| Thursday, 16th October 2025, 5:20 pm

തിയേറ്റര്‍: മിത്തിനും റിയാലിറ്റിക്കുമിടയിലെ ജീവിതം

ശരണ്യ ശശിധരൻ

ഐതിഹ്യങ്ങളോ പഴങ്കഥകളോ കേള്‍ക്കാത്ത ഒരു കുട്ടി പോലും കേരളത്തില്‍ ജനിച്ചുവളര്‍ന്നിട്ടുണ്ടാകില്ല. എന്നാല്‍ അമ്മ അമ്മൂമ്മമാരായി നമ്മള്‍ കേട്ട് ശീലിച്ച കഥകളില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്? ദൈവത്തെ കൂട്ടുപിടിച്ച് അന്ധമായി ജീവിക്കുന്ന നിരവധി പേര് നമുക്കിടയില്‍ തന്നെയുണ്ട്. അത്തരത്തിലുള്ള ഒരു ജീവിതമാണ് തിയേറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റി. അമ്മയും മകളും തമ്മിലുള്ള ബന്ധവും വിശ്വാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന്‍ സജിന്‍ ബാബുവിനും റിമ കല്ലിങ്കലിനും അമ്മയായി അഭിനയിച്ച സരസ ബാലുശേരിക്കും കഴിഞ്ഞിട്ടുണ്ട്.

സര്‍പ്പങ്ങളെക്കുറിച്ചും സര്‍പ്പക്കാവുകളെക്കുറിച്ചും ഒരു കുട്ടിയോട് സംസാരിക്കുന്ന അമ്മയില്‍ നിന്നുമാണ് കഥ ആരംഭിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ മീര (റിമ കല്ലിങ്കല്‍)യും  മീരയുടെ പ്രായമായ അമ്മ ശാരദ (സരസ ബാലുശേരി)യുമാണ്.
വീട്ടിലേക്ക് വരാന്‍ റോഡ് പോലും ഇല്ലാത്ത ഒറ്റപ്പെട്ട തുരുത്തില്‍ അമ്മയോടൊപ്പം ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയാണ് മീര. തോണിയാണ് അവര്‍ക്ക് ആശ്രയിക്കാനുള്ള യാത്രാമാര്‍ഗം. ഒരു ഫോണ്‍ പോലും ഉപയോഗിക്കാറില്ലാത്ത സമൂഹത്തോടോ ആളുകളോടൊ ഇടപെഴകാത്തവരാണ് അവര്‍. എന്നാലും കരുത്തയായ സ്ത്രീയാണ് മീര. തെങ്ങ് കയറുന്നത് മുതലുള്ള എല്ലാ ജോലികളും അവള്‍ ഒറ്റക്കാണ് ചെയ്യുന്നത്.

ഒരുകാലത്ത് പ്രതാപികളായി ജിവിച്ചിരുന്ന അവരിപ്പോൾ മറ്റാരെയും ആശ്രയിക്കാതെ പറമ്പില്‍ നിന്നും കിട്ടുന്ന തേങ്ങ, ചക്ക മുതലായ ആദായം കൊണ്ടാണ് ജീവിക്കുന്നത്,  സര്‍പ്പങ്ങളും സര്‍പ്പക്കാവുകളും ആരാധിച്ച് പ്രാര്‍ത്ഥിച്ച് ജീവിക്കുന്ന അവര്‍ വിശ്വാസങ്ങളിലാണ് ജീവിക്കുന്നത്. നാട്ടിലെ തന്നെ പ്രശസ്തമായ വിഷവൈദ്യ ചികിത്സയുടെ പാരമ്പര്യം അവര്‍ക്കുണ്ട്. അവിടുത്തെ അവസാന വേരാണ് മീര.

മീരയ്ക്ക് പല ആഗ്രഹങ്ങളുമുണ്ടെങ്കിലും അമ്മയ്ക്ക് വേണ്ടി ജീവിക്കേണ്ടി വന്നതുകൊണ്ട് അവര്‍ക്ക് വേണ്ടെന്ന് പലതും വെക്കേണ്ടി വരുന്നുണ്ട്. അമിതമായ വിശ്വാസത്തിലാണ് ജീവിക്കുന്നതെങ്കിലും മകളുടെ ആഗ്രഹങ്ങള്‍ മനസിലാക്കുന്ന ഒരമ്മയാണ് ശാരദ.

സരസ ബാലുശേരി

എന്നാല്‍ ഒരിക്കല്‍ തെങ്ങ് കയറാന്‍ പോകുന്ന മീരയെ ഒരു പ്രാണി കടിക്കുന്നതും പിന്നീട് വരുന്ന ഒരപൂര്‍വ രോഗവും പിന്നീട് നടക്കുന്ന കാര്യങ്ങളും അവരെ എല്ലാത്തില്‍ നിന്നുള്ള മാറിനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. എന്നാല്‍ പിന്നീട് എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള ഗുണവും അതില്‍ നിന്നുള്ള ദോഷവും ചിത്രത്തില്‍ ഒരേസമയം കാണിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ പറയുന്നത് പോലെ റിയാലിറ്റിയും മിത്തും ഒരുപോലെ കാണിക്കാന്‍ ശ്രമിച്ച സംവിധായകന്റെ കഴിവിനെ അഭിനന്ദിച്ചേ മതിയാകൂ. മിത്തുകള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയും സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

അതുപോലെ മീരയായി അഭിനയിച്ച റിമയുടെ കരിയറില്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് തിയേറ്ററിലേത്. മീര എന്ന കഥാപാത്രത്തെ അത്രയും ശക്തവും മികച്ചതും ആക്കുന്നുണ്ട് റിമ കല്ലിങ്കല്‍. ചിത്രത്തിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും റിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അമ്മയായി അഭിനയിച്ച സരസ ബാലുശേരിയും ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചത്.

കൂടാതെ മറ്റ് കഥാപാത്രങ്ങളായ ആന്‍ സലിം, ഡെയ്ന്‍ ഡേവിസ്, പ്രമോദ് വെളിയനാട് എന്നിവരും അവരുടെ കഥാപാത്രം മികച്ചതാക്കി. ചിത്രത്തിന്റ കഥ, തിരക്കഥ, സംവിധാനം എന്നിവ സജിന്‍ ബാബു തന്നെയാണ് നിര്‍വഹിച്ചത്.

ശ്യാമപ്രകാശ് എം.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിര്‍വഹിച്ചത് അപ്പു എന്‍. ഭട്ടതിരിയാണ്. മികച്ചൊരു സിനിമയാണ് തിയേറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റിയെങ്കിലും പതിയെ സഞ്ചരിക്കുന്ന സിനിമ എല്ലാവരുടെയും കപ്പ് ഓഫ് ടീ ആയിരിക്കണമെന്നില്ല.

Content Highlight: Review of Theatre: The Myth of Reality

ശരണ്യ ശശിധരൻ

ഡൂൾന്യൂസിൽ സബ് എഡിറ്റർ, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നും ബിരുദം

We use cookies to give you the best possible experience. Learn more