| Saturday, 11th October 2025, 6:37 pm

കുടുംബസമേതം കാണാം... ഈ 'അവിഹിതം'

ഐറിന്‍ മരിയ ആന്റണി

ചെറുത്, പക്ഷേ നമ്മെ ചിരിപ്പിക്കും ചിന്തിപ്പിക്കും. ഒറ്റവാക്കില്‍ സെന്ന ഹെഗ്‌ഡെയുടെ ‘അവിഹിതം’ എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. വടക്കന്‍ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നാണ് അവിഹിതത്തിന്റെ കഥ വികസിക്കുന്നത്.

ഒരു രാത്രി തന്റെ സുഹൃത്തുക്കളുടെ കൂടെ കള്ളുകുടിയും മറ്റും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന പ്രകാശന്‍ പരിചയക്കാരന്റെ വീടിനടുത്ത് ഒരു ‘അവിഹിതം’ കാണാനിടയായി. പുരുഷന്റെ മുഖം വ്യക്തമായി കണ്ട പ്രകാശന് പക്ഷേ പെണ്ണ് ആരാണെന്ന് തിരിച്ചറിയുന്നില്ല. അതാരായിരിക്കും എന്ന് കണ്ടെത്താനുള്ള ഒരു ആണ്‍ സംഘത്തിന്റെ തത്രപ്പാടുകളാണ് അവിഹിതം അഥവ A വിഹിതം സംസാരിക്കുന്നത്.

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ കാലിക പ്രസക്തമായ ഒരു വിഷയത്തെ ഹ്യൂമറിലൂടെ കൈകാര്യം ചെയ്ത സെന്ന ഹെഗ്‌ഡെ അവിഹിതത്തെയും വളരെ രസകരമായി തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒട്ടും ലാഗില്ലാതെ വളരെ എന്‍ഗേജിങ്ങായി കഥയെ മുന്നോട്ട് കൊണ്ടുപോകാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം പ്രത്യേകിച്ച് അവിഹിതബന്ധങ്ങളിലേക്കുള്ള വല്ലാത്ത ഒരു ഒളിഞ്ഞ് നോട്ടം മലയാളിയുടെ സ്ഥിരം പരിപാടി ആണല്ലോ. എന്നാല്‍ ഈ ‘അവിഹിത’ത്തിലേക്ക് ക്യാമറ തിരിക്കുമ്പോഴും അതിര്‍വരമ്പുകള്‍ വിടാതെ ഒളിഞ്ഞുനോട്ടക്കാരുടെ മനോഭാവങ്ങളെയാണ് സംവിധായകന്‍ ആവിഷ്‌കരിക്കുന്നത്. ഒളിഞ്ഞ് നോട്ടക്കാരുടെ പുറകേയാണ് ക്യമാറ കണ്ണുകള്‍ സഞ്ചരിക്കുന്നത്.

‘പെണ്ണുങ്ങളുടെ മേല്‍ എപ്പോഴും ഒരു കണ്ണ് വേണം അത് ഭാര്യയായലും പെങ്ങളായാലും’ എന്ന ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഡയലോഗിനെ തന്നെ പൊളിച്ചെഴുതുന്നുണ്ട് സിനിമ.

ചിത്രത്തിലെ പ്രകടനങ്ങള്‍ എടുത്തു പറയണം. സ്‌ക്രീനില്‍ വരുന്ന ഒരു കഥാപാത്രം പോലും അനാവശ്യമെന്ന് എവിടെയും തോന്നിയിട്ടില്ല. മഴവില്ല് മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായത്തിലൂടെ ശ്രദ്ധേയനായ ഉണ്ണി രാജ ചെറുവത്തൂര്‍ സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ രഞ്ജിത്ത് കങ്കോലാണ് മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നത്.

ഇവര്‍ക്ക് പുറമേ വൃന്ദ മേനോന്‍, ധനേഷ് കോലിയാത്ത്, അജിത് പുന്നാട്, ഉണ്ണികൃഷ്ണന്‍ പരപ്പ, അനീഷ് ചെമ്മരത്തി, ടി. ഗോപിനാഥന്‍, വിജിഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാര്‍വണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാര്‍, പ്രേമലത എന്നിങ്ങനെ ഒരുപിടി പുതമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സിനിമയില്‍ എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം രാഗേഷ് ഉഷാറിന്റേതാണ്. ഭാര്യയെ ഒരുപാട് സ്‌നേഹിക്കുന്ന അദ്ദേഹം ഒരു പോയിന്റില്‍ അവരെ സംശയിക്കുന്നു. തന്റെ സങ്കടവും, ദേഷ്യവുമെല്ലാം അദ്ദേഹം സ്‌ക്രീനില്‍ മനോഹരമായി അവതരിപ്പിച്ചു. രാഗേഷിന്റെ അമ്മയായി വേഷമിട്ട നടിയും സിനിമയില്‍ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ച്ചവെച്ചത്. ഇടക്കിടെ വരുന്ന കൗണ്ടറടികള്‍ പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്.

ഒരു കൊച്ചു സിനിമയ്ക്ക് ഇത്ര ബ്രില്ല്യന്റായി മ്യൂസിക്ക് കൊടുക്കാന്‍ കഴിയുമോ എന്ന് അതിശിയിപ്പിക്കും വിധമായിരുന്നു ശ്രീരാഗ് സജിയുടെ പശ്ചാത്തല സംഗീതം. കഥയോട് ഇണങ്ങുന്ന ആ ചുറ്റുപാടിനെ നമ്മളിലേക്കെത്തിക്കുന്ന മികച്ച മ്യൂസിക്കും ഗാനങ്ങളുമാണ് സിനിമയുടേത്. സനത്ത് ശിവരാജാണ് സിനിമയുടെ എഡിറ്റങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസുമാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

അണിയറപ്രവപര്‍ത്തകര്‍ പറഞ്ഞത് പോലെ കുടുംബസമേതം കാണാന്‍ കഴിയുന്ന അവിഹിതം തന്നെയാണ് സെന്ന ഹെഗ്ഡയുടെ ഈ അവിഹിതം.

Content highlight: Review of the movie Avihitham 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more