| Saturday, 19th July 2025, 7:09 am

പൃഥ്വിരാജിന്റെ ഡേറ്റ് വരെ വാങ്ങിയിട്ടും ജ്യോതിക പറഞ്ഞതുകൊണ്ട് ആ സിനിമയില്‍ എനിക്ക് സൂര്യയെ വിളിക്കേണ്ടി വന്നു: രേവതി വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പരസ്യചിത്രമേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് രേവതി വര്‍മ. റെക്‌സോണ, കാഡ്ബറീസ്, ഹ്യുണ്ടായ് തുടങ്ങിയവയുടെ പരസ്യചിത്രങ്ങള്‍ രേവതി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിലും രേവതി തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ജ്യോതികയെ നായികയാക്കി 2006ല്‍ ജൂണ്‍ ആര്‍ എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്.

ജ്യോതികക്ക് പുറമെ ഖുശ്ബു, സരിത, ബിജു മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തില്‍ അതിഥിവേഷത്തില്‍ സൂര്യയും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ വേഷത്തിലേക്ക് ആദ്യം ഉദ്ദേശിച്ചത് പൃഥ്വിരാജിനെയായിരുന്നെന്ന് പറയുകയാണ് രേവതി എസ്. വര്‍മ. മല്ലിക സുകുമാരനെ തനിക്ക് പരിചയമുണ്ടായിരുന്നെന്നും അതുവഴിയാണ് പൃഥ്വിരാജിനോട് കഥ പറഞ്ഞതെന്നും രേവതി പറഞ്ഞു.

പൃഥ്വിയോട് കഥ പറഞ്ഞെന്നും അയാളുടെ ഡേറ്റ് വാങ്ങിയെന്നും രേവതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷൂട്ട് ആരംഭിച്ചപ്പോള്‍ ജ്യോതിക തന്നോട് സംസാരിച്ചെന്നും ഗസ്റ്റ് റോളിലേക്ക് സൂര്യ വന്നാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞെന്നും അവര്‍ പറയുന്നു. ഒടുവില്‍ പൃഥ്വിയെ മാറ്റി സൂര്യയെ തനിക്ക് കാസ്റ്റ് ചെയ്യേണ്ടി വന്നെന്നും രേവതി വര്‍മ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രേവതി വര്‍മ ഇക്കാര്യം പറഞ്ഞത്.

‘ആദ്യത്തെ സിനിമയാണ് ജൂണ്‍ ആര്‍. ആ സിനിമയുടെ കാസ്റ്റിങ്ങെല്ലാം ആദ്യമേ ഫിക്‌സ് ചെയ്തതായിരുന്നു. നായികയായി ജ്യോതികയും പിന്നെ ഖുശ്ബു അങ്ങനെ. ഗസ്റ്റ് റോളിലേക്ക് ആദ്യം ഉദ്ദേശിച്ചത് പൃഥ്വിരാജിനെയായിരുന്നു. മല്ലിക സുകുമാരനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. അങ്ങനെയാണ് പൃഥ്വിയിലേക്ക് എത്തിയത്. അദ്ദേഹം ഓക്കെ പറയുകയും ചെയ്തു.

എന്നാല്‍ പിന്നീട് ജ്യോതിക എന്നോട് സംസാരിച്ചു. ‘ആ ഗസ്റ്റ് റോളിലേക്ക് സൂര്യ വന്നാല്‍ നന്നായിരിക്കും, ഇങ്ങനെയുള്ള കഥകള്‍ അയാള്‍ക്ക് ഇഷ്ടമാണ്. ഒന്ന് ചോദിക്കമോ?’ എന്ന് എന്നോട് പറഞ്ഞു. അങ്ങനെ ജ്യോതിക കാരണം ആ വേഷത്തിലേക്ക് സൂര്യയെ വിളിച്ചു. പൃഥ്വിരാജിനോട് എനിക്ക് പിന്നീട് സോറി പറയേണ്ടി വന്നു,’ രേവതി പറയുന്നു.

രേവതി വര്‍മയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ജൂണ്‍ ആര്‍. ആദ്യം ഹിന്ദിയില്‍ ചിത്രീകരിക്കാനുദ്ദേശിച്ച സിനിമ പിന്നീട് തമിഴില്‍ ഒരുക്കുകയായിരുന്നു. 2006ല്‍ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയിരുന്നില്ല. ഈ ചിത്രം പിന്നീട് ഹിന്ദിയില്‍ റീമേക്ക് ചെയ്യുകയും ചെയ്തു.

Content Highlight: Revathy Varma about the casting in her debut film

We use cookies to give you the best possible experience. Learn more