| Sunday, 13th July 2025, 3:19 pm

എന്റെ സ്വഭാവത്തില്‍ നിന്ന് ഒരുപാട് വ്യത്യാസമുള്ള കഥാപാത്രം, ആ മലയാളസിനിമ ഇന്നും ഞാന്‍ ആസ്വദിക്കുന്നു: രേവതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാരതിരാജ സംവിധാനം ചെയ്ത മണ്‍ വാസനൈ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് രേവതി. മലയാളത്തില്‍ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ രേവതി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. സംവിധാനരംഗത്തും രേവതി തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

കരിയറില്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഇന്നും ഇഷ്ടമുള്ള ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രേവതി. ആദ്യചിത്രമായ മണ്‍ വാസനൈ തനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണെന്ന് രേവതി പറഞ്ഞു. ആ ചിത്രത്തിലെ പ്രകടനം തനിക്ക് ഇനിയൊരിക്കലും ആവര്‍ത്തിക്കാനാകില്ലെന്നും താരം പറയുന്നു. മൗന രാഗത്തിലെ ചില രംഗങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തേവര്‍ മകനും തന്റെ ഇഷ്ടസിനിമകളുടെ പട്ടികയിലുണ്ടെന്നും മലയാളസിനിമകള്‍ അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കിലുക്കമാണെന്നും താരം പറഞ്ഞു. തന്റെ സ്വഭാവത്തില്‍ നിന്ന് ഒരുപാട് വ്യത്യാസമുള്ള കഥാപാത്രമായിരുന്നു അതെന്നും ഇന്നും താന്‍ ആ സിനിമ ആസ്വദിക്കുന്നുണ്ടെന്നും രേവതി പറയുന്നു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ ചെയ്ത സിനിമകളില്‍ ഇഷ്ടമുള്ളവ വളരെ കുറച്ച് മാത്രമേയുള്ളൂ. മണ്‍ വാസനൈയാണ് ആ ലിസ്റ്റില്‍ ആദ്യത്തേത്. കാരണം, ആ സിനിമയിലെ പെര്‍ഫോമന്‍സ് എനിക്ക് ഒരിക്കലും ഇനി ആവര്‍ത്തിക്കാന്‍ സാധിക്കില്ല. അതുപോലെ മൗന രാഗത്തിലെ ചില രംഗങ്ങള്‍ എനിക്ക് ഇഷ്ടമാണ്. മറുപടിയും എന്ന സിനിമയും ഇഷ്ടമാണ്. പക്ഷേ ആ സിനിമ പറയുന്ന എല്ലാ കാര്യവും അംഗീകരിക്കാന്‍ എനിക്ക് കഴിയില്ല.

അതുപോലെ തേവര്‍ മകന്‍ എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. കിലുക്കവും ഞാന്‍ ഒരുപാട് ആസ്വദിച്ച് ചെയ്ത ചിത്രമാണ്. എന്റെ സ്വഭാവത്തില്‍ നിന്ന് ഒരുപാട് മാറിനില്‍ക്കുന്ന തരത്തിലുള്ള കഥാപാത്രമാണ് അത്. ഇപ്പോള്‍ കാണുമ്പോള്‍ പോലും ഞാന്‍ ഒരുപാട് ആസ്വദിച്ച് കാണുന്ന ചിത്രമാണ് കിലുക്കം,’ രേവതി പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രമാണ് കിലുക്കം. ജഗതി ശ്രീകുമാര്‍, തിലകന്‍, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം അക്കാലത്തെ ഏറ്റവും വലിയ വിജയമായി മാറി. ഇന്നും സിനിമാപ്രേമികളുടെ ഇടയില്‍ ക്ലാസിക്കായി നില്‍ക്കുന്ന സിനിമ കൂടിയാണ് കിലുക്കം. മലയാളത്തില്‍ നിന്ന് ആദ്യമായി രണ്ട് കോടിക്കുമുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമ കൂടിയാണ് കിലുക്കം.

Content Highlight: Revathy saying she enjoys Kilukkam movie very much

We use cookies to give you the best possible experience. Learn more