| Saturday, 8th August 2026, 10:26 pm

ക്രിസ്റ്റ്യാനോയുടെ കഴിവിനെ അഭിനന്ദിക്കണം, ഫൈനലില്‍ മെസിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല; അഭിപ്രായവുമായി റിക്കാര്‍ഡോ കോസ്റ്റ

ശ്രീരാഗ് പാറക്കല്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് മുന്‍ പോര്‍ച്ചുഗല്‍ താരം റിക്കാര്‍ഡോ കോസ്റ്റ. പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും അത് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയ്‌നിനനെതിരെ മെസിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും അതിനെക്കുറിച്ച് ആരും ഒന്നും ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗീസ് മാധ്യമമായ ഒ ജോഗോയോട് സംസാരിക്കുകയായിരുന്നു കോസ്റ്റ.

‘ക്രിസ്റ്റ്യാനോ എപ്പോഴും പ്രധാനപ്പെട്ട ഒരു താരമാണ്. അദ്ദേഹത്തിന് മികച്ച നിമിഷങ്ങളുണ്ടായിരുന്നു, ഗോളുകളും നേടി. സ്‌പെയ്‌നിനെതിരായ ഫൈനലില്‍ മെസിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല, അതിനെക്കുറിച്ച് ആരും വലിയ ചര്‍ച്ചകള്‍ നടത്തുന്നില്ല.

മികച്ച പ്രകടനം തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കഴിവിനെ നാം അഭിനന്ദിക്കണം എന്നാണ് ഞാന്‍ കരുതുന്നത്. ടീമിന് ഏറ്റവും അനുയോജ്യമെന്ന് കരുതിയ തീരുമാനങ്ങളാണ് അദ്ദേഹം എടുത്തത്. പോര്‍ച്ചുഗല്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നെങ്കില്‍ ഈ തീരുമാനങ്ങളൊന്നും ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടില്ലായിരുന്നു,’ റിക്കാര്‍ഡോ കോസ്റ്റ പറഞ്ഞു.

ഫൈനലില്‍ സ്പെയ്നിനെതിരെ പരാജയപ്പെട്ടെങ്കിലും 2026 ലോകകപ്പില്‍ മികച്ച പ്രകടനമാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി കാഴ്ചവെച്ചത്. എട്ട് മത്സരത്തില്‍ നിന്നും എട്ട് ഗോളുകള്‍ വലയിലെത്തിച്ച താരം, നാല് തവണ സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചു. 741 മിനിട്ടുകള്‍ കളത്തില്‍ നിറഞ്ഞുനിന്ന താരം, 25 ചാന്‍സുകളും ക്രിയേറ്റ് ചെയ്തു.

അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും റൗണ്ട് ഓഫ് 16ല്‍ സ്പെയ്നിനെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ടാണ് മടങ്ങിയത്. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

Content Highlight: Ricardo Costa Talking About Crstiano Ronaldo And Lionel Messi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more