| Saturday, 11th October 2014, 1:00 pm

'ആരാച്ചാര്‍' ചില വിലയിരുത്തലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ആരാച്ചാര്‍” എന്ന നോവലിലൂടെ കെ.ആര്‍ മീര വയലാര്‍ അവാര്‍ഡ് നേടിയിരിക്കുകയാണ്. അപമാനിതയായ സ്ത്രീത്വത്തിന്റെ ശക്തി വിളിച്ചോതുന്ന കൃതിയാണിതെന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് ജൂറി പറഞ്ഞത്. “ആരാച്ചാറിനെ”ക്കുറിച്ചുള്ള ചില നിരൂപണങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍.

എം. മുകുന്ദന്‍ (മാതൃഭൂമി ഓണപ്പതിപ്പ്)

“കെ.ആര്‍ മീരയുടെ നോവല്‍ വ്യത്യസ്തത പുലര്‍ത്തുന്ന കൃതിയാണ്. ആരാച്ചാരില്‍ കേരളീയമോ മലയാളി സാന്നിദ്ധ്യമോ ഇല്ലാത്തത് ഒരു ന്യൂനതയാണ്. എഴുത്തുകാരി മാത്രമല്ല, സാമൂഹ്യവിമര്‍ശക കൂടിയാണ് മീര. അവരില്‍ ഞാനൊരു മാധവിക്കുട്ടിയെ കാണുന്നുണ്ട്.”

ഡോ. മനോജ് (വായനയുടെ കുടുക്കുമായി ആരാച്ചാര്‍)

“ലോകത്തിലെ ആദ്യ, ഏക വനിതാ ആരാച്ചാറായി ചേതന നിയമിക്കപ്പെടുമ്പോള്‍ ഭാരതീയ സ്ത്രീത്വത്തിന്റെ ശക്തിയുടെയും സ്വാഭിമാനത്തിന്റെയും പ്രതീകവുമായി പ്രകീര്‍ത്തിക്കപ്പെടുകയും നോവല്‍ പൂര്‍ണമായും ഒരു സ്ത്രീപക്ഷ വായനയായി പരിണമിക്കുകയും ചെയ്യുന്നു. നോവലിന്റെ ഓരോ പേജിലും മരണമെന്നതുപോലെ ശക്തമായ സ്ത്രീപക്ഷ ചിന്തകളും ഓരോ കുടുക്കുകളില്‍ നിലവിളിക്കുന്നത് കാണാം. ഒരിക്കലെങ്കിലും നിന്നെ എനിക്കനുഭവിക്കണം എന്ന് ആദ്യകാഴ്ച്ചയില്‍ സഞ്ജീവ്കുമാര്‍ പറയുമ്പോള്‍ ചൂളിപ്പോകുന്ന ചേതന, ഞെരിഞ്ഞ ഇടതു മാറിടത്തിന്റെ പുഴുവരിക്കുന്ന സ്മരണകളുമായി കഥാന്ത്യത്തില്‍ എത്തുമ്പോള്‍ ഒരിക്കലെങ്കിലും നിങ്ങളെ എനിക്കനുഭവിക്കണം എന്നുപറഞ്ഞു അയാളുടെ ആണത്തത്തെ വെല്ലുവിളിക്കുന്ന കരുത്തുറ്റ പെണ്ണായി മാറി സ്വാഭിമാനത്തിന്റെയും ശക്തിയുടെയും പ്രതീകമായി സ്വയം മാറുകയാണ്. ഒരേ സമയം ആഗ്രഹിക്കുകയും വെറുക്കുകയും ചെയ്യാനുള്ള സ്ത്രീസഹജമായ വൈകാരികതയെ ഭംഗിയായി നോവലില്‍ പലയിടങ്ങളിലും വരച്ചിടുന്നതും കാണാം. ആരാച്ചാര്‍ ചരിത്രങ്ങളില്‍ നിന്നും നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ ഥാക്കുമായുടെ കഥകളിലൂടെ ഇറങ്ങി വന്നു ചേതനയ്ക്ക് കരുത്തു പകരുന്നുമുണ്ട്.”

