| Thursday, 25th December 2025, 10:54 pm

അവന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടമാണ് ആഷസില്‍ നടത്തിയത്; ഓസീസ് ബൗളറെ പ്രശംസിച്ച് പോണ്ടിങ്

ഫസീഹ പി.സി.

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് നാളെ (ഡിസംബര്‍ 26) തുടക്കമാവും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയന്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പ്രശംസിക്കുകയാണ് മുന്‍ ക്രിക്കറ്റര്‍ റിക്കി പോണ്ടിങ്. ഈ ആഷസില്‍ സ്റ്റാര്‍ക് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ്ങാണ് നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റാർക് ബൗളിങ്ങിൽ പുതിയ ടെക്നിക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അത് താരത്തെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.സിയുടെ റിവ്യൂ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു പോണ്ടിങ്.

റിക്കി പോണ്ടിങ്. Photo: Mufaddal Vohra/x.com

‘ഇതിലും മികച്ച രീതിയില്‍ സ്റ്റാര്‍ക് പന്തെറിയുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ന്യൂ ബോളില്‍ അവന്റെ പ്രകടനം അസാധാരണമാണ്. അവന്‍ ന്യൂ ബോളിലും പഴകിയ പന്തിലും തന്റെ തന്റെ വൈദഗ്ധ്യത്തിന് പേരുകേട്ടയാളാണ്, പ്രത്യേകിച്ച് റിവേഴ്സ് സ്വിങ്ങില്‍. പക്ഷേ, ഇപ്പോള്‍ അവന്‍ പുതിയ ടെക്നിക്കുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് അവനെ കൂടുതല്‍ കംപ്ലീറ്റ് ബൗളറാക്കുന്നു,’ പോണ്ടിങ് പറഞ്ഞു.

സ്റ്റാര്‍ക് വലം കൈയ്യന്‍ ബാറ്റര്‍മാര്‍ക്ക് എതിരെ ഇപ്പോള്‍ ഇന്‍-സ്വിങ്ങറുകളെ മാത്രം ആശ്രയിക്കുന്നില്ലെന്നും വൊബിള്‍ സീം ടെക്നിക്ക് വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലം കൈയ്യന്‍ ബാറ്റര്‍മാര്‍ക്ക് കുറുകെ നീങ്ങുന്ന ഈ ഡെലിവറി അവന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നു.

മിച്ചല്‍ സ്റ്റാര്‍ക്ക്. Photo: Johns/x.com

തന്റെ ഇഷ്ട്ടത്തിന് അനുസരിച്ചുള്ള ലൈനിലും ലെങ്ങ്തിലും പന്തെറിയാന്‍ അവന് സാധിക്കുന്നുണ്ട്. എങ്കിലും വലം കൈയ്യന്‍ ബാറ്റര്‍മാര്‍ക്ക് എതിരെ സ്റ്റാര്‍ക്കിന്റെ പ്രധാന ആയുധം പൂര്‍ണ ഇന്‍ സ്വിങ്ങറുകള്‍ തന്നെയാണെന്നും പോണ്ടിങ് പറഞ്ഞു.

ഈ വര്‍ഷത്തെ ആഷസ് പരമ്പര ഓസ്ട്രേലിയയ്ക്ക് നേടികൊടുക്കുന്നതില്‍ ഏറെ നിര്‍ണായകമായ താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. പരമ്പരയില്‍ ഇതുവരെ അവസാനിച്ച രണ്ട് മത്സരങ്ങളിലും താരമായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇടം കൈയ്യന്‍ പേസര്‍ ഇതുവരെ 22 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Content Highlight: Ricky Ponting hails Mitchell Starc before fourth Test in Ashes

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more