| Wednesday, 12th June 2019, 6:19 pm

നിപ കാലത്തെ തൊഴിലാളികള്‍ക്ക് വേണ്ടി റിമ കല്ലിങ്കല്‍; സര്‍ക്കാര്‍ അടിയന്തിരമായി സമരത്തിന് പരിഹാരം കാണണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപാ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ച ശുചീകരണ തൊഴിലാളികളുടെ സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നടി റിമ കല്ലിങ്കല്‍. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ.

വൈറസ് സിനിമയുടെ ഷൂട്ടിംഗിനിടെ സമരമുണ്ടായിരുന്നതായി അറിഞ്ഞിരുന്നെന്നും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി പോകാനിരുന്നപ്പോള്‍ സമരം ഒത്തുതീര്‍ന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്നും റിമ പറഞ്ഞു.

റിമയുടെ വാക്കുകളിലേക്ക്,

തീര്‍ച്ചയായും അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണം. വൈറസ് സിനിമയില്‍ ജോജുവിന്റെ കഥാപാത്രം പറയുന്നത് എത്ര വലിയ അപകടത്തിന്റെ മുന്നിലും അവര്‍ ആലോചിക്കുന്നത് ഒരു സര്‍ക്കാര്‍ ജോലിയാണ് സ്ഥിരമായാല്‍ രക്ഷപ്പെടും എന്നാണ്. അങ്ങനെ വിശ്വസിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ് ഇവിടെ ഏറ്റവും കൂടുതലുള്ളത്.

ലിനിയെക്കുറിച്ച് തന്നെ ഈയിടെ ഒരു നഴ്‌സ് എഴുതിയത് കണ്ടിരുന്നു. ഞങ്ങളെ മാലാഖയെന്നൊക്കെ വിളിച്ച് വളരെ ഡിവൈനായി വെക്കേണ്ട. ഞങ്ങള്‍ ജീവിക്കുന്ന സാഹചര്യം മനസിലാക്കി, വേതനം കൂട്ടിത്തരണമെന്ന് പറയുമ്പോള്‍ ഞങ്ങളെ കൂടെ നില്‍ക്കാതെ ഞങ്ങളെ മാലാഖമാര്‍ എന്ന് വിളിച്ചിട്ട് കാര്യമില്ല. തീര്‍ച്ചയായും സാധാരണക്കാരായ മനുഷ്യരുടെ കൂടെ നില്‍ക്കാന്‍ തന്നെയാണ് അവരുടെ പോരാട്ടങ്ങളുടെ കൂടെ തന്നെയാണ് എന്നും, അതിനുവേണ്ടി സര്‍ക്കാരിനോട് സംസാരിക്കുന്ന കലാകാരന്‍മാരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും എന്നും.


നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്ത ശുചീകരണ തൊഴിലാളികള്‍ മെയ് 27 മുതല്‍ അനിശ്ചിത കാല സമരത്തിലാണ്. ഇത് സംബന്ധിച്ച വാര്‍ത്ത നേരത്തെ ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിപ കാലത്ത് മെഡിക്കല്‍ കോളജില്‍ ജോലിചെയ്തിരുന്ന താത്കാലിക ജീവനക്കാര്‍ പിരിച്ചു വിടലിനെ തുടര്‍ന്ന് ജനുവരി നാലിനാണ് ആദ്യഘട്ട സമരം ആരംഭിച്ചിരുന്നത്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം


നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജീവനക്കാരെല്ലാം ഭീതി മൂലം മാറിനിന്നപ്പോള്‍ പ്രതിസന്ധിയിലായ ആരോഗ്യ മേഖലയെ പിടിച്ചു നിര്‍ത്തിയത് അന്ന് ജോലി ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്ന ഈ 45 ജീവനക്കാരാണ്.

Latest Stories

We use cookies to give you the best possible experience. Learn more