തിരുവനന്തപുരം: കീം പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. 76,230 വിദ്യാര്‍ത്ഥികളാണ് യോഗ്യത നേടിയത്. വലിയ മാറ്റങ്ങളോടെയാണ് പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിലവില്‍ ഫല പട്ടികയിലെ ആദ്യ 100 റാങ്കില്‍ സംസ്ഥാന സിലബസില്‍ പഠിച്ച 21 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തെ ഇത് 43 ആയിരുന്നു.
കൂടാതെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റാങ്ക് ലിസ്റ്റില്‍ സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്ക് നേടിയ ജോഷ്‌വ ജേക്കബ് തോമസ്, പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്. എഞ്ചിനീയറിങ്ങിലാണ് ജോഷ്‌വ ഒന്നാം റാങ്ക് നേടിയത്.
ഇതിനുപുറമെ പഴയ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയ ജോണ്‍ ഷിനോജ് പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചതോടെ ഏഴാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിട്ടുണ്ട്. ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവിനാണ് രണ്ടാം റാങ്ക്.
പരീക്ഷയുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് മുൻ നിശ്ചയിച്ച പ്രോസ്‌പെക്ടസ് പ്രകാരം പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചത്. ആദ്യപട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും ശരിവെച്ചിരുന്നു.
തുടർന്ന് ഹൈക്കോടതിയുടെ തീരുമാനം അംഗീകരിക്കുകയാണെന്നും വിദ്യാർത്ഥികളുടെ അഡ്മിഷൻ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നൽകില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സി.ബി.എസ്.ഇ-കേരള സിലബസ് മാര്‍ക്ക് ഏകീകരണത്തിനുള്ളപുതിയ ഫോര്‍മുല റദ്ദാക്കിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് കീമില്‍ ഇടപെട്ടത്.
പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം, വെയിറ്റേജ് മാനദണ്ഡങ്ങള്‍ മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഇതിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
2011 മുതല്‍ 12ാം ക്ലാസിലെ മാര്‍ക്ക്, എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോര്‍, വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ മാര്‍ക്കുകള്‍ കണക്കാക്കി 1:1:1 എന്ന അനുപാതത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഈ അനുപാതം സംസ്ഥാന സർക്കാർ ഭേദഗതിയിലൂടെ 5:3:2 എന്നാക്കി മാറ്റുകയായിരുന്നു.