ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിനിടെ ചർച്ചയായി കേരളത്തിലെ തിരുവനന്തപുരം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ്. 33 വർഷത്തെ ഭരണത്തിന് ശേഷം മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ പ്രൈമറി തെരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുകയാണ്. പിന്നാലെ അദ്ദേഹത്തിന്റെ പഴയൊരു പോസ്റ്റ് വീണ്ടും ചർച്ചാവിഷയമാകുകയാണ്.
സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായി മത്സരിക്കവേ, 2020 ലെ തിരുവനന്തപുരം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സൊഹ്‌റാൻ മംദാനിയുടെ പോസ്റ്റ് വീണ്ടും റീഷെയർ ചെയ്യപ്പെടുകയാണ്.
സൊഹ്‌റാൻ മംദാനിയുടെ പഴയ ട്വീറ്റ് വീണ്ടും ഷെയർ ചെയ്തുകൊണ്ട് സി.പി.ഐ.എം അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു. അഭിനന്ദനങ്ങൾ @ZohranKMamdani! നിങ്ങളെ ന്യൂയോർക്ക് മേയറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ പോസ്റ്റ്.
ഏത് തരത്തിലുള്ള മേയറെയാണ് ന്യൂയോർക്ക് സിറ്റിക്ക് വേണ്ടത് എന്ന ചോദ്യവും തന്റെ അഭിപ്രായം എന്നതിന് താഴെ, 21 വയസ് മാത്രമുള്ള ആര്യ രാജേന്ദ്രൻ മേയർ സ്ഥാനാർത്ഥിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സി.പി.ഐ.എം പോസ്റ്റുമായിരുന്നു 2020 ലെ മംദാനിയുടെ പോസ്റ്റ്.
സമാനമായി ന്യൂയോർക്കിലെ യുവ മേയറാകാൻ ഒരുങ്ങുകയാണ് സൊഹ്‌റാൻ മംദാനി. ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് മീര നായർ, ഉഗാണ്ടയിൽ ജനിച്ച ഒരു ഇന്ത്യൻ പണ്ഡിതനായ മഹ്മൂദ് മംദാനി എന്നിവരുടെ മകനായി ജനിച്ച അദ്ദേഹം, ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് വലിയ ചരിത്രമായിരിക്കും. അദ്ദേഹം ന്യൂയോർക്ക് നഗരത്തിലെ ആദ്യ മുസ്‌ലിം മേയറും നഗരത്തിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ മേയറും ആകും.
തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് പിന്നാലെ ചില വിഭാഗങ്ങൾ മംദാനി ഇടതുപക്ഷക്കാരനാണെന്ന് ആരോപിക്കുന്നുണ്ട്. ഒരു ജനാധിപത്യ സോഷ്യലിസ്റ്റായി അറിയപ്പെടുന്ന മംദാനി, താങ്ങാനാവുന്ന വിലയിലുള്ള ഭവന നിർമാണം, സർക്കാർ നടത്തുന്ന പലചരക്ക് സ്റ്റോറുകൾ , വിലകുറഞ്ഞ പൊതുഗതാഗതം, ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മറ്റ് നടപടികൾ എന്നിവക്കായാണ് വാദിക്കുന്നത്.
തന്റെ പദ്ധതികൾക്ക് ധനസഹായം നേടുന്നതിനായി പ്രധാന കോർപ്പറേഷനുകൾക്കും അതിസമ്പന്നർക്കും ഉയർന്ന നികുതി ചുമത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ഫലസ്തീൻ ജനതക്കുള്ള അദ്ദേഹത്തിന്റെ പിന്തുണ തീവ്ര വലതുപക്ഷത്തിന്റെ ഓൺലൈൻ ആക്രമണങ്ങൾക്ക് കാരണമായി.
തിരുവനന്തപുരം മേയരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് റീഷെയർ ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിലും അദ്ദേഹത്തിനെതിരെ പലതരം കമന്റുകൾ ഉയരുന്നുണ്ട്. ‘അവർ ഒരു കമ്മ്യൂണിസ്റ്റിനെ തെരഞ്ഞെടുത്തിട്ടില്ല, നിങ്ങൾ അമേരിക്കൻ ഭരണഘടനയുടെ ശത്രുവാണ്, മക്കാർത്തിസം (McCarthyism ) തിരിച്ചുവരവ് നടത്തേണ്ടതുണ്ട്’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
Content Highlight: Reverberations of Zohran Mamdani’s New York Mayoral campaign in far away Thiruvananthapuram