| Tuesday, 1st April 2025, 6:32 am

യമുനയിൽ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാരോപണം; ദേശീയപാത ഉപരോധിച്ച് തീവ്ര ഹിന്ദുത്വവാദികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: യമുന നദിയിൽ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ ദേശീയ പാത ഉപരോധിച്ച് തീവ്ര ഹിന്ദുത്വ വാദികൾ. മാർച്ച് 31 തിങ്കളാഴ്ച ഹിമാചൽ പ്രദേശിലെ പോണ്ട സാഹിബിൽ ബജ്‌റംഗ്ദൾ ഉൾപ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ ദേശീയ പാത ഉപരോധിച്ചതായി പൊലീസ് വ്യക്തമാക്കി.

പോണ്ട സാഹിബിലൂടെ കടന്നുപോകുന്ന ഡെറാഡൂൺ-ചണ്ഡീഗഡ് ദേശീയ പാതയായിരുന്നു പ്രതിഷേധക്കാർ ഉപരോധിച്ചത്. പുതുതായി അറുത്ത പശുക്കളുടെ അവശിഷ്ടങ്ങൾ പോണ്ട പ്രദേശത്തും നദിയുടെ ഉത്തരാഖണ്ഡ് ഭാഗത്തേക്കൊഴുകുന്ന ഭാഗത്തും കാണപ്പെട്ടെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംഭവസ്ഥലത്തെത്തിയ സിർമൂർ പൊലീസ് സൂപ്രണ്ട് എൻ.എസ്. നേഗി, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോണ്ട സാഹിബിൽ ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന നേഗി, സമാധാനത്തിനായി അഭ്യർത്ഥിക്കുകയും പൊലീസ് ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും പോണ്ടയിലെ ശ്രീ പരശുറാം ചൗക്കിൽ ആളുകൾ ഒത്തുകൂടുകയും അടിയന്തര നടപടി ആവശ്യപ്പെട്ട് ഒരു ധർണ ആരംഭിക്കുകയും ചെയ്തു.

ഏഴ് മണിയോടെ, ബജ്‌റംഗ്ദൾ പോലുള്ള ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങൾ പ്രാദേശിക മാർക്കറ്റിലൂടെ മാർച്ച് ചെയ്ത് ഹിമാചൽ പ്രദേശിനെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുമായി ബന്ധിപ്പിക്കുന്ന യമുന പാലത്തിൽ എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു.

നവരാത്രി സമയത്ത് പശുക്കളെ കശാപ്പ് ചെയ്ത കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികൾ ദേശീയ പാതയിൽ ഇരുന്നു റോഡ് ഉപരോധിച്ചു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താൻ വേണ്ടി കരുതിക്കൂട്ടി ചെയ്ത പ്രവൃത്തിയാണിതെന്ന് അവർ ആരോപിച്ചു.

ബി.ജെ.പിയുടെ പോണ്ട സാഹിബ് എം.എൽ.എ സുഖ്‌റാം ചൗധരിയും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്.

Content Highlight: Right-wing outfits block highway after cow remains found in Yamuna

We use cookies to give you the best possible experience. Learn more