വിമണ്‍സ് വേള്‍ഡ് കപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന മത്സരത്തില്‍ 88 റണ്‍സിനാണ് ഇന്ത്യ വിജയിച്ച് കയറിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 247 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാനെ 43 ഓവറില്‍ 159 റണ്‍സിന് തകര്‍ക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് ഹര്‍ലീന്‍ ഡിയോളാണ്. 65 പന്തില്‍ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്. മന്ഥാന 32 പന്തില്‍ 23 റണ്‍സ് നേടി മടങ്ങി. അധികം വൈകാതെ പ്രതീക റാവലും (37 പന്തില്‍ 31) പുറത്തായി. അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ ഇന്നിങ്സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
20 പന്ത് നേരിട്ട താരം പുറത്താകാതെ 35 റണ്‍സ് അടിച്ചെടുത്തു. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് റിച്ചയുടെ ഇന്നിങ്‌സ്. മാത്രമല്ല 175 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. വനിതാ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യന്‍ താരമാകാനാണ് റിച്ചയ്ക്ക് സാധിച്ചത് (മിനിമം 30 റണ്‍സ്).
റിച്ചാ ഘോഷ് – 175.00 – പാകിസ്ഥാന്‍ – 2025
ജുലന്‍ ഗോസ്വാമി – 171.42 – വെസ്റ്റ് ഇന്‍ഡീസ് – 2013
ഹര്‍മന്‍പ്രീത് കൗര്‍ – 163.63 – വെസ്റ്റ് ഇന്‍ഡീസ് – 2013
വേദ കൃഷ്ണ മൂര്‍ത്തി – 155.55 – ന്യൂസിലാന്‍ഡ് – 2017
ഏകദിനത്തില്‍ 45 മത്സരങ്ങളില്‍ നിന്ന് 947 റണ്‍സാണ് താരം നേടിയത്. 96 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരത്തിനുണ്ട് മാത്രമല്ല ആറ് അര്‍ധ സെഞ്ച്വറിയുണ്ട്.
താരത്തിന് പുറമെ ജെമീമ റോഡ്രിഗസ് (37 പന്തില്‍ 32), ദീപ്തി ശര്‍മ (33 പന്തില്‍ 25) എന്നിവരാണ് ഇന്ത്യയുടെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍. ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് ക്രാന്തി ഗൗഡും ദീപ്തി ശര്‍മയുമാണ്. മൂന്ന് വിക്കറ്റുകള്‍ വീതമാണ് ഇരുവരും നേടിയത്. മാത്രമല്ല സ്‌നേഹ് റാണ രണ്ട് വിക്കറ്റുകളും മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു.
പാകിസ്ഥാനായി ദിയാന ബായ്ഗ് നാല് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഫാത്തിമ സന, സാദിയ ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും റമീന്‍ ഷമീം, നഷ്റ സന്ധു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ബാറ്റിങ്ങില്‍ പാകിസ്ഥാന് വേണ്ടി മികവ് പുലര്‍ത്തിയത് 106 പന്തില്‍ 81 റണ്‍സ് നേടിയ സിദ്രാ അമീനായിരുന്നു.
Content Highlight: Richa Ghosh In Great Record Achievement In Women’s ODI For India