| Monday, 20th April 2026, 12:46 pm

'കൂലിപ്പണിക്കാരന്‍ രാജന്‍' എന്ന വിളിയില്‍ ആത്മാഭിമാനം മാത്രം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ. രാജന്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടിന് വിള്ളലെന്ന പ്രചാരണത്തിലും തുടര്‍ന്ന് നടന്ന വിവാദങ്ങളിലും പ്രതികരിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. എന്‍ജീനയര്‍മാര്‍ വരച്ച പെന്‍സില്‍ മാര്‍ക് മായ്ച്ചതിന് പിന്നാലെയുണ്ടായ പരിഹാസങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. മന്ത്രിയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി മടങ്ങി വരുമ്പോള്‍ ‘മുതലാളി രാജന്‍’ എന്ന് കേള്‍പ്പിക്കാത്തതിലും, പകരം ‘കൂലിപ്പണി രാജന്‍’ എന്ന് കേള്‍ക്കുന്നതിലും തനിക്ക് വലിയ ആത്മാഭിമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൃശൂരില്‍ നിന്ന് ഒരു വാര്‍ക്കപ്പണിക്കാരനെ കിട്ടി എന്ന തരത്തില്‍ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന പരിഹാസങ്ങള്‍ തന്റെ അഭിമാനം വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ തനിക്ക് കൂലിപ്പണിക്കാരന്റെ ഹൃദയവികാരങ്ങളും വേദനകളും അറിയാം. പി.സി. ജോഷിയുടെയും പി. കൃഷ്ണപിള്ളയുടെയും സ്മരണകള്‍ ഇരമ്പുന്ന പാര്‍ട്ടി ഓഫീസിലിരുന്ന് ഇത് പറയുന്നതില്‍ അഭിമാനമേയുള്ളൂ. തന്നെ നികൃഷ്ടനാക്കാന്‍ ‘കൂലിപ്പണിക്കാരന്‍’ എന്ന വാക്ക് ഉപയോഗിക്കുന്നവരുടെ സംസ്‌കാരം പൊതുസമൂഹം അളക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തബാധിതനായ നൗഫലിനെതിരെ സൈബര്‍ ഇടങ്ങളില്‍ ഒരു തരത്തിലുള്ള ആക്രമണവും പാടില്ലെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. വൈകാരികമായ സാഹചര്യത്തില്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അദ്ദേഹത്തെ ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു,

ചൂരല്‍മല ദുരന്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ മന്ത്രി ശക്തമായി തള്ളി. ദുരന്ത സമയത്ത് പൂത്ത ബ്രഡ് വിതരണം ചെയ്തുവെന്ന പ്രചരണം കേരളത്തെ ലോകത്തിന് മുന്നില്‍ അപഹസിക്കാന്‍ വേണ്ടിയായിരുന്നു. സര്‍ക്കാര്‍ ഒരു പാക്കറ്റ് ബ്രെഡ് പോലും വാങ്ങിയിട്ടില്ലെന്നും, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ നല്‍കിയ ഭക്ഷണം ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയോടെയാണ് വിതരണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ സര്‍ക്കാര്‍ പണം കൈപ്പറ്റി എന്ന പ്രചരണം അങ്ങേയറ്റം വേദനാജനകമാണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ 1202 കോടി രൂപയുടെ എസ്റ്റിമേറ്റ് മെമ്മോറാണ്ടത്തിലെ കണക്കുകളെയാണ് തെറ്റായി വ്യാഖ്യാനിച്ചത്. ഈ ദുഷ്പ്രചരണം കാരണം ഓണക്കാലത്ത് സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വലിയ മാനസിക വിഷമം അനുഭവിച്ചതായും മന്ത്രി പറഞ്ഞു.

നൗഫലിന്റേത് ഉള്‍പ്പെടെ പണിയുന്ന 410 വീടുകള്‍ പാവപ്പെട്ടവരുടെ വിയര്‍പ്പിന്റെ വിഹിതം കൂടിയാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. അഞ്ചുവര്‍ഷത്തെ ഡിഫക്റ്റ് ലയബിലിറ്റി ഉറപ്പാക്കി ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് പുനരധിവാസ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ കയ്യില്‍ ആരെയും അളക്കാനുള്ള അളവുകോലില്ലെന്നും, എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ മനസില്‍ അങ്ങനെയൊന്നുണ്ടെന്നും പരിഹസിക്കുന്നവര്‍ അത് ഓര്‍ക്കണമെന്നും കെ. രാജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Revenue Minister K. Rajan responds to controversies

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more