ഡോ. ടി.ടി ശ്രീകുമാര്‍ (മാധ്യമം 2013 ജനുവരി “കൊല്ലുന്ന പെണ്ണിന്റെ ചരിത്രപുസ്തകം”)

“ഈ നോവലിനെക്കുറിച്ച് എഴുതുക എന്നത് എളുപ്പമല്ല. വായനക്ക്, വിമര്‍ശത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു ഈ കഥാകാരി. ഒരു പാന്‍ഇന്ത്യന്‍ നോവല്‍ എന്ന വിശേഷണം ഇത് അര്‍ഹിക്കുന്നുണ്ട്. സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റെ സൂക്ഷ്മമായ ചില തലങ്ങളെ ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിന്റെ സംഘര്‍ഷങ്ങളെ മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ യുദ്ധരംഗത്തേക്ക് കൊണ്ടുവന്ന് സംഭ്രമിപ്പിക്കുന്നതുമായ ഒരു രചനാതന്ത്രം ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നു. മലയാളത്തിലെ പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുന്ന രചനകളില്‍ മുഖ്യസ്ഥാനം ഈ നോവലിനുണ്ടായിരിക്കും എന്നു നിസ്സംശയം പറയാം. ”

ഇന്ദിരാബാലന്‍ (വര്‍ത്തമാനത്തിന്റെ ഇതിഹാസം- കെ.ആര്‍ മീരയുടെ “ആരാച്ചാര്‍”)

“കൊല്‍ക്കത്തയുടെ ചരിത്ര സാമൂഹ്യ രാഷ്ട്രീയ പശ്ച്ച്ചാത്തലത്തില്‍ നിന്നുകൊണ്ട് വാര്‍ത്തെടുത്ത കെ.ആര്‍.മീരയുടെ “ആരാച്ചാര്‍” എന്ന നോവല്‍ മനുഷ്യജീവിതത്തിന്റെ സമസ്തശക്തി ചൈതന്യങ്ങളും ആവാഹിച്ചെടുത്തിട്ടുണ്ട്. ഇതിലെ കഥാപാത്രാവിഷ്‌ക്കരണത്തിന്റെ മികവില്‍ ഓരോ കഥാപാത്രങ്ങളും മായാതെ മനസ്സില്‍  തങ്ങിനില്ക്കുകയും, പ്രചോദിപ്പിക്കുകയും, സംവേദനക്ഷമത വികസിപ്പിക്കുകയും ചെയ്യുവാന്‍ പര്യാപ്തമാകുന്നു.”ആരാച്ചാര്‍ ” എന്നു കേള്‍ക്കുമ്പോള്‍ “പുരുഷന്‍” എന്ന പഴയ വ്യവസ്ഥാപിത ബോധത്തെ മാറ്റിമറിച്ച് “ചേതനാ ഗൃദ്ധാ മല്ലിക്” എന്ന യുവതി ആരാച്ചാരാകുന്നതിന്റെ സ്ത്രീപക്ഷവീക്ഷണം ശക്തമായി പ്രതിപാദിക്കുവാനും നോവലിസ്റ്റു ശ്രമിക്കുന്നു. കാരണം സ്ത്രീകളെ  പീഡിപ്പിക്കുന്ന പുരുഷവര്‍ഗ്ഗത്തിന്നെതിരെ തന്റെ ചിന്തയിലൂടെ  രാകിയെടുത്ത മൂര്‍ച്ചയേറിയ ചോദ്യശരങ്ങള്‍ ചേതനയിലൂടെ തൊടുത്തുവിടാന്‍ കഴിയുന്നുണ്ട്.കൊല്ക്കത്തയുടെ ഓരോ മുക്കിലും മൂലയിലും ഉള്ള ഭിന്നതലവര്‍ത്തികളായ മനുഷ്യജീവിതങ്ങള്‍ അവരവരുടെ ചരിത്രവും, പാരമ്പര്യവും, വര്‍ത്തമാനങ്ങളും കൊണ്ട് നിരവധി അറകള്‍ സൃഷ്ടിക്കുന്നു. വ്യക്തികളുടെ ഉപബോധമനസ്സിലും, അബോധമനസ്സിലും ഉറങ്ങിക്കിടക്കുന്ന അനുഭവങ്ങള്‍ ഇന്ദ്രജാലവൈഭവത്തോടെ ബോധതലത്തില്‍ കൊണ്ടുവന്ന് നടത്തുന്ന ഒരു വെല്ലുവിളി തന്നെയാണ് ഈ കൃതിയുടെ രചന എന്നു നിസ്സംശയം പറയാം.”

We use cookies to give you the best possible experience. Learn more