| Thursday, 20th November 2025, 9:51 pm

റിഷബ് പന്ത് നയിക്കും, ഇന്ത്യ ജയിക്കും; പിന്തുണ ഓസ്‌ട്രേലിയയില്‍ നിന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ രണ്ടാം മത്സരം ആതിഥേയരെ സംബന്ധിച്ച് നിര്‍ണായകമായിരിക്കുയാണ്. ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

ശുഭ്മന്‍ ഗില്ലിന് പകരം വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തായിരിക്കും ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റതോടെയാണ് ഗില്ലിന് പകരക്കാരന്റെ റോളില്‍ കളത്തിലിറങ്ങുന്നത്.

അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ക്യാപ്റ്റനായുള്ള പന്തിന്റെ അരങ്ങേറ്റത്തിന് കൂടിയാകും ബര്‍സാപര സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

മത്സരത്തില്‍ റിഷബ് പന്ത് ക്യാപ്റ്റന്റെ റോളില്‍ തിളങ്ങുമെന്ന് പറയുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്. ഐ.പി.എല്ലില്‍ റിക്കി പോണ്ടിങ് ടീമുകളെ നയിച്ചിട്ടുണ്ടെന്നും ഒരു ടെസ്റ്റ് പ്ലെയറെന്ന നിലയില്‍ പന്തിന് വേണ്ടത്ര അനുഭവസമ്പത്ത് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു പോണ്ടിങ്

‘ഒരു താത്കാലിക ക്യാപ്റ്റന്റെ റോളിലെത്തുക എന്നത് ഒട്ടും എളുപ്പമല്ല, പ്രത്യേകിച്ചും നിങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടെസ്റ്റ് മത്സരം തോറ്റുനില്‍ക്കുന്ന സാഹചര്യത്തില്‍. റിഷബ് പന്ത് അനുഭവസമ്പത്തുള്ള ഒരു മികച്ച ടെസ്റ്റ് താരമാണ്.

വിക്കറ്റ് കീപ്പറായിരുന്നതിനാല്‍ തന്നെ മത്സരം എങ്ങനെ മുമ്പോട്ട് പോവുന്നു, കളിക്കളത്തില്‍ എന്തൊക്കെ സംഭവിക്കുന്നു എന്ന് മനസിലാക്കാന്‍ ഒരുപാട് സഹായിക്കും.

ഐ.പി.എല്ലില്‍ കഴിഞ്ഞ് കുറച്ചുവര്‍ഷമായി അവന്‍ ക്യാപ്റ്റന്റെ റോളിലുണ്ട്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ അവന്‍ നയിച്ചിട്ടുണ്ട്. അവനെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടേറിയതായിരിക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അവന്‍ ക്യാപ്റ്റന്റെ റോളില്‍ എങ്ങനെ ടീമിനെ നയിക്കുന്നു എന്നതും അതിനൊപ്പം തന്നെ ഒരു ബാറ്റര്‍ എന്ന നിലയില്‍ തന്റെ കളിശൈലിയെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നതും കാണാന്‍ ഏറെ രസകരമായിരിക്കും. എനിക്ക് തോന്നുന്നത് അവന്‍ ഇത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ്,’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റാനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ മത്സരത്തില്‍ തന്നെ വലിയ സമ്മര്‍ദമാകും റിഷബ് പന്തിനുണ്ടാവുക. ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് സമനിയില്‍ കലാശിച്ചാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടും. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്നും ടീമും മാനേജ്മെന്റും പാഠം പഠിച്ചിട്ടുണ്ടെങ്കില്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെടാനും ഇന്ത്യയ്ക്ക് സാധിക്കും.

ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്പിന്നിനെ അകമഴിഞ്ഞ് സഹായിക്കുന്ന പിച്ചൊരുക്കിയ ഇന്ത്യ, തങ്ങള്‍ കുഴിച്ച കുഴിയില്‍ സ്വയം കറങ്ങി വീഴുകയായിരുന്നു. ബര്‍സാപര സ്റ്റേഡിയത്തില്‍ ഹോം അഡ്വാന്റേജ് മുതലാക്കാന്‍ സാധിച്ചാല്‍ പരമ്പര സമനിലയിലെത്തിക്കാനും ബാവുമയ്ക്ക് തന്റെ ക്യാപ്റ്റന്‍സി കരിയറിലെ തോല്‍വി സമ്മാനിക്കാനും ആതിഥേയര്‍ക്ക് സാധിക്കും.

Content Highlight: Ricky Ponting backs Rishabh Pant’s captaincy

We use cookies to give you the best possible experience. Learn more