| Thursday, 2nd April 2026, 6:49 pm

ഇത് വെറും 'വാഴ'യല്ല രണ്ടാം വരവില്‍ തകര്‍ത്ത് ബില്യണ്‍ ബ്രോസ്

ഐറിന്‍ മരിയ ആന്റണി

സൂപ്പര്‍ താരങ്ങളൊന്നും ഇല്ലാതെ, റീല്‍സുകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ഹാഷിര്‍, അലന്‍,വിനായക്, അജിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സവിന്‍ എസ്.എ സംവിധാനം ചെയ്ത് ഇന്ന് ഏപ്രില്‍ 2ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബ്രോസ്. ആനന്ദ് മേനോന്റെ സംവിധാനത്തില്‍ വിപിന്‍ ദാസ് രചിച്ച വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സിന്റെ രണ്ടാം ഭാഗമായെത്തിയ ചിത്രമായിരുന്നു വാഴ2.

അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷയുണര്‍ത്തിയ ചിത്രം ആ പ്രതീക്ഷകള്‍ തെറ്റിച്ചില്ലെന്ന് തന്നെ പറയാം. ആദ്യ ഭാഗത്തിന്റെ അതേ ടെംപ്ലേറ്റ് തന്നെയാണ് പിന്തുടരുന്നെതെങ്കിലും കോമഡിയും ഇമോഷനും കോര്‍ത്തിണക്കി ഒരുക്കിയ വാഴ2 മികച്ച തിയേറ്റര്‍ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. ഫസ്റ്റ് പാര്‍ട്ടില്‍ അച്ഛന്‍- മകന്‍ ബന്ധമാണ് കൂടുതല്‍ കാണിക്കുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ സഹോദര ബന്ധവും സൗഹൃദത്തിന്റെ ആഴവുമാണ് സിനിമ കൂടുതല്‍ കാണിക്കുന്നത്.

പടത്തിന്റെ ഹൈലൈറ്റ് ഹാഷിറും ഗ്യാങ്ങും തന്നെയായിരുന്നു. തമാശയും ഫൈറ്റുമൊക്കെ നിറഞ്ഞ ആദ്യ പകുതി എന്‍ഗേജിങ്ങായി തന്നെയാണ് മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ ഹാഷിറിന്റെ എന്‍ട്രിക്ക് കിട്ടുന്ന കയ്യടി തന്നെ തിയേറ്ററില്‍ ആവേശം നിറയ്ക്കുന്നുണ്ട്. വെറും 30 സെക്കന്‍ഡുള്ള റീലൂകളിലൂടെ മാത്രം മലയാളിക്ക് സുപരിചതമായ ആ മുഖം ബിഗ് സ്‌ക്രീന്‍ എത്തുമ്പോഴും നമ്മളെ നിരാശപ്പെടുത്തിയില്ല.

എക്‌സ്പ്രഷനിലൂടെയും സംഭാഷണത്തിലൂടെയും ഡയലോഗ് ഡെലിവറിയിലൂടെയും നമ്മെ ചിരിപ്പിക്കുന്ന ഹാഷിര്‍ ഇമോഷണല്‍ രംഗങ്ങളും കയ്യടക്കത്തോടെ തന്നെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കട്ടക്ക് തന്നെ അലനും അജിനും വിനായകും ഒപ്പമുണ്ട്. തങ്ങളുടെ ആദ്യ സിനിമയാണിതെന്ന് തോന്നിക്കാത്ത വിധം ബിഗ് സ്‌ക്രീന്‍ മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചിട്ടുണ്ട്. വിനായകിന്റെ പ്രകടനം എടുത്ത് പറയേണ്ടതുണ്ട്, തമാശയും ഇമോഷണല്‍ രംഗങ്ങളും അദ്ദേഹം ഒരുപോലെ ഭംഗിയായി ചെയ്തിട്ടുണ്ട്.

യുറേക്ക എന്ന യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ദേവരാജും സിനിമയില്‍ ഗംഭീര പെര്‍ഫോമന്‍സ് തന്നെയാണ് കാഴ്ച്ചവെച്ചത്. സിനിമയില്‍ പ്രധാന കഥാപാത്രങ്ങളുടെ ചെറുപ്പകാലം അവതരിപ്പിച്ച അഭിനേതാക്കളും അവരുടെ ഭാഗം ഭംഗിയായി ചെയ്തു. സുധീഷ്, ബിജു കുട്ടന്‍ എന്നിവരാണ് പ്രധാന കഥപാത്രങ്ങളുടെ അച്ഛന്‍ വേഷങ്ങളിലെത്തിയത്. അവരും തങ്ങളുടെ രംഗങ്ങള്‍ മികവുറ്റതാക്കി.

നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒരുപിടി രംഗങ്ങള്‍ ചിത്രത്തിന്റെ ആദ്യ പകുതിയിലുണ്ട്. കഥ പ്രഡിക്റ്റബിളാകുമ്പോഴും മേക്കിങ്ങില്‍ പുതുമ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പടത്തിന്റെ ട്രെയ്‌ലര്‍ മുതല്‍ വന്‍ ഹൈപ്പുണ്ടായിരുന്നത് അല്‍ഫോണ്‍സ് പുത്രന്റെ രംഗവും അദ്ദേഹത്തിന്റെ പ്രേമം സിനിമയുടെ റെഫറന്‍സുമായിരുന്നു.

