| Tuesday, 5th August 2025, 8:44 am

തട്ടിക്കൊണ്ടുപോയ ഗസ ഡോക്ടര്‍മാരെ ഇസ്രഈല്‍ പാര്‍പ്പിച്ചിരിക്കുന്നത് മനുഷ്യത്വരഹിതമായ സാഹചര്യത്തില്‍: മനുഷ്യാവകാശ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസ മുനമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഫലസ്തീന്‍ ഡോക്ടര്‍മാരെ ഇസ്രഈല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് അങ്ങേയറ്റം കഠിനവും മനുഷ്യത്വരഹിതവുമായ സാഹചര്യത്തിലാണെന്ന് മനുഷ്യാവകാശ സംഘടന.

ഇസ്രഈലിന്റെ തടവില്‍ കഴിഞ്ഞിരുന്ന അദ്‌നാന്‍ അല്‍-ബര്‍ഷ്, ഇയാദ് അല്‍-റാന്റിസി എന്നീ ഡോക്ടര്‍മാരെ സൈന്യം വലിയ പീഡനങ്ങള്‍ക്ക് ശേഷം കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടന പറഞ്ഞു.

ഇസ്രഈല്‍ തങ്ങളുടെ തടവില്‍ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ മോചനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയോടും ഐക്യരാഷ്ട്ര സഭയോടും കേന്ദ്രം ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയും ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ ഇസ്രഈലിന്റെ തടവില്‍ അനുഭവിച്ച പീഡനങ്ങള്‍, അക്രമണങ്ങള്‍, മാനസിക പീഡനം എന്നിവയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ എന്നിവ പുറത്തുവിട്ടിട്ടുണ്ട്.

ഡോക്ടര്‍മാര്‍ ജയിലുകളില്‍ അനുഭവിക്കുന്ന ഈ മോശം അവസ്ഥയ്ക്ക് എതിരെ ഫലസ്തീന്‍ തടവുകാരുടെ അഭിഭാഷക സംഘവും മുന്നറിയിപ്പ് നല്‍കി. ജയിലുകളില്‍ ഡോക്ടര്‍മാര്‍ മോശം പെരുമാറ്റത്തിനും ദുരുപയോഗത്തിനും ഇരയായിട്ടുണ്ടെന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു.

2023 ഒക്ടോബര്‍ മാസം മുതല്‍ക്ക് ഇതുവരെ നാനൂറില്‍ അധികം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ടെക്‌നീഷ്യന്‍സിനെയും ഇസ്രഈല്‍ തട്ടിക്കൊണ്ടുപോയതായുള്ള വിവരം കേന്ദ്രവും പുറത്തുവിട്ടു.

അതേസമയം ഗസയില്‍ പട്ടിണി മരണങ്ങള്‍ വര്‍ധിക്കുകയാണ്. ഭക്ഷണത്തിനായി കാത്ത് നില്‍ക്കുന്നവരെ കൊലപ്പെടുത്തുന്ന ഇസ്രഈലിന്റെ ക്രൂരത ഇപ്പോഴും തുടരുകയാണ്. ഇസ്രഈല്‍ ആക്രണത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60000 കഴിഞ്ഞു. മരിച്ചവരില്‍ പകുതിയില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: Rights Groups Says Israel Holding Gaza Doctors In Inhumane Conditions

We use cookies to give you the best possible experience. Learn more