| Wednesday, 8th October 2025, 8:21 am

ലോകഃ വിജയിച്ചതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ എടുക്കുന്നതല്ല, ഞങ്ങള്‍ ആഗ്രഹിച്ച മാറ്റത്തിന്റെ തുടക്കമാണിത്: റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2025ലെ രണ്ടാമത്തെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഫീമെയില്‍ ലീഡ് ചിത്രം ഇന്‍ഡസ്ട്രിയിലെ ഏറ്റവുമയുര്‍ന്ന കളക്ഷന്‍ നേടുന്നത് ഇതാദ്യമായാണ്. ചിത്രം വിജയിച്ചതിന്റെ ക്രെഡിറ്റ് ആര്‍ക്കാണെന്ന കാര്യത്തില്‍ പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നടക്കുകയാണ്. ഇത് സംബന്ധിച്ച് നൈല ഉഷയുടെ പോസ്റ്റും പിന്നാലെ റിമ കല്ലിങ്കലിന്റെ അഭിമുഖവുമെല്ലാം വൈറലായിരുന്നു.

എന്നാല്‍ ലോകഃയുടെ ക്രെഡിറ്റ് തങ്ങള്‍ എടുക്കുന്നില്ലെന്ന് പറയുകയാണ് റിമ കല്ലിങ്കല്‍. താനടക്കമുള്ള ഒരുകൂട്ടം ആളുകള്‍ ആഗ്രഹിച്ച മാറ്റത്തിന്റെ തുടക്കമാണിതെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. സിനിമാലോകത്ത് ഭാവിയില്‍ ജെന്‍ഡര്‍ എന്ന സംഗതി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും താരം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു റിമ കല്ലിങ്കല്‍.

‘ഇത് വലിയൊരു മാറ്റമാണ്. നൂറ് കൊല്ലമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വിശ്വസിച്ചിരുന്ന ഒരു സ്ഥലത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് അഡ്രസ് ചെയ്യാന്‍ ഞങ്ങളെപ്പോലെ കുറച്ചുപേര്‍ മുന്നിട്ടിറങ്ങി. ആരും അതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അതിനോട് പൊരുത്തപ്പെടാന്‍ എല്ലാവര്‍ക്കും കുറച്ചു സമയമെടുത്തു. പ്രേക്ഷകര്‍ ഞങ്ങളുടെ കൂടെ നില്‍ക്കുകയും ചെയ്തു.

ഫിലിം കോണ്‍ക്ലേവ് തന്നെ അതിന്റെ ഫലമായി വന്നതാണ്. എല്ലാം കലങ്ങിത്തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ മനസിലാക്കി ഇന്‍ഡസ്ട്രിയിലും അതിന്റെ പ്രതിഫലനം ഉണ്ടാകുന്നത് കാണാന്‍ സാധിക്കും. ഇനി അതിന്റെയെല്ലാം മാറ്റങ്ങള്‍ നമുക്കിടയിലുണ്ടാകുമെന്ന് ഉറപ്പാണ്. ലോകഃയുടെ വിജയം അത്തരത്തിലൊരു മാറ്റമാണ്. എന്നുവെച്ച് ആ സിനിമയുടെ വിജയത്തില്‍ ഞങ്ങള്‍ ഭാഗമാവുകയല്ല.

ഇത്തരം മാറ്റങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. വിരാട് കോഹ്‌ലിയുടെ അതിവേഗ സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ത്തത് ഒരു സ്ത്രീയാണ്. കൃത്യമായ പ്ലാറ്റ്‌ഫോമും സപ്പോര്‍ട്ടും കിട്ടിക്കഴിഞ്ഞാല്‍ ജെന്‍ഡര്‍ എന്ന വേര്‍തിരിവ് വേണ്ടിവരില്ല എന്നുള്ള സ്‌പേസിലേക്ക് നമ്മള്‍ വളരും. കേരളം എന്ന സ്‌പേസില്‍ നില്‍ക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നത്. വേറെ ഒരു ഇന്‍ഡസ്ട്രിയിലും ഇങ്ങനെയൊരു സംസാരത്തിന് അവസരം ലഭിക്കില്ല’ റിമ കല്ലിങ്കല്‍ പറയുന്നു.

ലോകഃ 100 കോടി നേടിയതിന് പിന്നാലെ നൈല ഉഷ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ലോകഃയുടെ വിജയം ദര്‍ശനയുടെയും പാര്‍വതിയുടേതുമാണെന്നായിരുന്നു നൈലയുടെ പോസ്റ്റ്. മലയാളത്തില്‍ സ്ത്രീകളെത്തേടി മാസ് റോളുകള്‍ വരുന്നില്ലെന്നായിരുന്നു ദര്‍ശന അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlight: Rima Kallingal about the discussion going on Lokah movie success

We use cookies to give you the best possible experience. Learn more