2026 ടി – 20 ലോകകപ്പില്‍ സഞ്ജു സാംസണെ ഓപ്പണറായി തിരികെ കൊണ്ടുവന്നത് വലിയ തീരുമാനയായിരുന്നുവെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ഫോമില്ലാതിരുന്നിട്ടും സഞ്ജുവിന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് പിന്തുണച്ചത് കിരീടനേട്ടത്തില്‍ നിർണായകമായെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജുവിനെപ്പോലെ കഴിവുള്ളൊരു താരത്തിന് ആത്മവിശ്വാസം നല്‍കിയാല്‍ എന്തും കീഴടക്കാന്‍ സാധിക്കുമെന്ന് ഈ ലോകകപ്പ് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.സി റിവ്യൂയില്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് സഞ്ജന ഗണേശനുമായി സംസാരിക്കുകയായിരുന്നു പോണ്ടിങ്.
റിക്കി പോണ്ടിങ്. Photo: SkySports
‘സഞ്ജു സാംസണിനെ ഓപ്പണറായി തിരികെ ടീമിലേക്ക് കൊണ്ടുവരികയെന്നത് വലിയ തീരുമാനമായിരുന്നു. വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ആ തീരുമാനം ഒടുവില്‍ ഫലം കണ്ടു.
ക്യാപ്റ്റന്റെയും കോച്ചിന്റെയും പൂര്‍ണ പിന്തുണ ലഭിക്കുമ്പോഴാണ് ഒരു താരം തന്റെ മികച്ച പ്രകടനം പുറത്തെടുക്കുന്നത്. സഞ്ജുവിനെപ്പോലെ കഴിവുള്ളൊരു താരത്തിന് ആത്മവിശ്വാസം കൂടി നല്‍കിയാല്‍ എന്തും കീഴടക്കാന്‍ സാധിക്കുമെന്ന് ഈ ലോകകപ്പ് തെളിയിച്ചു,’ പോണ്ടിങ് പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ മോശം ഫോമിലായതോടെ സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. രണ്ടാം മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ മാത്രമാണ് താരത്തിന് ഗ്രൂപ്പ് സ്റ്റേജില്‍ അവസരം ലഭിച്ചത്.
2026 ടി – 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള വിജയമാഘോഷിക്കുന്ന സഞ്ജു സാംസൺ. Photo: BCCI/x.com
പിന്നീട് അഭിഷേക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ ടീം സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് തിരികെ വിളിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ സിംബാബ്വെക്കെതിരെ ഇറങ്ങി താരം 15 പന്തില്‍ 24 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം നല്‍കി. അതിന് ശേഷം വിക്കറ്റ് കീപ്പര്‍ ടീമിന്റെ ഏറ്റവും നിര്‍ണായക താരമായി.
വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സെടുത്ത് സഞ്ജു ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചു. സെമി ഫൈനലിലും ഫൈനലിലും 89 റണ്‍സ് വീതമെടുത്ത് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
Content Highlight: Ricky Ponting says that bringing back Sanju Samson was key decision in India lifting T20 World Cup 2026