| Saturday, 18th October 2025, 12:41 pm

ഊതിക്കാച്ചിയാൽ തിളങ്ങുന്ന പെണ്ണ്

ശരണ്യ ശശിധരൻ

ഊതിക്കാച്ചിയാൽ തങ്കം പോലെ തിളങ്ങുന്ന പൊന്നാണ് റിമ. എന്നാൽ ആ നടിയെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. അതിന് പല കാരണങ്ങൾ ഉണ്ടാകാം… അവരുടെ നിലപാടുകൾ ഉൾപ്പെടെ…

നിദ്രയിലും 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലും നാം കണ്ടതാണ് റിമയുടെ പെർഫോമൻസ്. രണ്ടുചിത്രങ്ങൾക്കും റിമ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി. അതിലേക്ക് ചേർത്ത് വെക്കാവുന്ന അടുത്ത ചിത്രമാണ് തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡും നടി സ്വന്തമാക്കിയിട്ടുണ്ട്. ഏവരാലും ഒറ്റപ്പെടുത്തുമ്പോഴും അഭിനയം എന്ന കഴിവ് കൊണ്ട് തല ഉയർത്തിപ്പിടിച്ച് നിൽക്കുകയാണ് റിമ.

കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് റിമ തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി എന്ന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെങ്ങിലേക്കും പ്ലാവിലേക്കും വലിഞ്ഞ് കയറുന്ന മീര ഏവരെയും അതിശയിപ്പിക്കും. എല്ലാ ജോലികളും ഒറ്റക്കാണ് അവർ ചെയ്യുന്നത്.

വെല്ലുവിളികൾ ഏറ്റെടുക്കാൻ മീരയെപ്പോലെ തന്നെ റിമയ്ക്കും ഇഷ്ടമാണ്. ചിത്രത്തിന് വേണ്ടി മാത്രമാണ് തെങ്ങിൽ കയറാൻ അവർ പഠിച്ചത്.

അമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന, കല്യാണം പോലും വേണ്ടെന്ന് വെച്ച് ജീവിക്കുന്ന കഥാപാത്രമാണ് റിമ അവതരിപ്പിച്ച മീര. സ്‌നേഹിച്ച പുരുഷനെ അമ്മയ്ക്ക് വേണ്ടി ഉപേക്ഷിക്കേണ്ടി വന്ന മീരയ്ക്ക് എന്നാൽ, ലൈംഗിക താത്പര്യങ്ങളും ഉണ്ട്. സ്‌കൂളിൽ പഠിക്കുമ്പോൾ സ്വന്തം അധ്യാപകനിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നതിന്റെ ഷോക്ക് ഉറക്കത്തിൽ കാണുന്ന സ്വപ്‌നമായി ഇപ്പോഴും അവളെ ബാധിക്കുന്നുണ്ട്.

ഒരു കാലത്ത് പ്രതാപത്തോടെ ജീവിച്ചിരുന്ന കുടുംബം എന്നാൽ പിൽക്കാലത്ത് സർപ്പദോഷം കിട്ടി (എന്ന് നാട്ടുകാർ പറയുന്ന) ഒന്നുമില്ലാതായി പോകുന്നു. എന്നാൽ അമ്മ മാത്രമുള്ള പേരുകേട്ട വിഷവൈദ്യ കുടുംബത്തിലെ അവസാന വേരായ മീര, അമ്മയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നത്.

ആരോരുമില്ലാത്ത ഒരു റോഡ് പോലുമില്ലാത്ത ഒറ്റപ്പെട്ട തുരുത്തിൽ ആരും ആശ്രയത്തിനില്ലാതെ ജീവിക്കുമ്പോഴും ആരെയും ആശ്രയിക്കാതെയാണ് ജീവിക്കുന്നത്. തേങ്ങ വിറ്റും, ചക്ക വിറ്റുമൊക്കെ ഉപജീവിതം കഴിക്കുന്ന അവൾ അതിധീരമായി തന്റെ അവസ്ഥയെ നേരിടുന്നുണ്ട്.

എന്നാൽ അപ്രതീക്ഷിതമായി വരുന്ന അസുഖം അവളുടെ സ്വകാര്യതകളെ ബാധിക്കുമ്പോൾ ഒന്നും ചെയ്യാനാകാതെ നിസ്സഹായയായി പോകുന്നുണ്ട്. തുരുത്താണ് ലോകമെന്നും സർപ്പങ്ങൾ എല്ലാം ശരിയാക്കും എന്ന അന്ധവിശ്വാസത്തിൽ ജീവിക്കുന്ന അമ്മയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് മീര. വേദനയിൽ പുളയുമ്പോഴും ‘അമ്മ മരുന്ന് കഴിച്ചോ, ഭക്ഷണം കഴിച്ചോ’ എന്ന ചോദ്യവും അമ്മയോടുള്ള കരുതൽ കാണിക്കുന്നുണ്ട്.

എല്ലാ ഭാവങ്ങളെയും അതുപോലെ ഫീൽ ചെയ്യിപ്പിക്കാൻ റിമയ്ക്ക് സാധിച്ചുവെന്നതാണ് ആ സിനിമയുടെ ഏറ്റവും വലിയ വിജയം. എന്തിനേറെ പറയുന്നു, സിനിമ കണ്ടിറങ്ങുമ്പോൾ റിമയ്ക്ക് പകരം എന്നൊന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം മീരയെ നമ്മൾ ഏറ്റെടുക്കും.

ഫിസിക്കലി വെല്ലുവിളി നേരിടുന്ന കഥാപാത്രമായിരുന്നിട്ടും ഇത് താൻ ഏറ്റെടുത്തത് ഇത്തരം ഫീമെയിൽ കഥാപാത്രം ഇനി കിട്ടാൻ പ്രയാസമായതുകൊണ്ടാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടമായ റിമയ്ക്ക് ഇനിയും ഇത്തരം ശക്തമായ കഥാപാത്രങ്ങൾ കിട്ടട്ടേ… വേണ്ട വിധത്തിൽ ഇൻഡസ്ട്രി അവരെ ഉപയോഗിക്കട്ടേ…

Content Highlight: Rima Kallingal Perfomance in Theatre The Myth Of Reality

ശരണ്യ ശശിധരൻ

ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം

We use cookies to give you the best possible experience. Learn more