കൊച്ചി: എ.എം.എം.എയില്‍ നിന്ന് രാജിവെക്കുന്നതായി നടിമാരായ രേവതിയും പത്മപ്രിയയും. രേവതി സമൂഹമാധ്യങ്ങളില്‍ പങ്കുവച്ച പ്രസ്താവനയിലൂടെയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ടല്ല രാജിയെന്നും ദീര്‍ഘകാലമായി തുടരുന്ന പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. സംഘടനയുമായി ബന്ധപ്പെട്ട് അസമത്വത്തിന്റെ ഘടനകളാണ് തുടരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
‘ഇന്ന് ഞങ്ങള്‍ എ.എം.എം.എയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണ്. ദേഷ്യത്തോടെയോ ധൃതിപ്പെട്ടോ അല്ല,’ എന്ന് ഈ പ്രസ്താവന പങ്കുവെക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ രേവതി പറഞ്ഞു.’ഇത് എ.എം.എം.എയില്‍ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു,’ എന്ന് പറഞ്ഞാണ് പ്രസ്താവന ആരംഭിക്കുന്നത്.
‘ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യ പരിഗണന. എല്ലാവര്‍ക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങള്‍ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.
ഉത്തരം മൗനവും അകല്‍ച്ചയുമായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളില്‍ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങള്‍ തുടര്‍ന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയെയും അതിജീവിക്കാനുള്ള അപൂര്‍വമായ കരുത്തുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഉണ്ടായ രാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തിയെന്നും രേവതിയുടെയും പത്മപ്രിയയുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അധികാരത്തിന്റെ മുഖങ്ങള്‍ മാറും. രീതികള്‍ മാറും. എന്നാല്‍ അസമത്വത്തിന്റെ ഘടനകള്‍ മാറ്റമില്ലാതെ തുടരുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എ.എം.എം.എ രൂപം കൊണ്ട് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്. എന്നാല്‍ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് ക്രമേണ സംഘടനയെ ദുര്‍ബലപ്പെടുത്തി. ഈ ഘട്ടത്തില്‍ അത് ഞങ്ങളുടെ പടിയിറങ്ങല്‍ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്.
മുമ്പ് നേരിട്ട അതേ പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാന്‍ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
‘മികവുറ്റ ചലച്ചിത്ര ശ്രമങ്ങള്‍ക്കായി ഞങ്ങള്‍ യാത്ര തുടരും, സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും, നീതിയുകതമായ തൊഴില്‍ മേഖല ഉറപ്പാക്കാനും. ഞങ്ങള്‍ക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തില്‍ നിന്നും രേഖപ്പെടുത്തുന്നു,’ എന്നും പ്രസ്താനയില്‍ പറയുന്നു.
‘സംഘടനയുടെ നിലനില്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങള്‍ വിട പറയുന്നു,’ എന്ന് പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.
Content Highlight: Revathy and padmapriya Announced Resignation From A.M.M.A