| Monday, 10th November 2025, 8:17 pm

വന്ദേഭാരതിലെ ആര്‍.എസ്.എസ് ഗീതാലാപനം; സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ 'ശാഖ' ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വന്ദേഭാരതില്‍ ആര്‍.എസ്.എസ് ഗീതമാലപിച്ച വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ ശാഖയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി.

‘ശാഖയിലെ പ്രമുഖ്’ എന്ന വാചകത്തോടുകൂടി ഫേസ്ബുക്കിലാണ് പ്രിന്‍സിപ്പാള്‍ കെ.പി. ഡിന്റോയുടെ ചിത്രം റിജില്‍ പങ്കുവെച്ചത്.

‘സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നൊക്കെ ചാനലില്‍ എഴുതി കാണിക്കുന്നത് കാണുമ്പോള്‍ തോന്നും ഏതോ ബല്യ മൊതലാണെന്ന്… ശാഖയിലെ പ്രമുഖ് ആണ്,’ എന്നാണ് റിജിലിന്റെ കുറിപ്പ്.

നേരത്തെ വന്ദേഭാരത് എക്സ്പ്രസില്‍ ആര്‍.എസ്.എസ് ഗീതം ആലപിച്ചതിനെ ചൊല്ലിയുണ്ടായ വിവാദം വിദ്യാര്‍ത്ഥികള്‍ക്ക് മാനസികാഘാതം സൃഷ്ടിച്ചെന്ന് പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കുട്ടികള്‍ ആലപിച്ചത് ദേശഭക്തി ഗാനമാണെന്നും ആര്‍.എസ്.എസ് ഗീതം സ്‌കൂളില്‍ പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും പ്രിന്‍സിപ്പാള്‍ ചോദിച്ചിരുന്നു. പിന്നാലെ കെ.പി. ഡിന്റോയുടെ ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ച് ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിന്‍സിപ്പാളിന്റെ ശാഖയില്‍ നിന്നുള്ള ചിത്രം പുറത്തുവിട്ടത്. പോസ്റ്റിന് താഴെ റിജിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ഈ തരത്തിലുള്ള പോസ്റ്റുകള്‍ വഴി ബി.ജെ.പിക്ക് നേട്ടമുണ്ടാക്കി കൊടുക്കരുതെന്നാണ് ഒരു വിഭാഗം ആളുകളുടെ പ്രതികരണം.

എതിര്‍വിഭാഗം കെ.പി. ഡിന്റോയുടെ രാഷ്ട്രീയ നിലപാടുകളെയും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തെയും വിമര്‍ശിക്കുന്നുണ്ട്.

അതേസമയം വന്ദേഭാരത് വിവാദത്തില്‍ പ്രതികരിച്ച റിജില്‍ മാക്കുറ്റി, ആര്‍.എസ്.എസ് എന്നത് ഈ രാജ്യത്തെ ഏറ്റവും വലിയ രാജ്യദ്രോഹികളാണെന്ന് പറഞ്ഞിരുന്നു. ആ ദേശദ്രോഹികളുടെ ഗാനം എങ്ങനെയാണ് ദേശഭക്തി ഗാനമാകുന്നതെന്നും റിജില്‍ ചന്ദ്രന്‍ ചോദ്യമുയര്‍ത്തിയിരുന്നു.

Content Highlight: Rijil makkutty shares Saraswati Vidyaniketan School Principal’s ‘Shakha’ picture

We use cookies to give you the best possible experience. Learn more