| Monday, 15th December 2025, 5:17 pm

മോദിക്കായി ശവക്കുഴി ഒരുക്കാന്‍ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തതായി ആരോപണം; രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് റിജുജു

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജുജു പാര്‍ലമെന്റില്‍. കഴിഞ്ഞ ദിവസം ദല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന മഹാറാലിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയ്ക്കായി ശവക്കുഴി ഒരുക്കണമെന്ന് ആഹ്വാനം ചെയ്തതായി റിജിജു ആരോപിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാമര്‍ശത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മാപ്പ് പറയണമെന്നും റിജുജു ആവശ്യപ്പെട്ടു. ഇരുനേതാക്കളും ലോക്‌സഭയിലും രാജ്യസഭയിലും മാപ്പ് പറയണമെന്നാണ് റിജുജു ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കുന്ന നിര്‍ഭാഗ്യകരവും ദാരുണവുമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ശത്രുക്കളല്ല, രാഷ്ട്രീയ എതിരാളികളാണ്.

നമ്മുടേത് വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളാണ്. എന്നാല്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പ്രധാനമന്ത്രി മോദി സ്വപ്നം കണ്ടതുപോലെയുള്ള ഒരു വികസിത ഇന്ത്യക്ക് വേണ്ടിയാണെന്നും കിരണ്‍ റിജുജു കൂട്ടിച്ചേര്‍ത്തു.

‘രാഷ്ട്രീയ നേതാക്കള്‍ പരസ്പരം അഭിനന്ദിക്കാറുണ്ട്. ആശയങ്ങള്‍ പങ്കുവെക്കാറുണ്ട്. വ്യത്യസ്ത രീതികളില്‍ വിമര്‍ശിക്കാറുമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഒരാളെ കൊല്ലാന്‍ ആഹ്വാനം ചെയ്യില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. സംസാരിക്കുകയും ചെയ്യില്ല. പക്ഷേ കോണ്‍ഗ്രസിന്റേത് എന്തുതരം മാനസികാവസ്ഥയാണ്? കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്ത് രീതിയാണ്?,’ കിരണ്‍ റിജുജു പറഞ്ഞു.

ലോകം മുഴുവന്‍ ബഹുമാനിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ, 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ് അദ്ദേഹം. എന്നാല്‍ പ്രതിപക്ഷത്തുള്ള ചിലര്‍ അദ്ദേഹത്തെ കൊല്ലുമെന്ന് പറയുന്നു. ഈ രാജ്യത്തെ ജനങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ മനുഷ്യത്വമുണ്ടെങ്കില്‍ രാഹുലും ഖാര്‍ഗെയും മാപ്പ് പറയണമെന്നും റിജുജു ആവര്‍ത്തിച്ചു.

അതേസമയം ഇന്നലെ ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് മഹാറാലിയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. വോട്ട് കള്ളന്‍ പദവിയൊഴിയണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൈതാനത്ത് എത്തിയത്.

യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗൗരവ് ഗംഗോയ് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Content Highlight: Rijiju says there is a threat to Prime Minister Narendra Modi’s life

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more