ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതയെ തുടര്‍ന്ന് വര്‍ഷം തോറും നടത്തുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി അവതാളത്തില്‍. വര്‍ഷം തോറും 18 വയസ് പൂര്‍ത്തിയാകുന്നവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്ന നടപടികളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ഇതോടെ പതിനെട്ട് വയസ് പൂര്‍ത്തിയാകുന്ന ദശലക്ഷക്കണക്കിന് ജെന്‍സി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തടസമാവുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണഗതിയില്‍ പുതിയ വോട്ട്‌ചേര്‍ക്കലുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ മെയ്-ജൂണ്‍ മാസങ്ങളിലാണ് ഔദ്യോഗികമായി പുറപ്പെടുവിക്കാറുള്ളത്. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും സഹ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമാരും തമ്മിലുള്ള ആഭ്യന്തര ഭിന്നതകള്‍ കാരണം ഇത് നിലച്ചു.
‘ജെന്‍ സി’ വോട്ടുകള്‍ വെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണോ എസ്.ഐ.ആര്‍ നടപടികള്‍ വൈകിപ്പിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. എല്ലാ വര്‍ഷവും നടത്തിവരുന്ന സ്വാഭാവികമായ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ എത്രയും വേഗം പുനരാരംഭിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും പറയുന്നത്.
എന്നാല്‍, നിലവില്‍ പലയിടത്തും തുടരുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികള്‍ക്കിടയില്‍ പ്രത്യേകമായി വാര്‍ഷിക പുതുക്കല്‍ ആവശ്യമുണ്ടോ എന്ന വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നിയമോപദേശം തേടിയതാണ് നടപടികള്‍ വൈകാന്‍ ഇടയാക്കിയത്.
2024ന് ശേഷം വാര്‍ഷിക പുതുക്കല്‍ നടന്നിട്ടില്ല. 2025ല്‍ ബീഹാറില്‍ എസ്.ഐ.ആര്‍ പ്രഖ്യാപിച്ചതോടെയാണ് നടപടി ക്രമങ്ങള്‍ തടസപ്പെട്ടത്. 1958 മുതല്‍ രാജ്യത്ത് മുടങ്ങാതെ പിന്തുടര്‍ന്ന് പോരുന്ന സുപ്രധാന കാമ്പയിനാണിത്. എന്നാല്‍ 2025-26 കാലയളവിലും ഇത് പൂര്‍ണമായി നടത്തിയിട്ടില്ല.
ഇത്തരത്തില്‍ എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായുള്ള കമ്മീഷനകത്തെ വിയോജിപ്പുകള്‍ കാരണം വോട്ട് ചേര്‍ക്കല്‍ നടപടികള്‍ വൈകുന്നത് രാജ്യത്തെ ഭാവി വോട്ടര്‍മാരുടെ പങ്കാളിത്തത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കകള്‍ ഉയരുന്നുണ്ട്.
Content Highlight: Rift within the Election Commission: Move to prune Gen Z votes