| Tuesday, 25th September 2012, 5:35 pm

കോഴിക്കോട്ടെ 'ഉമ്മച്ചിക്കുട്ടി'യായി റിമ കല്ലിങ്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്ക് നവതരംഗം സമ്മാനിച്ച 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ്സ എബ്രഹാമിനുശേഷം മുസ്‌ലീം  പെണ്‍കുട്ടിയായി റിമ എത്തുന്നു. ജി.എസ് വിജയന്റെ “ബാവൂട്ടിയുടെ നാമത്തില്‍” എന്ന ചിത്രത്തിലാണ് റിമ മുസ്‌ലീം പെണ്‍കുട്ടിയായി വേഷമിടുന്നത്. പൂര്‍ണ്ണമായും കോഴിക്കോട് ചിത്രീകരിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് രഞ്ജിത്താണ്. []

ചിത്രത്തില്‍ ബാവൂട്ടി എന്ന കേന്ദ്രകഥാപാത്രത്തെ മമ്മൂട്ടിയായിരിക്കും അവതരിപ്പിക്കുന്നത്. കാവ്യാമാധവനും ശങ്കര്‍ രാമകൃഷ്ണനും മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യും.

മലബാറിലെ ഒരു സാധാരണ മുസ്‌ലീം കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മുസ്‌ലീം പൈണ്‍കുട്ടികളുടെ കഥയുമായി വന്ന വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് വന്‍ വിജയമായിരുന്നു. “ഉമ്മച്ചിക്കുട്ടിയെ സ്‌നേഹിക്കുന്ന നായര്‍ ചെക്കന്റെ” കഥ എന്നായിരുന്നു തട്ടത്തിന്‍ മറയത്തിന്റെ മുഖ വാചകം. മുസ്‌ലീം പ്രവാസിയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഗദ്ദാമ, പെരുമഴക്കാലം മുതാലായ സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്കു ശേഷമാണ് വിനീതിന്റെ തട്ടത്തിന്‍ മയത്ത് എത്തിയത്. ജി.എസ്.വിജയന്റെ “ബാവൂട്ടിയുടെ നാമത്തി”ലും ഇത്തരത്തില്‍ ഒരു കഥാപാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഒരേരീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാതിരിക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും എന്നാല്‍ സംവിധായകര്‍ അത് ശ്രദ്ധിക്കാറില്ലെന്നും റിമ പറഞ്ഞു. “വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് കഴിയും, എല്ലാ സിനിമകളിലും താന്‍ വ്യത്യസ്ത രീതിയിലുള്ള വേഷങ്ങളാണ് ചെയ്തത്. അതുകൊണ്ടാണ് താനിപ്പോള്‍ മറ്റ് സിനിമകളൊന്നും ചെയ്യാന്‍ തീരുമാനിക്കാത്തത്” റിമ പറഞ്ഞു.

ബാവൂട്ടിയുടെ നാമത്തിലില്‍ നൂര്‍ജ്ജഹാന്‍ എന്ന കഥാപാത്രമായിരിക്കും താന്‍ ചെയ്യുകയെന്നും അത് തന്റെ കരിയറിലെ മറ്റൊരു ബ്രെയ്ക്കാവുമെന്നും റിമ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more