| Monday, 6th October 2025, 3:06 pm

ലോകഃ വിജയിച്ചതിന്റെ ക്രെഡിറ്റ് അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുള്ളതാണ്, പക്ഷേ അതിനുള്ള സ്‌പെയ്‌സ് ഉണ്ടാക്കിയത് ഞങ്ങള്‍: റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട എക്കാലത്തെയും വലിയ വിജയമായി മാറിയിരിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. മോഹന്‍ലാലിന്റെ തുടരും, എമ്പുരാന്‍ എന്നീ സിനിമകളുടെ കളക്ഷന്‍ റെക്കോഡാണ് കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം തകര്‍ത്തത്. ചിത്രം 100 കോടി നേടിയതിന് പിന്നാലോ സമൂഹമാധ്യമങ്ങളില്‍ ചില ചര്‍ച്ചകളും അരങ്ങേറിയിരുന്നു.

ചലച്ചിത്രതാരം നൈല ഉഷ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ലോകഃയുടെ റിലീസിന് മുമ്പ് മലയാളത്തില്‍ സ്ത്രീകള്‍ക്ക് മാസ് സിനിമകള്‍ ലഭിക്കുന്നില്ലെന്ന് ദര്‍ശന രാജേന്ദ്രന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോകഃയുടെ വിജയത്തില്‍ ദര്‍ശനക്കും പാര്‍വതിക്കും പങ്കുണ്ടെന്നും അവര്‍ക്കും ക്രെഡിറ്റ് നല്‍കണമെന്നായിരുന്നു നൈലയുടെ പോസ്റ്റ്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നൈലയുടെ പോസ്റ്റിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് നടി റിമ കല്ലിങ്കല്‍. ലോകഃയുടെ വിജയം അതിന്റെ ക്രൂവിനും സംവിധായകന്‍ ഡൊമിനിക് അരുണിനും അവകാശപ്പെട്ടതാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഡൊമിനിക്കിനെ തനിക്ക് കുറച്ചുകാലമായി അറിയാമെന്നും അയാളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ലോകഃയുടെ വിജയമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ആ ടീമിന്റെ വിജയത്തില്‍ നിന്ന് ഒന്നും എടുത്തുകൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇതുപോലുള്ള സംഭാഷണങ്ങള്‍ ഉണ്ടാകാനും അത് ആളുകളിലെത്താനുമുള്ള ഒരു സ്‌പെയ്‌സ് ഈയടുത്താണ് ഉണ്ടായത്. ഞങ്ങള്‍ സംസാരിച്ചതുകൊണ്ട് മാത്രമല്ല അങ്ങനെയൊരു സ്‌പെയ്‌സ് ലഭിച്ചത്. ഞങ്ങള്‍ സംസാരിച്ചു, അതിനെതിരെ മറ്റ് ആളുകള്‍ സംസാരിച്ചു. അങ്ങനെയാണ് പലരിലേക്കും ഇങ്ങനെയൊരു വിഷയം എത്തിപ്പെട്ടത്.

ലോകഃ പോലെ ഒരു സിനിമയുടെ വിജയം പറഞ്ഞുവെക്കുന്ന കാര്യമെന്താണെന്ന് വെച്ചാല്‍ സിനിമാ ഇന്‍ഡസ്ട്രി ഒരു ജെന്‍ഡറിന്റെയും സ്വന്തമല്ല. അത് ഇപ്പോള്‍ കുറച്ചുകൂടി വ്യക്തമായി. പ്രേക്ഷകര്‍ മികച്ച സിനിമക്കും കണ്ടന്റിനും വേണ്ടിയാണ് കാത്തിരിക്കുന്നത്. ആര് അഭിനയിച്ചാലും ഇവിടുത്തെ പ്രേക്ഷകര്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കും,’ റിമ കല്ലിങ്കല്‍ പറയുന്നു.

മലയാളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്ക് പലപ്പോഴും തിരിച്ചടികള്‍ നേരിടുന്നുണ്ടെന്നും താരം പറഞ്ഞു. നായികാപ്രാധാന്യമുള്ള സിനിമയാണെന്നറിയുമ്പോള്‍ പല നിര്‍മാതാക്കളും സിനിമയുടെ ബജറ്റ് കുറക്കുന്ന പ്രവണതയാണെന്നും അത് സിനിമയെ ബാധിക്കാറുണ്ടെന്നും റിമ കല്ലിങ്കല്‍ കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘പ്രേക്ഷകരോട് നമുക്ക് ഇതൊന്നും പറയാനാകില്ലല്ലോ. ‘സ്ത്രീ പ്രാധാന്യമുള്ള സിനിമയായതുകൊണ്ട് ബജറ്റ് കുറവായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ വിചാരിച്ചതുപോലെ സിനിമ ചെയ്യാന്‍ സാധിച്ചില്ല’ എന്ന് പറഞ്ഞാല്‍ ഓഡിയന്‍സിന് അത് അംഗീകരിക്കാന്‍ പറ്റില്ല. അവര്‍ കൊടുക്കുന്ന ടിക്കറ്റ് റേറ്റ് ഒരുപോലെയാണ്. അതുകൊണ്ട് പ്രേക്ഷകരെ കുറ്റം പറയാനാകില്ല,’ റിമ കല്ലിങ്കല്‍ പറഞ്ഞു.

Content Highlight: Rima Kallingal about the success of Lokah movie and Nyla Usha’s post

We use cookies to give you the best possible experience. Learn more