| Sunday, 8th November 2026, 3:11 pm

മലർ മിസ്സിനെ കമ്പയർ ചെയ്തിട്ടുള്ള ഡയലോഗുള്ളതുകൊണ്ട് ടെൻഷനുണ്ടായിരുന്നു: രേവതി ശർമ്മ

അനുപമ കെ. സീത

ഓഗസ്റ്റ് 16, 1947 എന്ന തമിഴ് സിനിമയിലൂടെയാണ് നടി രേവതി ശർമ്മ വെള്ളിത്തിരയിലേക്കെത്തിയത്. അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത തലവര എന്ന ചിത്രത്തിൽ നടൻ അർജുൻ അശോകന്റെ നായികയായിട്ട് മലയാള സിനിമയിലും ചുവടുവെപ്പ് നടത്തി. ചിത്രത്തിൽ സന്ധ്യ എന്ന കഥാപാത്രമായാണ് നടി വേഷമിട്ടത്. റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന ബൗമയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സിനിമയിൽ സൺസെറ്റ് എന്ന പ്രധാന കഥാപാത്രമായാണ് നടിയെത്തുന്നത്.

ഇപ്പോഴിതാ പുതിയ സിനിമയായ ബൗമയെക്കുറിച്ചും മലയാള സിനിമയില്‍ എത്തണമെന്ന തന്റെ ആഗ്രഹത്തെ പറ്റിയും തലവര ഇറങ്ങുമ്പോൾ തനിക്കുണ്ടായിരുന്ന ടെൻഷൻസിനെ പറ്റിയും സംസാരിക്കുകയാണ് രേവതി ശർമ്മ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കു വെച്ചത്.

ബൗമ.Photo.Youtube.com

‘സിനിമയിൽ അഭിനയിക്കുക എന്നത് തന്നെ എന്റെ മനസിൽ ഉണ്ടായിരുന്നില്ല. പിന്നെ തമിഴ് സിനിമ ചെയ്ത് തുടങ്ങിയപ്പോൾ എനിക്ക് മലയാളത്തിൽ വരണമെന്നായി. എന്റെ സ്വപ്നമായിരുന്നു മലയാളത്തിലേക്ക് വരണമെന്നുള്ളത്. ‘ഇത് പറ്റില്ല എന്തിനാ വെറുതെ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു ഞാനപ്പോൾ ചിന്തിച്ചത്. ഓഡിഷൻസൊക്കെ ചെയ്തിരുന്നു. പക്ഷേ ഒന്നും വർക്കായില്ല. തലവര മാറാനും തലവര എന്ന സിനിമ സംഭവിക്കാനും കുറച്ച് സമയമെടുത്തു.

തലവര റിലീസാവുമ്പോൾ പേടിയുണ്ടായിരുന്നു. ഒരു ഡയലോഗിൽ മലർ മിസ്സിനെ കമ്പയർ ചെയ്തിട്ട് പറയുന്നുണ്ടായിരുന്നു. ഫസ്റ്റ് പടത്തിൽ തന്നെ ഇങ്ങനെയൊക്കെ ചെയ്താൽ ആളുകളൊക്കെ വെറുതെ കളിയാക്കുമോ ട്രോളാക്കുമോ എന്നൊക്കെയായിരുന്നു പേടി. പക്ഷേ ആളുകൾ എന്നെ അക്സപ്റ്റ് ചെയ്തു. പ്രേക്ഷകരിൽ നിന്നും സന്ധ്യ എന്ന കഥാപാത്രത്തിന് കിട്ടിയ അത്രയും സ്നേഹം വേറൊരു വേഷത്തിനും മുമ്പ് എനിക്ക് കിട്ടിയിട്ടില്ല.

ബൗമ സ്റ്റാർട്ട് ചെയുമ്പോൾ തന്നെ ഇത്രയും ക്യാരക്ടേഴ്‌സ് ഉണ്ടെന്നും ഇമ്പോർട്ടന്റായ ക്യാരക്ടേഴ്സാണെന്നും അറിയാമായിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപെട്ട സംഭവം. തീർച്ചയായും റെജിൻ ചേട്ടനെയും ഇഷ്ടമാണ്. കാരണം അദ്ദേഹം എന്നെ മേക്ക് ചെയ്തിരിക്കുന്ന വൈബും ചിന്തിക്കുന്ന രീതിയുമൊക്കെ ഇൻട്രസ്റ്റഡായിരുന്നു,’ താരം പറഞ്ഞു.

മിസ്റ്ററി- ത്രില്ലർ പ്രമേയമാക്കി ഒരുക്കിയിട്ടുള്ള സിനിമയിൽ ദിലീഷ് പോത്തൻ, സാഗർ സൂര്യ, ലെന, രേവതി, ജാഫർ ഇടുക്കി, മണിക്കുട്ടൻ, വിനീത് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അറ്റൂസ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. നവംബർ 12നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

Content Highlight: Revathy Sharma said she was tense because a dialogue compared her to Malar Miss.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more