ഐ.പി.എല്‍ ആവേശം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
ഇന്ത്യയുടെ സ്‌ക്വാഡ് പുറത്ത് വിട്ടപ്പോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് ആരാകും ഇന്ത്യ ക്യാപ്റ്റന്‍ എന്നറിയാനാണ്. ജസ്പ്രീത് ബുംറയുടെ പേരും റിഷബ് പന്തിന്റെ പേരും രംഗത്തുണ്ടായിരുന്നു.
എന്നാല്‍ മറ്റുള്ളവരെ മറികടന്ന് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത് ഗില്ലായിരുന്നു. ഇപ്പോള്‍ ജസ്പ്രീത് ബുംറയെ മറികടന്ന് ക്യാപ്റ്റന്‍ സ്ഥാനം ശുഭ്മന്‍ ഗില്ലിന് നല്‍കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്.
ഗില്ലിനെ ക്യാപ്റ്റനാക്കിയതാണ് ശരിയായ തീരുമാനമെന്നും അടുത്ത കാലത്തായി ബുംറ പരിക്കിന്റെ പിടിയിലാണെന്നും പോണ്ടിങ് പറഞ്ഞു. മാത്രമല്ല ഒരു ക്യാപ്റ്റന് തുടര്‍ച്ചയായി മത്സരങ്ങള്‍ നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നും ടീമിന് അദ്ദേഹത്തെ എപ്പോഴും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് തന്നെയാണ് ശരിയായ തീരുമാനമെന്ന് എനിക്ക് തോന്നുന്നത്. ബുംറയെ മാറ്റി എന്തുകൊണ്ട് ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കി എന്ന് ഒരുപാടുപേര്‍ ചോദിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. പക്ഷെ അതിനെക്കുറിച്ച് അധികം ചിന്തിക്കേണ്ടതില്ല.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബുംറയുടെ പരിക്കുകള്‍ അദ്ദേഹത്തെ പല മത്സരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഒരു ക്യാപ്റ്റനായിരിക്കുമ്പോള്‍ അത് പാടില്ല. ഒരു ക്യാപ്റ്റന് തുടര്‍ച്ചയായി മത്സരങ്ങള്‍ നഷ്ടപ്പെടുത്താന്‍ കഴിയില്ല. മാത്രമല്ല ടീമിന് അദ്ദേഹത്തെ എപ്പോഴും ആവശ്യമാണ്. അതിനാല്‍ ഇത് ശരിയായ തീരുമാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ റിക്കി പോണ്ടിങ് പറഞ്ഞു.
2020ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ഗില്‍ 59 ഇന്നിങ്‌സില്‍ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. 1893 റണ്‍സും 35.0 ആവറേജ് 59.9 എന്ന സ്‌ട്രൈക്ക് റേറ്റും ഫോര്‍മാറ്റില്‍ ഗില്ലിനുണ്ട്. മാത്രമല്ല 128 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരം രേഖപ്പെടുത്തി. അഞ്ച് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ടെസ്റ്റില്‍ ഗില്‍ നേടി.
വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാകുന്ന ഗില്‍ പുതിയ ടെസ്റ്റ് പാരമ്പര്യത്തിനാണ് തുടക്കം കുറിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
Content Highlight: Rickey Ponting Talking About Indian Test Captaincy