ചിത്രത്തില്‍ അല്‍ഫോണ്‍സ് പുത്രന്റെ വരവ് മുതല്‍ പടത്തിന്റെ വൈബ് മാറുന്നുണ്ട്. കുറച്ച് സീനുകള്‍ മാത്രമേ ഉള്ളുവെങ്കിലും അദ്ദേഹത്തിന്റെ സംഭാഷണങ്ങളില്‍ ഉടനീളം ചിരിക്കാനുള്ള വകയുണ്ടായിരുന്നു. സംവിധാനം മാത്രമല്ല തന്റെ കയ്യില്‍ ഭദ്രമെന്ന് വാഴ2 വിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ വീണ്ടും തെളിയിച്ച് കഴിഞ്ഞു.

കോമഡി ചെറുതായുണ്ടെങ്കിലും ചിത്രത്തിന്റെ രണ്ടാം പുകുതി ഇമോഷണല്‍ ട്രാക്കില്‍ കൂടിയാണ് കടന്ന് പോകുന്നത്. ആണ്കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളും ഒരുപ്രായത്തില്‍ അവര്‍ തന്നെ ചെയ്ത കാര്യങ്ങളോര്‍ത്തുള്ള കുറ്റ ബോധവും തൊഴിലിനായി മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള സ്ട്രഗിളുകളുമെല്ലാം ഇപ്പോഴത്തെ തലമുറക്ക് കണ്ക്ടാകുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വെറുമൊരു കോമഡി ഫീല്‍ഗുഡ് ചിത്രത്തിനപ്പുറം നല്ല മെസേജുകള്‍ കൂടി നല്‍കുന്ന സിനിമയാണ് വാഴ2.

അഖില്‍ ലൈലാസുരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. കഥയുടെയും കഥാപാത്രങ്ങളുടെയും ജീവന്‍ ഒപ്പി തന്നെ ആ വിഷ്വലുകള്‍ ചിത്രീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കണ്ണന്‍ മോഹന്റെ എഡിറ്റിങ്ങും ഭംഗിയായി തന്നെ വന്നിട്ടുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയുള്ള സിനിമയായിരിക്കും വാഴ 2വെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 10 ഗാനങ്ങളുള്ള ചിത്രത്തില്‍ 9 സംഗീത സംവിധായകരാണ് അണിനിരന്നത്.

മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റ് സിനിമയുടെ നട്ടെലായിരുന്നുവെന്ന് പറയുമ്പോഴും ക്ലൈമാക്‌സിനോട് അടക്കുമ്പോഴുള്ള ഗാനത്തിന്റെ ദൈര്‍ഘ്യം ചെറിയതോതില്‍ അരോചകമായി തോന്നി. ചിത്രത്തിന്റെ അവസാന ഭാഗം വാഴയുടെ ആദ്യ ഭാഗത്തിലെ ‘ഹൃദയം മുറിയും’ എന്ന ഗാനം വരുന്നുണ്ട്. അതിന്റെ പ്ലേയ്‌സ്‌മെന്റും
നന്നായി വന്നിട്ടുണ്ട്.

രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം തന്നെയാണ് സിനിമയുടെ ഒരു പോരായ്മയായി തോന്നിയത്. ചിത്രത്തിന്റെ രണ്ടാം പകുതി എവിടെയൊക്കെയോ അനാവശ്യമായി വലിച്ച് നീട്ടുന്നത് പോലെ തോന്നി. ഇമോഷണല്‍ രംഗങ്ങളുടെ ഇംപാക്ട് ചെറുതായൊന്ന് കുറഞ്ഞ് പോകാന്‍ കാരണം അവസാന ഭാഗത്തെ ആ വലിച്ച് നീട്ടലായിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിന് നല്‍കാന്‍ കഴിഞ്ഞ അത്ര ഇമോഷണല്‍ ഇംപാക്ട് വാഴയുടെ രണ്ടാം ഭാഗത്തിന് നല്‍കാന്‍ കഴിഞ്ഞോ എന്ന് സംശയമാണ്.

ഡബ്ല്യൂ. ബി.ടി.എസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈന്‍ സ്‌ക്രീന്‍സ് എന്നിവയുടെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ആദ്യ ഭാഗത്തിന് തിരക്കഥയൊരുക്കിയ വിപിന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമെഴുതിയത്.

അനാവശ്യമായ വലിച്ച് നീട്ടല്‍ ഒഴിച്ചാല്‍ തമാശയും ഇമോഷനുമെല്ലാം നിറഞ്ഞ ഒരു ഫീല്‍ഗുഡ് ഫാമിലി ചിത്രം തന്നെയാണ് വാഴ2.

Content  Highlight: Review of  Vazha 2

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more