കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം മുഹാസിന്റെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് വള. (ദി സ്റ്റോറി ഓഫ് എ ബാങ്കിള്‍) ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ സിനിമ പേര് പോലെ തന്നെ വളയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്.
വള ഈ സിനിമയില്‍ ഒരു മെറ്റഫറാണ്. മനുഷ്യന്റെ ആര്‍ത്തിയുടെ പ്രതിരൂപം. രണ്ടു ദമ്പതിമാരുടെ ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളില്‍ നിന്നുമാണ് വളയുടെ കഥ വികസിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന പുരുഷോത്തമന്‍ നായരുടെ ഭാര്യയുടെ കയ്യിലെ ഊരിയെടുക്കാന്‍ കഴിയാത്ത ഒരു വളയും അങ്ങനെ ഒരു വള മോഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ ബാനു പ്രകാശിന്റെ ഭാര്യയും, ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളുമാണ് സിനിമ. എന്നാല്‍ വളയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ മറ്റൊരാളാണെന്ന് അറിയുന്നിടത്ത് കഥ മറ്റൊരു തലത്തിലേക്ക് മാറുന്നു.
മനുഷ്യന്റെ ആര്‍ത്തിയുടെ പ്രതീകമായ ഈ വളയിലൂടെ മികച്ച ഒരു ആശയമാണ് തിരക്കഥാകൃത്തും സംവിധായകനും വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചതെങ്കിലും കഥ വേണ്ടത്ര കണ്‍വിന്‍സിങ് ആയിരുന്നില്ല. ഉണ്ട, പുഴു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹര്‍ഷദാണ് വളക്ക് തിരക്കഥയൊരുക്കിയത്.
എന്നാല്‍ വളയില്‍ ഹര്‍ഷാദിന്റെ തിരക്കഥ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. തിരക്കഥയുടെ പോരായ്മകളെ മറികടക്കാന്‍ സംവിധായകനും കഴിഞ്ഞില്ല. സിനിമ പറയാന്‍ ഉദേശിക്കുന്ന രാഷ്ട്രീയം കൊമേഴ്ഷ്യല്‍ എലമെന്റുകള്‍ കൂട്ടികലര്‍ത്തി അവതരിപ്പിച്ചത് സിനിമാസ്വാദനത്തെ ബാധിച്ചു.
വളയില്‍ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായാണ് ധ്യാന്‍ എത്തിയത്. പുരുഷോത്തമനായി തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ ധ്യാനിന് ആയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ബാനു പ്രകാശായി ലുക്മാന്‍ അവറാനും തന്റെ ഭാഗം നന്നായി തന്നെ ചെയ്തു.
രവീണ രവിയും ശീതള്‍ ജോസഫുമാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിലയിടങ്ങളില്‍ ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംസാരം ഓവര്‍ ഡ്രമാറ്റിക്കായി അനുഭവപ്പെട്ടു. ചിത്രത്തില്‍ വിജയരാഘവനും ശാന്തികൃഷ്ണയും അവരുടെ ഭാഗം നന്നായി തന്നെ ചെയ്തു. അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, അബു സലിം തുടങ്ങിയവരും അവരുടെ ഭാഗം ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്.
എടുത്തുപറയേണ്ടത് ചിത്രത്തിന്റെ മ്യൂസിക്കാണ്. ഗോവിന്ദ് വസന്തയുടെ മ്യൂസിക് സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. പലയിടങ്ങളിലും സിനിമയുടെ മേക്കിങ്ങിനും മുകളിലായി ആ സീനുകള്‍ക്ക് അതിന്റെ ഇംപാക്ട് നല്‍കാന്‍ മ്യൂസിക്കിന് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ ഒരു കഥാപാത്രമായും ഗോവിന്ദ് വസന്ത എത്തിയിരുന്നു.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ നന്നായിരുന്നു. ക്ലൈമാക്സ് ഫൈറ്റ് മികച്ചതായി അനുഭവപ്പെട്ടു. കലാ കിങ്‌സും ഫീനിക്‌സ് പ്രഭവുമാണ് സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിച്ചിരുന്നത്. അഫ്നാസ് വിയുടെ ക്യാമറയും സിദ്ദിഖ് ഹൈദറിന്റെ എഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്.
പ്രമേയം നല്ലതാകുമ്പോഴും സിനിമയോ കഥാപാത്രങ്ങളോ അത്ര കണ്ട് പ്രേക്ഷകരെ സ്വാധീനിച്ചില്ലെന്ന് വേണം പറയാന്‍. കൊവിഡ് കാലത്തെ സാധാരണക്കാരന്റെ നിസഹായവസ്ഥ തന്റെ ആദ്യചിത്രമായ കഠിനകഠോരത്തിലൂടെ പ്രേക്ഷകരിലെത്തിച്ച മുഹാസിന് വളയില്‍ പക്ഷേ അത്തരമൊരു ഇമോഷണല്‍ കണക്ഷന് പ്രേക്ഷകനുമായി ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
Content highlight: Review of Vala the story of bangle movie