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന കഥാപാത്രമായി സൂപ്പര്‍ താരം മമ്മൂട്ടി കാമിയോ റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ താരത്തിന്റെ വേഷവിധാനത്തെയും ഡയലോഗ് ഡെലവെറിയെയും പരിഹസിച്ചു കൊണ്ട് ഒരുപാട് ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിക്ക് പകരം ഗുസ്തി ചാമ്പ്യനായ മോഹന്‍ലാലിനെ കൊണ്ടുവന്നിരുന്നെങ്കില്‍ കൂടുതല്‍ ഇംപാക്ട് കൊണ്ടുവരാന്‍ കഴിയുമെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.

എന്നാല്‍ ചത്താ പച്ചയില്‍ മമ്മൂട്ടിയുടെ കഥാപാത്രം മോശമാവാന്‍ കാരണം താരമല്ലെന്നും സംവിധായകന്‍ ബുള്ളറ്റ് വാള്‍ട്ടറിനെ അവതരിപ്പിച്ച രീതി പാളിപ്പോയതാണെന്നും പറഞ്ഞുകൊണ്ട് താരത്തിന് പ്രതിരോധവുമായി മറ്റൊരു കൂട്ടരും രംഗത്തുണ്ട്. ഡബ്യൂ.ഡബ്യൂ.ഇ ഇതിഹാസ താരവും ഹാള്‍ ഓഫ് ഫെയിമറുമായ അണ്ടര്‍ടേക്കറിന്റെ അമേരിക്കന്‍ ബാഡ് ആസ്സ് പെര്‍സോണയെ അനുകരിച്ചു കൊണ്ടാണ് വാല്‍ട്ടറിന്റെ കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ താരത്തിന്റെതായി പറയത്തക്ക സംഘട്ടന രംഗങ്ങളൊന്നും ഇല്ലെന്നതും പ്രേക്ഷകരെ നിരാശരാക്കിയിട്ടുണ്ട്.

Photo: T series

എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്ഷന്‍ സീക്വന്‍സുകളാണ് ചത്താ പച്ചയില്‍ സ്റ്റണ്ട് മാസ്റ്ററായ കലൈ കിങ്ങസണ്‍ ഒരുക്കിയിരിക്കുന്നത്. ഡബ്ല്യൂ.ഡബ്ല്യൂ.ഇ യിലെ പ്രശസ്ത ഫിനിഷിങ്ങ് മൂവുകളായ ഫ്രോഗ് സ്പ്ലാഷ്, ചോക്ക് സ്ലാം, ആര്‍.കെ.ഒ തുടങ്ങിയവയെല്ലാം മികച്ച രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഷിഹാന്‍ ഷൗക്കത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍, റോഷന്‍ മാത്യൂ, ഇഷാന്‍ ഷൗക്കത്ത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ശങ്കര്‍-ഇഹ്‌സാന്‍-ലോയി കോംബോ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്.

Content Highlight: Ring fight scene from 1985 released Mohanlal movie jeevante jeevan got viral in social media after chatha pacha release

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more